നിപ: മസ്തിഷ്‌കജ്വരം ബാധിച്ചവരുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച് ആരോഗ്യവകുപ്പ് 
Nipah

നിപ: മസ്തിഷ്‌കജ്വരം ബാധിച്ചവരുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച് ആരോഗ്യവകുപ്പ് 

THE CUE

THE CUE

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമാനമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ഇന്നലെ വൈകീട്ട് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോക്ടര്‍ രാജന്‍ എന്‍ ഖോബ്രഗഡെയാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോട് ആവശ്യപ്പെട്ടത്. മൂന്നാഴ്ചക്കുള്ളില്‍ ചികിത്സ തേടിയവരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്.

സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ വിവരങ്ങളും ശേഖരിക്കും. ഇവരുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകളിലെ രോഗ ലക്ഷണങ്ങള്‍ പരിശോധിക്കുകയാണ് മെഡിക്കല്‍ ഓഫീസര്‍മാര്‍. ഇന്ന് രാവിലെ മുതല്‍ പരിശോധന ആരംഭിച്ചു.

നിപ വൈറസ് ബാധ സംശയിച്ച ഘട്ടത്തില്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ മസ്തിഷ്‌ക ജ്വരം ബാധിച്ചവരുടെ വിവരം ശേഖരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എറണാകുളത്തെ രോഗിക്ക് മസ്തിഷ്‌ക ജ്വരം പിടിപെട്ടതിനാലാണ് സമാനമായ കേസുകളുണ്ടോയെന്ന് ആരോഗ്യവകുപ്പ് പരിശോധിക്കുന്നത്.

മസ്തിഷ്‌ക ജ്വരം കേസുകള്‍ വിവിധ ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും അത് നിപയല്ലെന്ന് ആരോഗ്യവകുപ്പ് നേരത്തെ വിശദീകരിച്ചിരുന്നത്. രോഗികളുടെ സാമ്പിളുകള്‍ ലാബ് പരിശോധനയ്ക്ക അയക്കണമെന്ന് ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലത്ത് നിപ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ കര്‍ശന നിരീക്ഷണം നടത്തുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടറും വ്യക്തമാക്കിയിരുന്നത്.

ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഇനത്തിലെ വൈറസാണ്. വൈറസ് ബാധയുണ്ടായാല്‍ അഞ്ച് മുതല്‍ പതിനാല് ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. രോഗലക്ഷണങ്ങള്‍ വന്ന് രണ്ട് ദിവസത്തിനുള്ളില്‍ രോഗി കോമ സ്‌റ്റേജിലാകും. ഇതിനൊപ്പം മസ്തിഷ്‌ക ജ്വരവും ഉണ്ടായേക്കും.

The Cue
www.thecue.in