കൊടകര കുഴല്‍പ്പണം; ബിജെപിക്ക് അഴിക്കും തോറും മുറുകുന്ന കുരുക്ക്‌

കൊടകരയിലെ ഒരു കവര്‍ച്ചാ കേസില്‍ തുടങ്ങിയ അന്വേഷണം ക്വട്ടേഷന്‍ സംഘത്തില്‍ നിന്ന് ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിലെത്തിയിരിക്കുന്നു. ഒരു ക്രിമിനല്‍ കേസ് എന്നതിനപ്പുറം ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാന്‍ വന്‍ തോതിലൊഴുക്കിയ കള്ളപ്പണത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കള്ളപ്പണം ഇല്ലാതാക്കാനാണ് നോട്ടുനിരോധനമെന്ന് പ്രഖ്യാപിച്ച, ഹവാല ഇടപാട് രാജ്യദ്രോഹമെന്ന് ആവര്‍ത്തിക്കുന്ന ഒരു ദേശീയ പാര്‍ട്ടിയുടെ സംസ്ഥാന ഘടകമാണ് കുഴല്‍പ്പണക്കേസില്‍ കുരുങ്ങിനില്‍ക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ചോദ്യം ചെയ്തേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

രാജ്യത്തെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ ഇലക്ടറല്‍ ബോണ്ട് സംവിധാനത്തിന് രൂപം നല്‍കിയ കേന്ദ്രസര്‍ക്കാര്‍ അഴിമതി നിയമാനുസൃതമാക്കുകയായിരുന്നു. 2020 ജനുവരിയില്‍ പുറത്ത് വന്ന കണക്കുകളെല്ലാം സൂചിപ്പിച്ചത് ഇലക്ട്രല്‍ ബോണ്ടുകള്‍ വഴിയുള്ള 61 ശതമാനം സംഭാവനയും ബിജെപിക്കാണ് ലഭിച്ചതെന്നാണ്. നോട്ട് നിരോധനം ഒരു മുന്നറിയിപ്പുമില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചപ്പോള്‍ ദേശവിരുദ്ധ ശക്തികളെ നിയന്ത്രിക്കാനും കള്ളപ്പണം പിടിച്ചുകെട്ടാനുമാണ് എന്നായിരുന്നു അവകാശപ്പെട്ടത്.

പക്ഷേ കള്ളപ്പണം ഒഴുകുന്നത് ബിജെപിയുടെ അക്കൗണ്ടിലേക്കാണോ എന്ന് സംശയിക്കത്തക്ക വിധത്തില്‍ അനേകം സംഭവങ്ങളാണ് പിന്നീടുണ്ടായത്.

ജനാധിപത്യ സംവിധാനങ്ങള്‍ പണമെറിഞ്ഞ് പിടിച്ചെടുക്കുന്ന ബിജെപിയുടെ നീക്കങ്ങള്‍ ഇന്ന് അസ്വാഭാവികമോ അവിശ്വസനീയമോ അല്ലാതായിരിക്കുന്നു.ഈ ഘട്ടത്തിലാണ് ഒറ്റ സീറ്റിന്റെ ആത്മവിശ്വസത്തില്‍ കേരളം പിടിച്ചെടുക്കാനിറങ്ങിയ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ഉപയോഗിച്ച കോടികളുടെ ഇടപാടുകള്‍ വെളിപ്പെട്ട് വരുന്നത്.

കൊടകര കുഴല്‍പ്പണ കേസിന്റെ നാള്‍വഴികള്‍ നോക്കാം

തൃശൂര്‍- എറണാകുളം ഹൈവേയില്‍ നടന്ന ഒരു അപടകത്തില്‍ നിന്നും തുടര്‍ന്ന് നടന്ന കവര്‍ച്ചയില്‍ നിന്നുമാണ് കേരളത്തിലെ ബിജെപി നേതൃത്വത്തെ മുഴുവന്‍ ആരോപണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന കൊടകര കുഴല്‍പ്പണക്കേസിന്റെ തുടക്കം. വണ്ടിയോടിച്ചിരുന്നത് ഷംജീര്‍ ഷംസുദ്ദീന്‍ എന്ന ഡ്രൈവറാണ്. അദ്ദേഹം തന്നെയാണ് താന്‍ ഓടിച്ചിരുന്ന വാഹനത്തില്‍ നിന്ന് 25 ലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പട്ടുവെന്ന പരാതി ആദ്യം ഉന്നയിക്കുന്നതും. പണത്തിന്റെ ഉടമ ധര്‍മ്മരാജനായിരുന്നു.

തന്റെ സുഹൃത്തും യുവ മോര്‍ച്ച മുന്‍ സംസ്ഥാന ട്രഷററുമായിരുന്ന സുനില്‍ നായിക് ബിസിനസ് ആവശ്യത്തിന് വേണ്ടി തന്ന 25 ലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പെട്ടു എന്നായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ധര്‍മ്മരാജന്‍ പൊലീസിന് നല്‍കിയ പരാതി. സുനില്‍ നായിക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനുമായി ബന്ധമുള്ള നേതാവുമാണ്. ഏപ്രില്‍ മൂന്നിനാണ് കൊടകരയില്‍ കവര്‍ച്ച നടന്നതെങ്കിലും നാല് ദിവസം കഴിഞ്ഞാണ് ധര്‍മ്മരാജന്‍ പൊലീസില്‍ പരാതി നല്‍കിയത്.

സര്‍ക്കാരിനെ എതിര്‍ക്കുന്നവരെ മുഴുവന്‍ കള്ളപ്പണം, രാജ്യദ്രോഹം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ആരോപിച്ച് വേട്ടയാടുന്ന് കേന്ദ്ര സര്‍ക്കാര്‍ അതിഗുരുതരമായ ഈ കേസില്‍ എന്ത് നിലപാടാണ് എടുക്കുക. വിദ്യാര്‍ത്ഥികള്‍ മുതല്‍, സാമൂഹിക പ്രവര്‍ത്തകര്‍, അധ്യാപകര്‍ തുടങ്ങി അനേകം പേരെയാണ് രാജ്യദ്രോഹ ചുമത്തി ദേശവിരുദ്ധര്‍ എന്ന് മുദ്രകുത്തി സ്വതന്ത്ര ഇന്ത്യയില്‍ ജയിലില്‍ അടച്ചിരിക്കുന്നത്. ദേശവിരുദ്ധ പ്രവര്‍ത്തനത്തില്‍ പട്ടികയില്‍ തന്നെ കേരളത്തിലെ ബിജെപി ഘടകത്തിനെതിരെ ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന കേസ് പെടുത്തുമോ എന്നതാണ് ചോദ്യം

പക്ഷേ കേസന്വേഷിച്ച പൊലീസ് കവര്‍ച്ച ചെയ്യപ്പെട്ടു എന്ന് ധര്‍മ്മരാജന്‍ പറഞ്ഞതിന്റെ എത്രയോ മടങ്ങ് തുകയാണ് കണ്ടെത്തിയത്. ഇതുവരെയുള്ള അന്വേഷണത്തില്‍ കോഴിക്കൂട്ടില്‍ ഒളിപ്പിച്ചു വെച്ച നിലയിലും മറ്റുമായി പൊലീസ് ഒരു കോടിയിലധികം രൂപ പിടിച്ചെടുത്തിട്ടുണ്ട്. മൂന്നരകോടി രൂപയാണ് കവര്‍ച്ച ചെയ്യപ്പെട്ടത് എന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കവര്‍ച്ച ആസൂത്രണം ചെയ്ത ധര്‍മ്മരാജന്റെ ഡ്രൈവറുടെ സഹായി ആയിരുന്ന റഷീദ് ഉള്‍പ്പെടെ 19 ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ധര്‍മ്മരാജന്‍ പറഞ്ഞത് പോലെ 25 ലക്ഷമല്ല പോയത്, മൂന്നര കോടിയോളമാണ് കവര്‍ച്ച ചെയ്യപ്പെട്ടത് എന്ന് പൊലീസ് കണ്ടെത്തുന്നതും. തുടര്‍ന്ന് ധര്‍മ്മരാജനിലൂടെ തുടങ്ങിയ അന്വേഷണം ക്വട്ടേഷന്‍ സംഘവും കടന്ന് ബിജെപിയുടെ ഉന്നത നേതാക്കളിലെത്തിയിരിക്കുകയാണ്.

കുഴല്‍പ്പണം കവര്‍ച്ച പോയാലും പരാതിപ്പെടാന്‍ സാധ്യതയില്ലെന്ന ക്വട്ടേഷന്‍ സംഘത്തിന്റെ ആത്മവിശ്വാസത്തിന് പ്രഹരം ഏല്‍പ്പിച്ചുകൊണ്ടാണ് ധര്‍മ്മരാജന്‍ പൊലീസില്‍ പരാതിയുമായി പോയത്. ആ പരാതി ഇന്ന് കള്ളപ്പണവും ഹവാല ഇടപാടുകളുമെല്ലാം നിയന്ത്രിക്കാന്‍ സന്ധിയില്ലാത്ത സമരത്തിന് ഇറങ്ങി എന്ന് സ്വയം അവകാശപ്പെടുന്ന ബിജെപി എന്ന, രാജ്യം ഭരിക്കുന്ന പാര്‍ട്ടിയെ ചുരുങ്ങിയ പക്ഷം കേരളത്തിലെങ്കിലും വലിയ നാണക്കേടിലാക്കിയിരിക്കുകയാണ്. ജനാധിപത്യ രീതികളെ അട്ടിമറിക്കാന്‍ അവര്‍ നടത്തുന്ന കോടികളുടെ കുതിരകച്ചവടത്തിന്റെ കണക്കുകള്‍ കേരളത്തില്‍ മുന്നില്‍ തുറന്നു വെച്ചിരിക്കുകയാണ് കൊടകര കുഴല്‍പ്പണ കേസ്.

35 സീറ്റുമതി ആര് കേരളം ആര് ഭരിക്കണമെന്ന് തങ്ങള്‍ തീരുമാനിക്കുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പ്രസ്താവനകളിലെ ആത്മവിശ്വാസം കണക്കില്ലാതെ ഒഴുകിയെത്തുന്ന ഈ കുഴല്‍പ്പണത്തിലായിരുന്നോ എന്ന് സംശയിച്ചാലും തെറ്റ് പറയാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. ഈ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യപ്പെടുന്നവരെല്ലാം ബിജെപി നേതാക്കളാണ്. പണവുമായി സഞ്ചരിച്ച ധര്‍മ്മരാജന്‍ ഉള്‍പ്പെടെയുള്ള സംഘത്തിന് താമസിക്കാന്‍ മുറി ബുക്ക് ചെയ്തു കൊടുത്ത് തൃശ്ശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാണ്. ചോദ്യം ചെയ്യപ്പെടുന്നവരില്‍ ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ മുതല്‍ ട്രഷറര്‍മാര്‍ വരെയുണ്ട്.

ഏപ്രില്‍ 2 ന് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് വിളിച്ച് പറഞ്ഞാണ് ഹോട്ടല്‍ നാഷണല്‍ ടൂറിസ്റ്റ് ഹോമില്‍ 315, 316 എന്നീ റൂമുകളിലായി രണ്ട് കാറിലായെത്തിയ സംഘം താമസിച്ചത്. തങ്ങള്‍ തന്നെയാണ് മുറി ബുക്ക് ചെയ്തത് എന്ന് ഓഫീസ് സെക്രട്ടറി സതീഷിനെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ അനീഷിനെ പൊലീസ് ചോദ്യം ചെയ്തത്.

സംസ്ഥാന സെക്രട്ടറി എം.ഗണേഷിനെ ചോദ്യം ചെയ്തപ്പോള്‍ ധര്‍മ്മരാജനുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. കവര്‍ച്ച ചെയ്യപ്പെട്ടതിന് ശേഷം ധര്‍മ്മരാജനും എം.ഗണേഷുമായി ബന്ധപ്പെട്ട ഫോണ്‍ രേഖകളുടെ വിവരങ്ങളായിരുന്നു പ്രധാനമായും പൊലീസ് അന്വേഷിച്ചത്.

സംഘടനാ കാര്യങ്ങള്‍ പറയാന്‍ മാത്രമാണ് വിളിച്ചത് എന്നായിരുന്നു ഗണേഷിന്റെ മൊഴി.പൊലീസ് ചോദ്യം ചെയ്ത ബിജെപി സംസ്ഥാന ഓഫീസ്് സെക്രട്ടറി ഗീരീഷും ആവര്‍ത്തിക്കുന്നത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ധര്‍മ്മരാജനുമായുള്ളത് സംഘടനാതലത്തിലുള്ള ബന്ധം മാത്രമാണ് എന്നാണ്. കുഴല്‍പ്പണക്കേസില്‍ ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെജി കര്‍ത്തയേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. കേസില്‍ പിടിയിലായവരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് കര്‍ത്തയുമായുള്ള ബന്ധം പൊലീസിന് ലഭിച്ചത്. ബിജെപി നേതാക്കള്‍ തന്നെ പല കണ്ണികളായൊരു കേസ് കൂടിയാണ് ചുരുക്കത്തില്‍ കൊടകരയിലേത്.

ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ബിജെപിയുടെ സംസ്ഥാന നേതാക്കളിലേക്ക് അന്വേഷണം നീണ്ടത്. തെക്കന്‍ ജില്ലകളിലെ ബിജെപി എ ക്ലാസ് മണ്ഡലത്തിലേക്കുള്ള പണമാണ് കവര്‍ന്നതെന്നായിരുന്നു സൂചനകള്‍. കെ.സുരേന്ദ്രന്റെ മൊഴിയെടുക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ കള്ളപ്പണത്തില്‍ കൈമലര്‍ത്തി അദ്ദേഹത്തിന്റെ വിശദീകരണം വന്നിട്ടുണ്ട്. ബിജെപിയിലെ വിഭാഗീയത രൂക്ഷമാകുകയും രാജിയിലേക്കും കത്തികുത്തിലേക്കും വരെ നീങ്ങുന്ന സാഹചര്യങ്ങളുമുണ്ടായി. കൊടകര കേസന്വേഷം പുരോഗമിക്കുന്നതിനിടയില്‍ സികെ ജാനുവിനെ എന്‍ഡിഎയിലെത്തിക്കാന്‍ പത്ത് ലക്ഷം രൂപ സുരേന്ദ്രന്‍ കൈമാറിയെന്ന റിപ്പോര്‍ട്ടുകള്‍, തെളിവുകള്‍ സഹിതം പുറത്ത് വരികയും ചെയ്തിരിക്കുന്നു.

നിലവില്‍ കേരള പൊലീസ് ക്രിമിനല്‍ കുറ്റകൃത്യത്തില്‍പ്പെടുത്തിയാണ് കൊടകര കുഴല്‍പ്പണ കേസ് അന്വേഷിക്കുന്നതെങ്കിലും കണക്കില്ലാതെ തെരഞ്ഞെടുപ്പിന് വേണ്ടി ഒഴുകിയെത്തുന്ന പണം ജനാധിപത്യ സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ ആഴമേറിയതാണ്. ഇന്ത്യയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാന്‍ കഴിയുന്ന തുകയ്ക്ക് കൃത്യമായ പരിധികള്‍ നിശ്ചയിച്ചിട്ടുണ്ട്. പണം ഉപയോഗിച്ചുകൊണ്ടുള്ള അട്ടിമറികള്‍ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കൂടിയാണിത്. പക്ഷേ കുഴല്‍പ്പണ ഇടപാടുകളിലൂടെ ഇതെല്ലാം അട്ടിമറിക്കപ്പെടുകയാണ്. കോടികള്‍ മുടക്കി എം.എല്‍.എമാരെയും എം.പിമാരെയും വാങ്ങുന്നതും റിസോര്‍ട്ടുകളില്‍ ഒളിപ്പിക്കുന്നതും സ്വാഭാവികമായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍. കൊടകര കുഴല്‍പ്പണക്കേസില്‍ പ്രത്യാരോപണുയര്‍ത്തി രക്ഷപ്പെടാന്‍ സുരേന്ദ്രനാകില്ല. കള്ളപ്പണ ഇടപാട് രാജ്യത്തിനെതിരെയുള്ള യുദ്ധമായും രാജ്യദ്രോഹമായും തീവ്രവാദ പ്രവര്‍ത്തനത്തിനുള്ള ഇന്ധനമായും കാണേണ്ടതാണെന്ന് മൈക്കിന് മുന്നില്‍ ആവര്‍ത്തിക്കുന്നവരാണ് നരേന്ദ്രമോഡി മുതല്‍ സുരേന്ദ്രന്‍ വരെയുള്ളവര്‍. കൊടകരയില്‍ ഗുരുതര സാമ്പത്തിക കുറ്റകൃത്യത്തിലൂടെ രാജ്യത്തെ അപകടത്തിലാക്കിയവര്‍ സ്വന്തം പാളയത്തിലാണെങ്കില്‍ അവരെ പുറത്തുകൊണ്ടുവരേണ്ടതും പുറത്തേക്ക് കളയേണ്ടതും ബിജെപി സ്വന്തം ഉത്തരവാദിത്വമായി കൂടി എടുക്കണം. സര്‍ക്കാരിനെ എതിര്‍ക്കുന്നവരെ മുഴുവന്‍ കള്ളപ്പണം, രാജ്യദ്രോഹം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ആരോപിച്ച് വേട്ടയാടുന്ന് കേന്ദ്ര സര്‍ക്കാര്‍ അതിഗുരുതരമായ ഈ കേസില്‍ എന്ത് നിലപാടാണ് എടുക്കുക. വിദ്യാര്‍ത്ഥികള്‍ മുതല്‍, സാമൂഹിക പ്രവര്‍ത്തകര്‍, അധ്യാപകര്‍ തുടങ്ങി അനേകം പേരെയാണ് രാജ്യദ്രോഹ ചുമത്തി ദേശവിരുദ്ധര്‍ എന്ന് മുദ്രകുത്തി സ്വതന്ത്ര ഇന്ത്യയില്‍ ജയിലില്‍ അടച്ചിരിക്കുന്നത്. ദേശവിരുദ്ധ പ്രവര്‍ത്തനത്തില്‍ പട്ടികയില്‍ തന്നെ കേരളത്തിലെ ബിജെപി ഘടകത്തിനെതിരെ ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന കേസ് പെടുത്തുമോ എന്നതാണ് ചോദ്യം

Related Stories

No stories found.
The Cue
www.thecue.in