തീവ്രവ്യാപന വൈറസ്, ഇനി ചെയ്യാനുള്ളത്| ഡോ പി ഗോപികുമാർ അഭിമുഖം

സംസ്ഥാനത്ത് കോവിഡ് സുനാമി എന്ന സാഹചര്യമുണ്ടോ

മഹാമാരികളുടെ ചരിത്രം പരിശോധിക്കുകയാണെകിൽ രണ്ടോ മൂന്നോ നാലോ വേവുകൾ വരെ ഉണ്ടാകും. സ്പാനിഷ് ഫ്ലൂ തന്നെയാണ് ഏറ്റവും നല്ല ഉദാഹരണം. അതിന്റെ സെക്കൻഡ് വേവ് സമയത്താണ് ഏറ്റവും കൂടുതൽ ജീവഹാനി ഉണ്ടായിട്ടുള്ളത്. ഏകദേശം അതെ രീതിയിൽ തന്നെയാണ് കോവിഡിനെ സംബന്ധിച്ചിടത്തോളം രണ്ടാം തരംഗം വന്നിട്ടുള്ളത്. പക്ഷെ ഇവിടെ ചില പ്രത്യേകതകൾ ഉണ്ട്. ഒന്നാം തരംഗത്തെ ക്കാൾ അതി തീവ്ര വൈറസുകളാണ് രണ്ടാം തരംഗത്തിൽ വന്നിട്ടുള്ളത്. ജനിതക മാറ്റങ്ങളും ആ വൈറസിന് സംഭവിച്ചിരിക്കുന്നു. ഇന്ത്യയിൽ മുഴുവനായി ആറോ ഏഴോ ജനിതക മാറ്റം വന്ന വൈറസുകൾ ഉണ്ടെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. ഇതിന് തീക്ഷണമായ വ്യാപന ശേഷിയാണ് ഉള്ളത്. പോസറ്റീവ് കേസുകളുടെ ഡബ്ലിങ് റേറ്റ് 20,000 ത്തിൽ നിന്നും 40,000 ആവാൻ വളരെ കുറച്ച് സമയമേ വേണ്ടി വന്നുള്ളൂ. അതെ സമയം കഴിഞ്ഞ വേവിൽ ഇത്തരം മാറ്റത്തിന് മാസങ്ങളോളം വേണ്ടി വന്നു. ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്, വൈറസിന്റെ റീപ്രൊഡക്ടറ്റീവ് റേറ്റ് വളരെ വേഗത്തിൽ വ്യാപിച്ചു കൊണ്ടിരിക്കുകയാണ് എന്നതാണ്. ഒന്നിൽ നിന്നും രണ്ടോ മൂന്നോ ആളിൽ നിന്നായിരുന്നു കഴിഞ്ഞ വേവിൽ രോഗം പടർന്നിരുന്നതെങ്കിൽ ഇപ്പോൾ ഒരുപാട് ആളുകളിലേക്ക്‌ ഒരേ സമയം പെട്ടന്ന് പടർന്ന് പിടിക്കുന്ന അവസ്ഥയാണ് ഉള്ളത്.

രണ്ടാം വേവിന്റെ പ്രത്യേകതകൾ

ഇപ്പോൾ വീട്ടിൽ ഉള്ള ഒരാൾ പോസിറ്റീവ് ആയാൽ ആ വീട്ടിൽ ഉള്ള എല്ലാവരും പോസിറ്റീവ് ആവും എന്നുള്ള കാര്യം തീർച്ചയാണ്. രണ്ടാം വേവിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ പറയുകയാണെങ്കിൽ, രോഗികഉടെ എണ്ണം കൂടുതലായിരിക്കും. രോഗികളുടെ എണ്ണം വർധിക്കുമ്പോൾ അതി തീവ്രമായി രോഗം വരുന്നവരുടെ എണ്ണവും കൂടും. രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരായിരിക്കും എഴുപത് ശതമാനം രോഗികളും. ഇരുപതു ശതമാനത്തിൽ നിന്നും പത്ത് ശതമാനം രോഗികൾക്ക് മാത്രമായിരിക്കും ഐസിയു വെന്റിലേറ്റർ സംവിധാനം വേണ്ടി വരുന്നത്. എന്നാൽ നൂറു രോഗികളുടെ അഞ്ച് ക്ഷമതമാനം എന്ന് പറയുന്നതും ഒരു ലക്ഷം രോഗികളുടെ അഞ്ച് ശതമാനം എന്ന് പറയുന്നതും തമ്മിലുള്ള വ്യത്യാസമാണ് ആശുപത്രി സംവിധാനങ്ങളുടെ പരിമിതകളിലേക്ക് എത്തിക്കുന്ന പ്രധാന ഘടകം. ഇപ്പോഴത്തെ കണക്ക് പരിശോധിക്കുകയാണെങ്കിൽ രണ്ടര ലക്ഷം പോസിറ്റിവ് ആയിട്ടുള്ള രോഗികൾ കേരളത്തിൽ ഉണ്ട്. അവയിൽ രണ്ട് ശതമാനത്തിൽ കൂടുതൽ വെന്റിലേറ്റർ ആവശ്യമുള്ള രോഗികൾ ആയിരിക്കും. ഇങ്ങനെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ആവശ്യമുള്ള വെന്റിലേറ്റർ സൗകര്യങ്ങളോ ഐസിയു ബെഡ്ഡുകളോ ഇല്ലെന്നുള്ളതാണ് വസ്തുത. അത് കൊണ്ട് ആളുകളിലേക്ക്‌ രോഗം പടർന്ന് പിടിക്കുന്നത് തടയുകയാണ് പ്രധാന പോംവഴി. അതിനായി രണ്ട് കാര്യങ്ങളാണ് പ്രധാനമായി ചെയ്യേണ്ടത്. സാമൂഹിക അകലം പാലിക്കുക, രോഗം പടരുന്നത് തടയുക, കൈകൾ സാനിറ്റൈസ് ചെയ്യുക എന്നുള്ളതാണ് ഒന്നാമത്തെ കാര്യം. രണ്ടാമത്തെ കാര്യം വാക്‌സിനേഷനുമായി ബന്ധപ്പെട്ടതാണ്. എല്ലവരും വാക്‌സിനേറ്റഡ് ആയാൽ തന്നെ ഇതുവരെ രോഗം ബാധിച്ചിട്ടില്ലാത്തവർക്ക് രോഗത്തിനെതിരെയുള്ള പ്രതിരോധ ശേഷി ഉണ്ടാകും.

ഒരാഴ്ചത്തെ ലോക്ക് ഡൗണിന് ശേഷം രോഗ വ്യാപനം കുറയുമോ

തീർച്ചയായും രോഗവ്യാപനം കുറയും. അതിനൊരു ശാസ്ത്രീയമായ കാരണം കൂടിയുണ്ട്. എനിക്ക് രോഗം ഉണ്ടെങ്കിൽ മറ്റൊരാളിലേക്ക് പടർന്ന് പിടിക്കാതിരിക്കാനുള്ള സാഹചര്യം ഇല്ലെങ്കിൽ ആ വൈറസ് അവിടം കൊണ്ടും തീരും. അതെ സമയം മറ്റൊരാളിലേക്ക് പടർന്നാൽ അയാളിൽ നിന്നും മറ്റൊരാളിലേയ്ക്ക് പടരും. ഇങ്ങനെയാണ് ഇത് മൾട്ടിപ്ലൈ ചെയ്യുന്നത്. ഈ പത്ത് ദിവസം നമ്മൾ വീടുകളിൽ തന്നെ ഇരുന്നാൽ നമ്മളിൽ ഉള്ള വൈറസിന്റെ ആയുസ്സ് അവിടെ അവസാനിക്കും. പത്ത് ദിവസം കഴിഞ്ഞ് നിങ്ങൾ പുറത്ത് ഇറങ്ങുമ്പോൾ ഒരു പക്ഷെ നിങ്ങളിൽ രോഗം ഉണ്ടെങ്കിൽ പോലും രോഗത്തിന്റെ വ്യാപന ശേഷി കുറവായിരിക്കും. ആദ്യത്തെ നാലോ അഞ്ചോ ദിവസമായിരിക്കും ശരീരത്തുള്ള ഇൻഫെക്ടിവിറ്റി മറ്റുള്ളവരിലേയ്ക്ക് പടരുന്നത്. അതുകൊണ്ടാണ് പത്ത് ദിവസം വീട്ടിൽ തന്നെ ഇരിക്കണമെന്ന് പറയുന്നത്.

ലോക്ക് ഡൗൺ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ഇതുവരെ അനുവർത്തിച്ചിരുന്ന മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. അത് എന്തുക്കൊണ്ട് എന്നൊരു ചോദ്യം വരാം. കഴിഞ്ഞ മാർച്ചിൽ നടത്തിയ പഠനത്തിൽ കേരളത്തിലെ പത്ത് ശതമാനം പേരും രോഗം വന്ന് പോയവരാണ്. ബാക്കിയുള്ള 80 മുതൽ 90 ശതമാനം പേരും വൈറസിനെ നേരിടാനായി തയ്യാറായി നിൽക്കുന്നവരാണ്. അതുകൊണ്ടാണ് ഇത്രയധികം രോഗികളെ ചികിൽസിക്കേണ്ട അവസ്ഥയുണ്ടായത്. മൂന്നാം വേവിനെ സംബന്ധിച്ചിടത്തോളം ഇത്ര തീവ്രമാകുവാൻ സാധ്യത കുറവാണ്. കാരണം ആ സമയം ആകുമ്പോൾ ആളുകളിൽ രോഗം വന്നു പോയവരും വാക്‌സിനേറ്റഡ് ആയവരും കൂടുതൽ ഉണ്ടായിരിക്കും. അതിനാൽ തീവ്രത കുറയാനാണു സാധ്യത. എങ്കിലും ജനിതക മാറ്റം വന്ന വൈറസ് ആണ് വരുന്നതെങ്കിൽ ചിലപ്പോൾ കാര്യങ്ങൾ വീണ്ടും മാറിമറിഞ്ഞേക്കാം .

Related Stories

No stories found.
logo
The Cue
www.thecue.in