മതേതര ജനാധിപത്യ ഭൂപടം വരയ്ക്കാന്‍ മറ്റ് വിഭാഗങ്ങള്‍ നിര്‍ബന്ധിതമാകുമെന്ന സ്വാഭാവിക പ്രസ്താവന, വിവാദത്തില്‍ ഭാസുരേന്ദ്രബാബു
NEWSROOM

മതേതര ജനാധിപത്യ ഭൂപടം വരയ്ക്കാന്‍ മറ്റ് വിഭാഗങ്ങള്‍ നിര്‍ബന്ധിതമാകുമെന്ന സ്വാഭാവിക പ്രസ്താവന, വിവാദത്തില്‍ ഭാസുരേന്ദ്രബാബു

കെ. പി. സബിന്‍

കെ. പി. സബിന്‍

സംഘപരിവാറും നരേന്ദ്രമോദിയും ഹിന്ദു ഇന്ത്യയുടെ ഭൂപടമാണ് വരയ്ക്കുന്നതെങ്കില്‍, മതേതര ജനാധിപത്യ ഭൂപടം വരയ്ക്കാന്‍ മറ്റ് വിഭാഗങ്ങള്‍ നിര്‍ബന്ധിതമാകുമെന്ന സ്വാഭാവിക പ്രസ്താവനയാണ് ബെബിനാറില്‍ നടത്തിയതെന്ന് ഇടതുനിരീക്ഷകന്‍ ഭാസുരേന്ദ്ര ബാബു. തന്റെ വാദത്തില്‍ ഉറച്ചുനില്‍ക്കുന്നതായും ഭാസുരേന്ദ്രബാബു ദ ക്യുവിനോട് പറഞ്ഞു. സിപിഎം അനുകൂല പ്രവാസി സംഘടനയായ നവോദയ കള്‍ച്ചറല്‍ ഈസ്റ്റേണ്‍ പ്രോവിന്‍സ് സംഘടിപ്പിച്ച സത്യാനന്തര രാഷ്ട്രീയം, സാമൂഹ്യ മാധ്യമങ്ങളുടെ കാലത്ത് എന്ന വെബിനാറിലെ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് വിശദീകരണം.

ആ വെബിനാറില്‍ പങ്കെടുത്തുകൊണ്ട് ഞാന്‍ ഇന്ത്യയുടെ പൊതുപരിസ്ഥിതിയെക്കുറിച്ച്, പ്രത്യേകിച്ച് പ്രധാനമന്ത്രി അയോധ്യയില്‍ പോയി രാമക്ഷേത്രത്തിന് കല്ലിടുന്നു എന്നതിനെ സംബന്ധിച്ച് പരാമര്‍ശിക്കുകയുണ്ടായി. മാധ്യമങ്ങള്‍ അതില്‍ വിമര്‍ശക അവബോധം പുലര്‍ത്തിയില്ലെന്നാണ് എന്റെ ആക്ഷേപം. ഞാന്‍ പറഞ്ഞത് ഇതാണ്. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് അദ്ദേഹം എടുത്തിട്ടുള്ള സത്യപ്രതിജ്ഞ പ്രകാരം പ്രധാനമന്ത്രി ഇത്തരമൊരു പ്രവര്‍ത്തി ചെയ്തുകൂട. ഒരു ജനാധിപത്യമതേതര രാജ്യത്തിന്റെ തലവനാണ് പ്രധാനമന്ത്രി. ചീഫ് എക്‌സിക്യുട്ടീവ്. അദ്ദേഹം ഒരു രാജ്യത്ത് ഒരു ക്ഷേത്രത്തിന്റെ കല്ലിടല്‍ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തുകൂട. ക്ഷേത്രത്തിന്റെ അടിസ്ഥാന ശില താന്ത്രിക വിധി പ്രകാരം തന്ത്രിയാണ് ചെയ്യുന്നത് പ്രധാനമന്ത്രിയല്ല.

ഞാന്‍ മാത്രമല്ല കോണ്‍ഗ്രസുകാരും സിപിഐഎമ്മുകാരും സിപിഐക്കാരും മറ്റ് പ്രാദേശിക രാഷ്ട്രീയക്കാരും ഈ നിലക്ക് ഒരു പുതിയ ജനാധിപത്യ ഇന്ത്യ വരക്കുന്നതില്‍ പങ്കാളികളാകാറുണ്ട്. ഉദാഹരണത്തിന് ബീഫിന്റെ പേരില്‍ ഒരാളെ കൊല്ലുമ്പോള്‍ അതിനെതിരെ ബീഫ് ഫെസ്റ്റ് നടത്തുന്നു. ഇങ്ങനെയൊരു പുതിയൊരു ഇന്ത്യയുടെ ഭൂപടം വരക്കുകയാണ് ചെയ്യുന്നത്. 130 കോടി ജനങ്ങളില്‍ ഞാനില്ല എന്ന നിലക്ക് വൈറല്‍ പോസ്റ്റിടുന്ന ഓരോരുത്തരും പുതിയ ഇന്ത്യ വരക്കുകയാണ്. രാജ്യത്ത് ധാരാളം ആളുകള്‍ പുതിയ ഇന്ത്യ വരക്കുന്ന യാഥാര്‍ത്ഥ്യവും നമ്മള്‍ കാണണം.

The Cue
www.thecue.in