ആ എന്നില്‍ നിന്നും ഈ എന്നിലേക്ക് 35 വര്‍ഷത്തെ ദൂരം

ആ എന്നില്‍ നിന്നും ഈ എന്നിലേക്ക് 35 വര്‍ഷത്തെ ദൂരം

വനിതാ ദിനത്തില്‍ സ്ത്രീത്വം ആഘോഷിക്കപ്പെടുമ്പോള്‍ മനസിനൊപ്പം ശരീരവും 'പെണ്ണി'ലേക്കെത്താന്‍ നടത്തിയ യാത്ര. 35 വര്‍ഷം സനൂജായി ജീവിച്ചപ്പോള്‍ സമൂഹം ഏല്‍പ്പിച്ച മുറിവുകളുണ്ട്. നടത്തത്തിലും സംസാരത്തിലും നിരന്തരം ജാഗ്രത പുലര്‍ത്തിയാലും ഗേ മനുഷ്യര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത ഇടമാണെന്നും ശസ്ത്രക്രിയകള്‍ ശരീരത്തില്‍ വരുത്തുന്ന മുറിവുകള്‍ക്ക് സമൂഹമേല്‍പ്പിക്കുന്നവയേക്കാള്‍ വേദന കുറവാണെന്നും സനൂജ് തിരിച്ചറിഞ്ഞിരുന്നു. ആ യാത്രയാണ് വൈഗ സുബ്രഹ്‌മണ്യത്തിലെത്തിയത്. ഇനി വൈഗ സുബ്രഹ്‌മണ്യം പറയുന്നു..

നമ്മള്‍ സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ ഐ(ഞാന്‍) എന്ന് എഴുതും. ആ 'ഞാന്‍' എന്നത് ഞാനെഴുതിയത് കൈ കൊണ്ട് മാത്രമാണ്, മനസ്സ് കൊണ്ടായിരുന്നില്ല. എഴുതി പഠിക്കുന്ന 'ഞാന്‍' എന്നതില്‍ നിന്നും ഇന്നത്തെ 'ഞാന്‍' എന്നതിലേക്ക് 35 വര്‍ഷത്തിന്റെ വലിയ ദൂരമുണ്ട്. ഇപ്പോഴാണ് മനസ്സും ശരീരവും നിറഞ്ഞ് 'ഞാന്‍' എന്നെഴുതുന്നത്.

ജനിച്ചപ്പോള്‍ പുരുഷന്‍മാരുടെ ലിംഗമായിരുന്നു ഉണ്ടായിരുന്നത്. ഇന്‍ര്‍സെക്‌സായിട്ടായിരുന്നില്ല ജനനം. ഒരു ആണ്‍കുട്ടിയുടെ ശരീരത്തോടെ വളരുമ്പോഴാണ് ഉള്ളിലുള്ളത് സ്ത്രീയാണെന്ന് തിരിച്ചറിയുന്നത്. ജന്‍ഡര്‍ സ്ത്രീയും സെക്‌സ് പുരുഷനുമായതിനാല്‍ പൊരുത്തക്കേടുകളുണ്ടായി. പുരുഷന്റെ ശരീരത്തില്‍ സ്ത്രീകളുടെ വസ്ത്രം ധരിച്ച് വേണമെങ്കില്‍ ജീവിക്കാമായിരുന്നു. അതാണ് ട്രാന്‍സ്ജന്‍ഡര്‍. ജന്‍ഡര്‍ മാറുന്നുണ്ടെങ്കിലും സെക്‌സില്‍ മാറ്റമില്ല. അങ്ങനെയല്ല ജീവിക്കേണ്ടതെന്നും ജന്‍ഡറിന് അനുസരിച്ച് സെക്‌സും മാറണമെന്ന് തീരുമാനിച്ച് സര്‍ജറികള്‍ ചെയ്തു.

സര്‍ജറികളിലൂടെ പെണ്‍ ശരീരത്തിലേക്ക്

ആണില്‍ നിന്നും പെണ്ണാകുന്നതിനായി ടോപ്പ് സര്‍ജറിയും ഡൗണ്‍ സര്‍ജറിയും ചെയ്യാം. സ്തനവുമായി ബന്ധപ്പെട്ടതാണ് ടോപ്പ് സര്‍ജറി. ജനനേന്ദ്രിയത്തില്‍ ചെയ്യുന്നതാണ് ഡൗണ്‍ സര്‍ജറി. ബ്രെസ്റ്റ് ഓക്‌മെന്റേഷന്‍ സര്‍ജറിയാണ് ഒരാണായിരുന്ന എനിക്ക് ചെയ്യാന്‍ കഴിയുന്നത്. ബ്രെസ്റ്റ് ആഗ്മെന്റ്റേഷന്‍ സര്‍ജറിയിലൂടെ സ്ത്രീകളുടെത് പോലുള്ള സ്തനമാക്കാം. ഹോര്‍മോണ്‍ ചികിത്സ കഴിഞ്ഞ് ഒന്നര വര്‍ഷത്തിന് ശേഷമാണ് സര്‍ജറി ചെയ്തത്. ആ സര്‍ജറി വലിയ ബുദ്ധിമുട്ടുണ്ടാക്കിയില്ല.

സെക്‌സ് റീ അസൈന്‍മെന്റ് സര്‍ജറിയിലൂടെ(Sex Reassignment Surgery) പീനിസ് കട്ട് ചെയ്ത് വജൈനയാക്കി മാറ്റും. കൂടാതെ ഫേഷ്യല്‍ ഫെമിനൈസേഷന്‍ സര്‍ജറിയും (Facial Feminization Surgery) ചെയ്യാം. സാധാരണ സ്ത്രീകളുടെ മുഖത്തില്‍ നിന്നും ട്രാന്‍സ് വുമണിന്റെ മുഖത്തിന് വ്യത്യാസമുണ്ടാകും. ഫേഷ്യല്‍ ഫെമിനൈസേഷന്‍ സര്‍ജറി പോസ്റ്റമോര്‍ട്ടം പോലെയാണ് ചെയ്യുന്നത്. തല പൊളിച്ചെടുത്ത് സിലിക്കണ്‍ വെക്കുകയും എല്ലുകളുടെ രൂപത്തില്‍ മാറ്റം വരുത്തുകയും ചെയ്യും. ഉള്ളില്‍ നിറയെ സ്‌ക്രൂകളായിരിക്കും. എക്‌സറേയെടുക്കുമ്പോള്‍ വായയിലും തലയിലുമൊക്കെ സ്‌ക്രൂകള്‍ കാണാം.

രാവിലെ ആറുമണി ആരംഭിച്ച സര്‍ജറി രാത്രി പതിനൊന്നരയോടെയാണ് അവസാനിച്ചത്. എഫ്.എഫ്.എസും എസ്.ആര്‍.എസും ഒരുമിച്ചായിരുന്നു. കേരളത്തില്‍ രണ്ട് സര്‍ജറിയും ഒരേ സമയം ചെയ്തവര്‍ വേറെയില്ലെന്നാണ് തോന്നുന്നത്. സര്‍ജറിക്ക് ശേഷം മൂന്ന് ദിവസം ശരിയായി ശ്വസിക്കാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു. പത്ത് ദിവസം ആശുപത്രിയില്‍ കിടന്നു. സഹായത്തിനായി പണം നല്‍കി ഒരാളെ വെച്ചിരുന്നു. വീട്ടിലെത്തിയപ്പോള്‍ ഒരു സുഹൃത്ത് സഹായത്തിനുണ്ടായിരുന്നെങ്കിലും ആ ദിവസങ്ങള്‍ പ്രയാസമുള്ളതായിരുന്നു. തല ഇളക്കാന്‍ പാടില്ല. ബാത്ത് റൂമില്‍ പോകാന്‍ പോലും വലിയ ബുദ്ധിമുട്ടായിരുന്നു.

സര്‍ജറി കഴിഞ്ഞ് 60 ദിവസത്തോളം ഒരേ കിടപ്പിലായിരുന്നു. ഡൗണ്‍ സര്‍ജറിയുടെ വേദന കുറയാന്‍ 50 ദിവസത്തോളമെടുത്തു. ക്രിക്കറ്റ് ബോള്‍ റ്റെസ്റ്റികല്‍സില്‍ തട്ടിയാല്‍ എത്ര വേദനയാണെന്ന് ആണ്‍കുട്ടികള്‍ക്ക് അറിയാം. അത് കട്ട് ചെയ്ത് വജൈനയാക്കി മാറ്റുമ്പോഴുള്ള വേദന എത്ര കടുത്തതായിരിക്കും. ഒരുപാട് വേദന സഹിക്കേണ്ടി വരുന്നുണ്ട്. എന്നാല്‍ സമൂഹം നല്‍കുന്ന വേദനയേക്കാള്‍ വലുതായിരുന്നില്ല അത്. ഇത്ര വേദന സഹിക്കുന്നതെന്തിനാണ് ആണായി ജീവിച്ചാല്‍ പോരേയെന്നാണ് ആളുകളുടെ ചോദ്യം. ആണായി ജീവിക്കാന്‍ നിങ്ങള്‍ അനുവദിക്കാത്തത് കൊണ്ടാണല്ലോ സ്ത്രീയായി മാറിയത്. ഇനി ജീവിതത്തില്‍ എന്ത് വേദന ഉണ്ടായാലും അതിനെ ചിരിച്ച് കൊണ്ട് നേരിടാന്‍ എനിക്ക് കഴിയും. സര്‍ജറി ചെയ്യാതെയും ഒരുപാട് മനുഷ്യര്‍ ഇപ്പോഴും വേദന അനുഭവിച്ച് ജീവിക്കുന്നു. സഹദും പവലും എത്ര വലിയ വേദനയാണ് അനുഭവിച്ചതെന്ന് സമൂഹം മനസിലാക്കണം.

ഡൗണ്‍ സര്‍ജറി ചെയ്യുന്നതിന് മുമ്പ് അതിന്റെ എല്ലാ പ്രയാസങ്ങളും മനസിലാക്കണം. ഇപ്പോള്‍ സര്‍ജറിയുടെ കാര്യത്തില്‍ മെഡിക്കല്‍ സംവിധാനങ്ങള്‍ ഒരുപാട് പുരോഗമിച്ചിട്ടുണ്ട്. മൂന്ന് തരം ഡൗണ്‍ സര്‍ജറിയുണ്ട്. ആകൃതി മാത്രം മാറ്റുന്ന സര്‍ജറിയുണ്ട്. ഇതില്‍ ഇന്റ്റര്‍കോര്‍സ് സാധ്യമാകണമെന്നില്ല. എസ്.ആര്‍.എസ് സര്‍ജറി ചെയ്താല്‍ ഇത് പറ്റും. മൂന്നാമത്തേത് ശരീരത്തില്‍ നിന്നും ചെറുകുടല്‍ കട്ട് ചെയ്‌തെടുത്തുള്ള സര്‍ജറിയാണ്. പീനിസ് ഉള്ളിലൂടെ കട്ട് ചെയ്യും. ഇത് പലതരം ശാരീരിക പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. കുറച്ച് കൂടി ജാഗ്രതയോടെ ചെയ്യേണ്ടതാണ്. ശാരീരിക ആരോഗ്യം പരിഗണിച്ച് മാത്രമേ സര്‍ജറികള്‍ തെരഞ്ഞെടുക്കാവൂ എന്നാണ് ക്വിയര്‍ മനുഷ്യരോട് എനിക്ക് പറയാനുള്ളത്.

പുരുഷനായി അഭിനയിച്ച് ജീവിച്ചു

ഗേയായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവരുണ്ട്. അവരും സമൂഹത്തിന്റെ കളിയാക്കലുകള്‍ മൂലം സ്ത്രീയായി മാറേണ്ടി വരികയാണ്. വര്‍ഷങ്ങളോളം പുരുഷനായി അഭിനയിച്ചു. അങ്ങനെ തന്നെ തുടര്‍ന്ന് ഗേയായി ജീവിക്കാമായിരുന്നു എനിക്ക്. ആ സമയത്ത് കടുത്ത പരിഹാസങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും ഇരയായിരുന്നു. ഒരുപാട് വേദനകള്‍ തിന്നു കഴിഞ്ഞപ്പോള്‍ ശരീരം കീറി മുറിക്കുമ്പോള്‍ ഉണ്ടാകുന്ന വേദനയ്ക്ക് പരിധിയുണ്ടല്ലോയെന്ന് തോന്നി. അങ്ങനെയാണ് സര്‍ജറികള്‍ ചെയ്ത് സ്ത്രീയായി മാറിയത്. ഗേ മാര്യേജ് നിയമപരമായിട്ടില്ലെങ്കിലും ഒരുമിച്ച് ജീവിക്കാമെന്ന സാഹചര്യം വന്നിട്ടുണ്ട്. ഞാന്‍ സ്വത്വം വെളിപ്പെടുത്തുന്ന സമയത്ത് ഗേയായി ജീവിക്കാനുള്ള സാഹചര്യം ഇല്ലായിരുന്നു.

രേഖകളില്‍ മൂന്നാം ലിംഗം

മനുഷ്യരില്‍ ജന്‍ഡര്‍ അടിസ്ഥാനമാക്കി ഒന്ന്,രണ്ട് എന്നൊന്നും പറയാന്‍ കഴിയില്ല. സമൂഹം ഞങ്ങളെ എങ്ങനെയാണ് മൂന്നാം ലിംഗം എന്ന് പറയുന്നതെന്ന് മനസിലാകുന്നില്ല. ഇങ്ങനെ പ്രയോഗിക്കരുതെന്ന് സര്‍ക്കാര്‍ തന്നെ ഉത്തരവിട്ടിട്ടുണ്ട്. എന്നിട്ടും സര്‍ക്കാരിന്റെ പല രേഖകളില്‍ പോലും മൂന്നാം ലിംഗമെന്ന് ഞങ്ങളെ അടയാളപ്പെടുത്തുന്നു. എന്റെ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിലുള്ളത് മൂന്നാം ലിംഗമെന്നാണ്. നിലവിലുള്ള ട്രാന്‍സ്ജന്‍ഡറെന്ന പദമുണ്ട്. അത് തന്നെ ഉപയോഗിച്ചു കൂടേ. മലയാള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പകരം വാക്ക് കണ്ടു പിടിച്ചിട്ടില്ല. ട്രാന്‍സ്ജന്‍ഡര്‍ എന്ന പദവുമായി സമൂഹം പൊരുത്തപ്പെട്ടു കഴിഞ്ഞു. നമ്മുടെ ഭാഷയില്‍ മറ്റ് ഭാഷകളില്‍ നിന്നുള്ള ധാരാളം പദങ്ങളുണ്ട്. ഭാഷയല്ല പ്രശ്‌നം മനുഷ്യരെയും അവരുടെ വികാരങ്ങളെയും മനസിലാക്കുക എന്നതാണ്. സര്‍ക്കാര്‍തലത്തിലും ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.

മനുഷ്യരെ ജീവിക്കാന്‍ അനുവദിക്കൂ

വിദേശ രാജ്യങ്ങളില്‍ കുഞ്ഞ് ജനിക്കുമ്പോള്‍ സെക്‌സ് അസൈന്‍ഡ് അറ്റ് ബര്‍ത്ത് എന്നാണ് പറയുന്നത്. കുഞ്ഞ് ജനിക്കുമ്പോള്‍ ഉള്ള സെക്‌സ് ആണ് അവിടെ അപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. കുട്ടിയുടെ സ്വകാര്യ ഭാഗം പീനിസോ വജൈനയോയെന്ന് നോക്കി ഡോക്ടര്‍മാരും ബന്ധുക്കളും തിരിച്ചറിയുന്നതാണ് ആ കുഞ്ഞിന്റെ സെക്‌സ്. ആ കുഞ്ഞ് വളര്‍ന്ന് വരുമ്പോള്‍ സ്വയം തിരിച്ചറിയുന്നതാണ് ജന്‍ഡര്‍. കുട്ടികള്‍ക്ക് എപ്പോഴും അതിനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. ജന്‍ഡറും സെക്‌സും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകുമ്പോള്‍ ആ വ്യക്തിക്ക് ആത്മവിശ്വാസം കുറവായിരിക്കും. ആണ്, പെണ്ണ് എന്ന് വ്യക്തികളെ സമൂഹം പഠിപ്പിച്ചു കൊണ്ടേയിരിക്കും. അത് ശരിയല്ല. നമ്മളെന്താണെന്ന് തിരിച്ചറിയേണ്ടത് നമ്മളാണ്. ഉള്ളിലുള്ളത് സ്ത്രീയാണോ പുരുഷനാണോയെന്ന് തിരിച്ചറിഞ്ഞ് ജീവിക്കാനുള്ള സാഹചര്യം ഉണ്ടാവണം. പൊതുസമൂഹം അത് അംഗീകരിച്ച് ഇത്തരം മനുഷ്യരെ ജീവിക്കാന്‍ അനുവദിക്കണം. ആളുകള്‍ക്ക് പറഞ്ഞു കൊടുക്കുന്നതില്‍ പരിമിതിയുണ്ട്. ആളുകള്‍ക്ക് താല്‍പര്യമില്ലാത്ത കാര്യങ്ങള്‍ പഠിക്കാന്‍ വിമുഖരായിരിക്കും. കുഞ്ഞ് ജനിച്ച് വളരുമ്പോള്‍ വിദ്യാഭ്യാസം, ജോലി എന്നതൊക്കെ രക്ഷിതാക്കളുടെ താല്‍പര്യ പ്രകാരം അടിച്ചേല്‍പ്പിക്കും. അതുപോലെയാണ് കുട്ടിയുടെ ജന്‍ഡറിന്റെ കാര്യവും ചെയ്തു വരുന്നത്. ജന്‍ഡര്‍ ഏതാണെന്ന് ജനിക്കുമ്പോള്‍ തന്നെ തലച്ചോറിനുള്ളിലുണ്ടാകും. അത് പിന്നീട് തിരിച്ചറിയുന്നു എന്നേയുള്ളു.

സെക്‌സും ജന്‍ഡറും പോലെ സെക്ഷ്വാലിറ്റിയിലും വ്യത്യാസമുണ്ടെന്ന് സമൂഹം തിരിച്ചറിയണം. പുരുഷന്റെ ശരീരവും സ്ത്രീയുടെ മനസും ഉള്ള ഒരാളുടെ ലൈംഗികാകര്‍ഷണം ഒരു സ്ത്രീയോട് ആയിരിക്കാം. ഗേയുടെ ശരീരവും മനസും പുരുഷന്റെത് ആകുമ്പോഴും ആകര്‍ഷണം സ്ത്രീയോടായിരിക്കില്ല. പുരുഷനോടായിരിക്കാം. മനുഷ്യര്‍ പല സെക്‌സില്‍ ജനിക്കും. പല ജന്‍ഡറില്‍ ജീവിക്കും. പല സെക്ഷ്വാലിറ്റിയോടെ ഭൂമിയിലുണ്ടാകും. എല്ലാ മനുഷ്യരെയും സ്വസ്ഥമായും സമാധാനപരമായും ജീവിക്കാന്‍ അനുവദിക്കുക.

ഏതൊരു വ്യക്തിക്കും അവരായി മാറാനായിരിക്കും ഇഷ്ടം. ഞാനായി ജീവിക്കാന്‍ തുടങ്ങിയതോടെ ആത്മവിശ്വാസം ലഭിച്ചു. മുമ്പ് വലിയൊരു ആള്‍ക്കൂട്ടത്തെ നേരിടാന്‍ ബുദ്ധിമുട്ടായിരുന്നു. ഇന്ന് ആയിരക്കണക്കിന് ആളുകളുള്ള വേദികളില്‍ സംസാരിക്കാന്‍ കഴിയുന്നു. എത്ര ഉയര്‍ന്ന പദവിയിലിരിക്കുന്ന വ്യക്തിയുടെയും കണ്ണില്‍ നോക്കി സംസാരിക്കാം. ആത്മവിശ്വാസവും നിലപാടും മനസാന്നിദ്ധ്യവുമുണ്ട്. വിദ്യാഭ്യാസമുണ്ട്. എന്റെ ജന്‍ഡറിനെയോ സെക്‌സിനെയോ ഇന്നൊരാള്‍ കുറ്റം പറഞ്ഞാല്‍ അവരെ വഴക്ക് പറയാതെ കാര്യങ്ങള്‍ മനസിലാക്കി കൊടുക്കാന്‍ കഴിയും. ഞാനായി മാറിയില്ലെങ്കില്‍ ഇതൊന്നും കഴിയുമായിരുന്നില്ല. ഏതൊരു മനുഷ്യനെയും അവനോ അവളോ ആയി ജീവിക്കാന്‍ അനുവദിക്കുക. അതുകൊണ്ട് സമൂഹത്തിന് ഒരു നഷ്ടവും സംഭവിക്കില്ല. സമൂഹത്തില്‍ അടിസ്ഥാന സൗകര്യ വികസനം മാത്രം പോരാ. മനുഷ്യ മനസ്സുകള്‍ വികസിക്കണം.

സഹദിന്റെയും പവലിന്റെയും വിവാദം സമൂഹം അനാവശ്യമായി ഉണ്ടാക്കിയതാണ്. രണ്ട് മനുഷ്യര്‍ പ്രണയിക്കുകയോ സെക്‌സിലേര്‍പ്പെടുകയോ ചെയ്താല്‍ ആര്‍ക്കാണ് പ്രശ്‌നം. വിവാദങ്ങളോടും വിമര്‍ശനങ്ങളോടും പ്രതികരിക്കാതെ ഇന്ത്യന്‍ ഭരണഘടന അവര്‍ക്ക് നല്‍കിയ എല്ലാ ആനുകൂല്യങ്ങളും അനുസരിച്ച് അവരും കുഞ്ഞും ജീവിക്കുന്നു. പ്രശ്‌നങ്ങള്‍ ഇപ്പോഴും സമൂഹത്തിനാണ്. സമൂഹത്തിന്റെ ചിന്താഗതി മാറാന്‍ സമയമെടുക്കുമായിരിക്കും. സര്‍ക്കാരിനും മാധ്യമങ്ങള്‍ക്കുമെല്ലാം ബോധവത്കരണ പരിപാടികളുമായി മുന്നോട്ട് പോകാം.

ആരെയും ആര്‍ക്കും വിമര്‍ശിക്കാം. വീട് മുതല്‍ തൊഴിലിടം വരെയും ഒടുവില്‍ സര്‍ജറിക്ക് വേണ്ടിയും ഒരുപാട് വേദനകള്‍ അനുഭവിച്ച് ജീവിക്കുന്ന ട്രാന്‍സ് മനുഷ്യരെ മനസിലാക്കണമെന്നാണ് അഭ്യര്‍ത്ഥന. നമ്മള്‍ എന്താണോ അതിലേക്ക് എത്താന്‍ ആദ്യം വേണ്ടത് വിദ്യാഭ്യാസമാണെന്നാണ് ട്രാന്‍സ് മനുഷ്യരോട് പറയാനുള്ളത്. അതിലൂടെ നമുക്ക് നമ്മളെ നവീകരിക്കാന്‍ കഴിയും.

Related Stories

No stories found.
logo
The Cue
www.thecue.in