കെ.വി തോമസിനെ പുറത്താക്കിയാല്‍ സി.പി.എമ്മിന് എന്ത് നേട്ടം?

കെ.വി തോമസിനെ പുറത്താക്കിയാല്‍ സി.പി.എമ്മിന് എന്ത് നേട്ടം?

സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ കോണ്‍ഗ്രസ് കടുത്ത നടപടികളിലേക്ക് നീങ്ങുമ്പോള്‍ കെ.വി. തോമസിന്റെ രാഷ്ട്രീയനീക്കം എന്തായിരിക്കുമെന്നതാണ് ചര്‍ച്ചകള്‍. പാര്‍ട്ടിയുടെ വിലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുത്തതിന് ഒരാഴ്ചക്കകം മറുപടി നല്‍കാനാണ് എ.കെ. ആന്റണി അധ്യക്ഷനായ അച്ചടക്കസമിതി നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സെമിനാറില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും പ്രവര്‍ത്തകരുടെ വികാരം ചവിട്ടിമെതിച്ചു പ്രസംഗിക്കാന്‍ പോയെന്നും പാര്‍ട്ടിയെ ഒറ്റുകൊടുത്തുവെന്നും കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍ കുറ്റപത്രം പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസുകാരനായി ഉറച്ചുനില്‍ക്കുമെന്നാണ് ഏറ്റവും ഒടുവിലത്തെ പ്രതികരണത്തിലും കെ.വി തോമസ് ആവര്‍ത്തിച്ചിരിക്കുന്നത്. പാര്‍ട്ടി കടുത്ത നടപടി എടുക്കുന്നതിനായി കാത്തിരിക്കുകയാണ് കെ.വി. തോമസും സി.പി.എമ്മുമെന്നാണ് കോണ്‍ഗ്രസിനകത്തെ ഒരുവിഭാഗം കരുതുന്നത്. കെ. സുധാകരനുള്‍പ്പെടുന്ന നേതൃത്വത്തോട് വിയോജിച്ച് നില്‍ക്കുന്നവരും ഈ നീക്കങ്ങളെ കരുതലോടെയാണ് സമീപിക്കുന്നത്. ഇടഞ്ഞ് നില്‍ക്കുന്ന കെ.വി തോമസ്, ശശി തരൂര്‍, എം.ലിജു തുടങ്ങിയ നേതാക്കളെ സെമിനാറിലേക്ക് ക്ഷണിച്ച് പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കി മുതലെടുക്കാനാണ് സി.പി.എം ശ്രമിച്ചതെന്ന ആരോപണവും കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലുണ്ട്. മറ്റ് ലക്ഷ്യങ്ങളില്ലെന്നാണ് സി.പി.എം. നേതൃത്വം ആവര്‍ത്തിക്കുന്നതെങ്കിലും ഇപ്പോഴും അങ്ങിങ്ങായി മാത്രം ചെഞ്ചായം പൂശിയ എറണാകുളം ജില്ലയെന്ന സ്വപ്‌നത്തിലേക്കും കോണ്‍ഗ്രസിന്റെ കുത്തകയായ ലത്തീന്‍ വോട്ട് ബാങ്കിലേക്കുമാണ് കെ.വി തോമസിന്റെ കണ്ണൂര്‍ യാത്ര വഴി തുറക്കാന്‍ ശ്രമിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

'ലോക്‌സഭ'യില്‍ പിണങ്ങിയ തോമസ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതെ ഇടഞ്ഞുനിന്നപ്പോള്‍ തന്നെ കെ.വി. തോമസ് ഇടതുപക്ഷത്തേക്ക് എത്തുമെന്ന പ്രചാരണങ്ങളുണ്ടായിരുന്നു. കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം നല്‍കി കോണ്‍ഗ്രസ് നേതൃത്വം അനുനയിപ്പിച്ചിരുത്തി. നിയമസഭാ തെരഞ്ഞെടുപ്പിലും കെ.പി.സി.സിയിലെ പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തപ്പോഴും കെ.വി തോമസ് പുറത്തായി. യു.ഡി.എഫ്. കണ്‍വീനര്‍ പദവിയും വെറും വാഗ്ദാനത്തിലൊതുങ്ങി. പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്തെത്തിക്കാന്‍ ഉള്ളിലെ ഒരുവിഭാഗം ശ്രമിക്കുന്നുവെന്ന് കെ.വി. തോമസ് ആരോപിച്ചു. സോണിയാഗാന്ധിയുടെ ഇടപെടലുകളിലൂടെ കെ.വി. തോമസ് പരസ്യ പ്രസ്താവനകളില്‍ നിന്നു പിന്‍വാങ്ങി. രാജ്യസഭാ സീറ്റ് ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ വീണ്ടും ഡല്‍ഹിക്ക് പോകാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ഉള്‍പ്പെടെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തി.

ഡല്‍ഹിയിലെ സ്വാധീനവും പഴയ പോലെയില്ലാതായതോടെ കോണ്‍ഗ്രസില്‍ ഇനിയൊരു ഭാവിയില്ലെന്ന് കെ.വി. തോമസും തിരിച്ചറിഞ്ഞിട്ടുണ്ട്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായുള്ള സൗഹൃദവും കെ.വി. തോമസ്- സി.പി.എം. ബന്ധ ചര്‍ച്ചകളില്‍ ഇടംപിടിച്ചിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കരുതെന്ന നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ചതിലൂടെ പരസ്യമായ വെല്ലുവിളി തന്നെയാണ് കെ.വി. തോമസ് നടത്തിയത്. താന്‍ പാര്‍ട്ടിക്ക് പുറത്തേക്കല്ലെന്നും വ്യക്തമായി പറഞ്ഞു കഴിഞ്ഞു. കോണ്‍ഗ്രസ് നടപടിയെടുത്താല്‍ അണികളുടെ അമര്‍ഷം കുറയ്ക്കാനും കയറിച്ചെല്ലുന്നിടത്ത് സ്വീകാര്യത കൂട്ടാനും എന്നും കോണ്‍ഗ്രസുകാരനെന്ന് ആവര്‍ത്തിച്ച് പറയുന്നതിലൂടെ കഴിയുമെന്ന് കെ.വി തോമസിന് ഉറപ്പുണ്ട്.

ബി.ജെ.പിയുമായി ചേര്‍ന്ന് ദുര്‍ബലപ്പെടുത്തുകയാണ് സി.പി.എം എന്നതാണ് കോണ്‍ഗ്രസിന്റെ പ്രതിരോധം. എന്നാല്‍ സി.പി.എം. വേദികളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുകയെന്ന പതിവ് അവസാനിപ്പിക്കാന്‍ ശ്രമിച്ച കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയതെന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളിലുണ്ട്. കണ്ണൂരില്‍ സി.പി.എമ്മിനെ കണ്ണടച്ച് എതിര്‍ക്കുന്ന അതേ ശൈലി സംസ്ഥാനതലത്തിലും ആവര്‍ത്തിക്കുന്നത് ഗുണകരമാകില്ലെന്ന അഭിപ്രായവുമുണ്ട്.

ക്രിസ്ത്യന്‍ വോട്ട് ബാങ്കും സി.പി.എമ്മിന്റെ പരീക്ഷണങ്ങളും

2021-ല്‍ തുടര്‍ഭരണത്തിലേക്ക് വീശിയ ഇടതുകാറ്റിലും യു.ഡി.എഫ്. കോട്ടയായി എറണാകുളം ഉറച്ച് നിന്നു. 9 മണ്ഡലങ്ങളില്‍ യു.ഡി.എഫും അഞ്ചിടത്ത് എല്‍.ഡി.എഫും. 2016-ലെ അതേ സീറ്റുനില. നാല് മണ്ഡലങ്ങളില്‍ ട്വന്റി 20 യു.ഡി.എഫിന് തിരിച്ചടിയായി. കുന്നത്തുനാടും കളമശേരിയും കൈവിട്ടപ്പോള്‍ തൃപ്പൂണിത്തുറ തിരിച്ചുപിടിച്ചത് യു.ഡി.എഫിന് ആശ്വാസമായി.

യാക്കോബായ, ഓര്‍ത്തഡോക്‌സ് പള്ളിത്തര്‍ക്കങ്ങളില്‍ ഒരുവിഭാഗത്തിനൊപ്പം സംസ്ഥാന സര്‍ക്കാര്‍ നിന്നുവെന്ന പരാതി മറുവിഭാഗത്തിനുണ്ടായിരുന്നു. യാക്കോബായ വിഭാഗത്തിനൊപ്പം നിന്നിട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ ഇടതുപക്ഷത്തിന് അത് ഗുണം ചെയ്തില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ ഇടതുമുന്നണിയിലേക്കുള്ള വരവും വലിയ ചലനം ഈ ജില്ലയിലുണ്ടാക്കിയില്ല. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളും തീരദേശ മേഖലകളില്‍ ലത്തീന്‍ വിഭാഗവുമാണ് നിര്‍ണായക ശക്തി. അരൂര്‍ മുതല്‍ കയ്പമംഗലം വരെയുള്ള തീരദേശ മേഖലയില്‍ ലത്തീന്‍ വോട്ടുകള്‍ ഇടതുപക്ഷത്തേക്കെത്തിക്കുകയെന്നത് ആ മുന്നണിക്ക് വലിയ വെല്ലുവിളിയാണ്. ലത്തീന്‍ വോട്ടുകള്‍ കോണ്‍ഗ്രസ് വോട്ടുകളാണെന്നതാണ് ഇടതുപക്ഷത്തിന് അതിലേക്ക് കടന്നുകയറാനുള്ള തടസ്സം. ലത്തീന്‍ പള്ളികളിലും വിശ്വാസികളിലും സ്വാധീനമുള്ള നേതാവിനെ കണ്ടെത്താനോ വളര്‍ത്തിയെടുക്കാനോ സി.പി.എമ്മിന് കഴിയാറുമില്ല. ആ പള്ളികളിലേക്കും വിശ്വാസികളിലേക്കുള്ള ഇടതുപക്ഷത്തിന്റെ പാലമായി അവരില്‍ സ്വാധീനമുള്ള കോണ്‍ഗ്രസുകാരനായ കെ.വി തോമസ് മാറുമോയെന്നതാണ് ഇനിയുള്ള ചോദ്യം. മുസ്ലിം സമുദായ സംഘടനകളിലേക്ക് കെ.ടി.ജലീലും വി. അബ്ദുറഹ്‌മാനും വഴിയൊരുക്കുന്നത് പോലെ. എന്നാല്‍ ഉറച്ച വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താനുള്ള സ്വാധീനം പുറത്ത് പോയാല്‍ കെ.വി തോമസിനുണ്ടാകില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. സഭയും യു.ഡി.എഫിനൊപ്പം ഉറച്ച് നില്‍ക്കുമെന്നാണ് പ്രതീക്ഷയും.

കെ.വി തോമസിന്റെ ഭാവി

ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനില്ലെന്ന് കെ.വി.തോമസ് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലോ അടുത്ത ലോക്‌സഭാതെരഞ്ഞെടുപ്പില്‍ എറണാകുളത്തോ ഇടതു സ്വതന്ത്രനാകുമെന്ന ചര്‍ച്ചകള്‍ക്ക് തുടര്‍ച്ചയുണ്ടാകാനിടയില്ല. എന്നാല്‍ കെ.വി.തോമസ് പുറത്ത് പോകുന്ന സാഹചര്യം കോണ്‍ഗ്രസ് മുന്‍കൂട്ടി കാണുന്നുണ്ടെന്നാണ് പുതിയ നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് നിര്‍ണായകമാണ്. കെ.വി തോമസ് ഉയര്‍ത്തുന്ന വെല്ലുവിളിയെ അതിജീവിക്കാന്‍ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയെ തന്നെ കോണ്‍ഗ്രസിന് കണ്ടെത്തേണ്ടതുണ്ട്. പി.ടി തോമസിന്റെ ഭാര്യ ഉമയെ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും വീട്ടിലെത്തി കണ്ടത് സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്കായാണെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഈ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ കോണ്‍ഗ്രസിനെ എത്തിക്കാനായി എന്നത് വിജയമായി സി.പി.എം കാണുന്നുണ്ട്. കെ.വി തോമസ് പുറത്തെത്തുകയാണെങ്കില്‍ സി.പി.എം എങ്ങനെ ഉള്‍ക്കൊള്ളുമെന്നാണ് കാണേണ്ടത്.

Related Stories

No stories found.
The Cue
www.thecue.in