വയനാടന്‍ കാപ്പിയുടെ രുചിക്ക് പിന്നിലുണ്ട് നഷ്ടപ്പെട്ടു പോകുന്ന ഈ ബാല്യജീവിതങ്ങള്‍

വയനാടന്‍ കാപ്പിയുടെ രുചിക്ക് പിന്നിലുണ്ട് നഷ്ടപ്പെട്ടു പോകുന്ന ഈ ബാല്യജീവിതങ്ങള്‍

ബാലവേല തടയുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഡിസംബര്‍ 14ന് പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരം ബാലവേലയെക്കുറിച്ച് വിവരം നല്‍കുന്ന വ്യക്തിക്ക് 2,500 രൂപ ഇന്‍സന്റീവ് നല്‍കുമെന്ന് വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. ആ സമയത്തും വയനാട്ടിലെ തോട്ടമേഖലയില്‍ കാപ്പിയും അടയ്ക്കയും പറിക്കാന്‍ ആദിവാസി കുട്ടികളെ ജീപ്പില്‍ കയറ്റി കൊണ്ടുപോകുന്നുണ്ടായിരുന്നു. ഇപ്പോഴും അത് തുടരുന്നു. രാവിലെ ഊരുകളിലെത്തുന്ന ഇടനിലക്കാര്‍ ജീപ്പിലും ഓട്ടോയിലും കയറ്റി പത്ത് വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികളെ കൊണ്ടു പോകുന്നത് എവിടേക്കാണെന്ന് പോലും അറിയിക്കുന്നില്ലെന്ന് രക്ഷിതാക്കള്‍ ദ ക്യുവിനോട് പറഞ്ഞു. നവംബര്‍ മാസത്തില്‍ 9017 കുട്ടികള്‍ വയനാട്ടില്‍ സ്ഥിരമായി സ്‌കൂളിലെത്തുന്നില്ലെന്നാണ് കണക്ക്.

നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് വയനാട്ടിലെ തോട്ടങ്ങളില്‍ കാപ്പിയും അടയ്ക്കയും വിളവെടുക്കുന്നത്. ഈ സമയങ്ങളില്‍ ആദിവാസി കുട്ടികളെ ജോലിക്കായി കൊണ്ടു പോകുന്നതോടെ ഇവരുടെ പഠനവും മുടങ്ങുന്നു. മിക്ക കുട്ടികളും പിന്നെ സ്‌കൂളിലെത്തുന്നില്ല. പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങളിലെ കുട്ടികളെയാണ് ബാലവേലയ്ക്കായി കൊണ്ടു പോകുന്നത്. എത്ര കുട്ടികള്‍ പഠനം അവസാനിപ്പിക്കുന്നുവെന്നോ ബാലവേലയ്ക്കായി പോകുന്നുണ്ടെന്നോ കൃത്യമായ അന്വേഷണം നടത്തുന്നില്ലെന്നാണ് ഞങ്ങള്‍ വിളിച്ച ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്. ട്രൈബല്‍ പ്രെമോട്ടര്‍മാര്‍ക്ക് പോലും തോട്ടം ഉടമകളെ ഭയമാണ്. അതുകൊണ്ട് തന്നെ കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് വിശദീകരണം.

വിവരം തേടി ഞങ്ങളെത്തിയ ഊരില്‍ സ്‌കൂളില്‍ പഠിക്കുന്ന മൂന്ന് ആണ്‍കുട്ടികള്‍ മാത്രമാണ് പകല്‍ വീട്ടിലുണ്ടായിരുന്നത്. ബാക്കി കുട്ടികളെയെല്ലാം രാവിലെ ഇടനിലക്കാര്‍ ജീപ്പില്‍ കയറ്റി തോട്ടങ്ങളിലേക്ക് കൊണ്ടുപോയിരുന്നു. എവിടെയുള്ള തോട്ടത്തിലേക്കാണെന്ന് രക്ഷിതാക്കളോട് അന്വേഷിച്ചപ്പോള്‍ തമിഴ്‌നാട്ടിലേക്കുള്‍പ്പെടെ കുട്ടികളെ കൊണ്ടുപോകുന്നുണ്ടെന്നായിരുന്നു മറുപടി. പുലര്‍ച്ചെ പോയാല്‍ രാത്രിയാണ് തിരികെയെത്തിക്കുക. കുളിക്കാന്‍ പോലും കഴിയാത്ത വിധം കുട്ടികള്‍ അവശരായിരിക്കുമെന്ന് ഒരു അമ്മ പറഞ്ഞു.

അടയ്ക്ക പറിക്കാനും പെറുക്കാനുമാണ് ആണ്‍കുട്ടികളെ പ്രധാനമായും കൊണ്ടുപോകുന്നത്. പെണ്‍കുട്ടികള്‍ കാപ്പി തോട്ടത്തിലേക്കും. രക്ഷിതാക്കള്‍ക്കൊപ്പം അടയ്ക്ക പൊളിക്കാന്‍ പോകുന്ന കുട്ടികളുമുണ്ട്. അഞ്ചിലും ആറിലും പഠനം നിര്‍ത്തി തോട്ടത്തില്‍ പണിക്ക് പോയ പെണ്‍കുട്ടികളെയും ഞങ്ങള്‍ കണ്ടു. 15 കിലോ കാപ്പി വരെ കുട്ടികള്‍ ഒരു ദിവസം പറിക്കും. 200 രൂപ മാത്രമാണ് കൂലിയായി നല്‍കുക.

കൂടുതല്‍ കൂലി വാഗ്ദാനം ചെയ്താണ് ഓരോ ദിവസവും ജോലിക്ക് കൊണ്ടുപോകുന്നതെന്ന് അമ്മമാര്‍ പറയുന്നു.പഠിക്കാന്‍ പോകുന്ന കുട്ടികളെയാണ് ജോലിക്കായി വിളിക്കുന്നതെന്നും ഇവര്‍ പരാതിപ്പെടുന്നു. പെണ്‍കുട്ടികളും ചൂഷണം ചെയ്യപ്പെടുന്നു. കുട്ടികള്‍ക്ക് മദ്യം നല്‍കിയും ജോലി ചെയ്യിക്കുന്നു.

ഗോത്രസാരഥി, ഊരുപഠന കേന്ദ്രങ്ങള്‍ എന്നിങ്ങനെ കുട്ടികളെ പഠനത്തില്‍ നിലനിര്‍ത്താന്‍ പല പദ്ധതികളും ആവിഷ്‌കരിച്ചിരുന്നു. കുട്ടികള്‍ ജോലിക്കായി പോകുന്നു. ഒരു കിലോ കാപ്പി കുരു പറിച്ചാല്‍ മൂന്ന് രൂപ മുതല്‍ അഞ്ച് രൂപ വരെ കിട്ടും. രണ്ടോ മൂന്നോ ദിവസം പണിക്ക് പോയി പണം കിട്ടിക്കഴിയുമ്പോള്‍ പഠിക്കാനുള്ള താല്‍പര്യം ഇല്ലാതാകുന്നു. വെറ്റില മുറുക്ക് ചെറിയ പ്രായത്തില്‍ തന്നെ തുടങ്ങും. ആറ് വയസ്സുള്ള കുട്ടി വെറ്റില മുറുക്കുന്നത് കഴിഞ്ഞ ദിവസം കണ്ടു. പണിക്ക് പോയാല്‍ പിന്നെ മദ്യപാനവുമായി.
അമ്മിണി.കെ.വയനാട്, ആദിവാസി വനിതാ പ്രസ്ഥാനം

ഒരു ദിവസം നൂറ് കവുങ്ങില്‍ വരെ കയറുന്ന കുട്ടികളുണ്ട്. മരത്തില്‍ നിന്നും അടുത്ത മരത്തിലേക്ക് ചാടി പറിക്കുന്നതിനിടെ അപകടം സംഭവിക്കുന്നതും പതിവാണ്. കോളിമൂല കോളനിയില്‍ അപകടം പറ്റി കിടപ്പിലായ യുവാവിന് പരസഹായമില്ലാതെ ജീവിക്കാനാവില്ലെന്ന സ്ഥിതിയിലായിരുന്നു. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും പറ്റാത്ത സ്ഥിതിയില്‍ ജീവിതം തുടരാന്‍ കഴിയാതെ ആത്മഹത്യ ചെയ്തുവെന്ന് ഊരുകാര്‍ പറയുന്നു. പരാതി പോലും നല്‍കാന്‍ രക്ഷിതാക്കളും തയ്യാറാകുന്നില്ലെന്ന് ഗോത്ര സംസ്ഥാന ചെയര്‍മാന്‍ ബിജു കാക്കത്തോട് ദ ക്യുവിനോട് പറഞ്ഞു. സുല്‍ത്താന്‍ ബത്തേരിയില്‍ തന്നെ മൂന്ന് കുട്ടികള്‍ കിടപ്പിലായിട്ടുണ്ട്. നഷ്ടപരിഹാരമായി തോട്ടമുടമകള്‍ 5000 രൂപ നല്‍കും. ഇടയ്ക്കിടെ കുടുംബത്തെ സഹായിക്കാനെന്ന പേരില്‍ ചെറിയ തുക കൊടുക്കും. ഇതോടെ രക്ഷിതാക്കള്‍ പുറത്താരോടും സംഭവം പറയാതെ ഒതുക്കി വെക്കുമെന്നും ബിജു കാക്കത്തോട് വിശദീകരിക്കുന്നു.

കവുങ്ങ് തോട്ടത്തില്‍ ജോലി ചെയ്യുന്ന കുട്ടികളെ കണ്ട് ചോദ്യം ചെയ്തപ്പോള്‍ അവര്‍ മോഷ്ടിക്കാന്‍ കയറിയതാണെന്നായിരുന്നു തോട്ടം ഉടമയുടെ വിശദീകരണമെന്ന് ബിജു കാക്കത്തോട് പറയുന്നു. പുത്തന്‍കുന്ന് എന്ന പ്രദേശത്ത് വെച്ചായിരുന്നു സംഭവം. ജോലി ചെയ്യാന്‍ തോട്ടമുടമ കൊണ്ടുവന്നതാണെന്ന് കുട്ടികള്‍ പറഞ്ഞു.

ഇത്തരം പരാതികളും കേസുകളും വയനാട്ടില്‍ പുതുമയല്ലെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ബാലവേല ചെയ്യിക്കുന്നത് പിടിക്കപ്പെട്ടാല്‍ രക്ഷപ്പെടാനുള്ള പഴുതായാണ് ആദിവാസി കുട്ടികളെ കള്ളന്‍മാരായി ചിത്രീകരിക്കുന്നത്.

The Cue
www.thecue.in