മുഡ ഭൂമി ഇടപാടില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് എതിരെ അന്വേഷണത്തിന് ഉത്തരവ്. പ്രത്യേക കോടതിയാണ് മുഖ്യമന്ത്രിക്ക് എതിരെ അന്വേഷണം നടത്താന്‍ മൈസുരു ലോകായുക്ത പോലീസിന് നിര്‍ദേശം നല്‍കിയത്. കേസില്‍ മുഖ്യമന്ത്രിക്ക് എതിരെ അന്വേഷണത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു. ഇതിനെതിരെ സിദ്ധരാമയ്യ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് ലോകായുക്ത പോലീസിന് പ്രത്യേക കോടതി അന്വേഷണാനുമതി നല്‍കിയത്. സിദ്ധരാമയ്യയുടെ ഭാര്യ ബിഎം പാര്‍വതിക്കെതിരെയും അന്വേഷണമുണ്ടാകും. മൂന്നു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
എന്താണ് മുഡ ഭൂമി ഇടപാട്?
മൈസുരു അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (മുഡ)യുടെ സ്ഥലം പാര്‍വതി ചട്ടവിരുദ്ധമായി കയ്യടക്കിയെന്നാണ് ആരോപണം. മൈസൂരുവില്‍ പാര്‍വതിക്ക് സ്വന്തമായുണ്ടായിരുന്ന 3.16 ഏക്കര്‍ സ്ഥലത്തിന് പകരമായി കൂടുതല്‍ വിലയുള്ള പ്രദേശത്തെ പ്ലോട്ടുകള്‍ മുഡ അനുവദിച്ചുവെന്നാണ് ആരോപണം. മുഡയുടെ 14 സൈറ്റുകള്‍ പാര്‍വതിക്ക് അനധികൃതമായി നല്‍കി. തരിശുനിലം വാങ്ങിയ ശേഷം അതിനു പകരമായി 50 ശതമാനം വികസിപ്പിച്ച ഭൂമി നല്‍കി എന്നിങ്ങനെയാണ് ആരോപണങ്ങള്‍. 4000 മുതല്‍ 5000 കോടി രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്ന് ബിജെപിയും ആരോപിക്കുന്നു. വിഷയത്തില്‍ അന്വേഷണത്തിനായി മുന്‍ ഹൈക്കോടതി ജഡ്ജി പി.എന്‍.ദേശായിയുടെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. മലയാളി ആക്ടിവിസ്റ്റുകളായ ടി.ജെ.ഏബ്രഹാം, സ്നേഹമയി കൃഷ്ണ, പ്രദീപ്കുമാര്‍ എസ് പി എന്നിവരാണ് പരാതിക്കാര്‍. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒരു മാസം മുന്‍പ് ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ട് മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്. ഇതിനെതിരെ സിദ്ധരാമയ്യ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് ഈ ഹര്‍ജി ഹൈക്കോടതി തള്ളിയത്.
അഴിമതി നിരോധന നിയമത്തിന്റെ സെക്ഷന്‍ 17 എ അനുസരിച്ചാണ് ഹര്‍ജി തള്ളുന്നതെന്ന് ജസ്റ്റിസ് എം.നാഗപ്രസന്ന വ്യക്തമാക്കി. തന്റെ ഭാര്യക്ക് ഈ ഇടപാടിലുണ്ടായ നേട്ടങ്ങള്‍ക്ക് കാരണം പുകമറയ്ക്ക് പിന്നിലുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ സാന്നിധ്യമാണെന്നും അതിനാല്‍ അന്വേഷണം ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. മൈസൂരുവിലെ മാര്‍ക്കറ്റ് പ്രദേശത്ത് ഏറ്റെടുത്ത സ്ഥലത്തിന് പകരമായി കൂടുതല്‍ വിലയുള്ള സ്ഥലം ലഭിച്ചതിലൂടെ മുഖ്യമന്ത്രിയുടെ കുടുംബത്തിന് അനര്‍ഹമായ നേട്ടമുണ്ടായെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും കോടതി പറഞ്ഞു. അനാവശ്യ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് സാഹചര്യങ്ങളില്‍ നിന്ന് വ്യക്തമാണ്. അധികാര സ്ഥാനങ്ങളിലിരിക്കുന്നവര്‍ സ്വാധീനങ്ങള്‍ക്ക് വഴിപ്പെട്ട് ഉത്തരവുകളും ശുപാര്‍ശകളും പുറപ്പെടുവിക്കാന്‍ പാടില്ലെന്നും കോടതി പറഞ്ഞു. ഹൈക്കോടതി പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക കോടതിയുടെ നടപടി.