
സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ വിലക്ക് ലംഘിച്ച് പങ്കെടുത്ത കെ.വി തോമസിനെ പുറത്താക്കും. കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി ലഭിച്ച ഉടന്‍ നടപടിയെടുക്കാനാണ് തീരുമാനം. കെ.വി തോമസിനെതിരെ നടപടി വേണമെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി കേന്ദ്ര നേതൃത്വത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പാര്‍ട്ടി വിലക്ക് ലംഘിച്ച് സി.പി.എം സെമിനാറില്‍ പങ്കെടുത്തു, മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി, പാര്‍ട്ടിയും മുന്നണിയും സമരം നടത്തിക്കൊണ്ടിരിക്കെ സില്‍വര്‍ ലൈന്‍ പദ്ധതിയെ അനുകൂലിച്ച് സംസാരിച്ചു എന്നീ കുറ്റങ്ങളാണ് കെ.വി തോമസിനെതിരെ കെ.പി.സി.സി കണ്ടെത്തിയിരിക്കുന്നത്. ഇത് കേന്ദ്ര നേതൃത്വം അറിയിച്ചു.
പരസ്യമായി നേതൃത്വത്തെ വെല്ലുവിളിച്ച കെ.വി തോമസിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ പാര്‍ട്ടിയില്‍ അച്ചടക്കമില്ലെന്ന പ്രചരണം അണികള്‍ക്കിടയിലും പുറത്തും ഉണ്ടാകും. ഇത് പാര്‍ട്ടിയില്‍ അരാചകത്വമുണ്ടാക്കും. കണ്ണൂരിലെ രക്തസാക്ഷികളെ പോലും ഓര്‍ക്കാതെ സി.പി.എം സെമിനാറില്‍ പങ്കെടുത്ത കെ.വി തോമസിന് കോണ്‍ഗ്രസിനോട് വൈകാരികമായ അടുപ്പമില്ലെന്നും നേതൃത്വം കുറ്റപ്പെടുത്തുന്നു.
കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ ഒരാഴ്ചത്തെ സമയമാണ് കെ.വി തോമസിന് അനുവദിച്ചിട്ടുള്ളത്. എ.കെ. ആന്റണി അധ്യക്ഷനായ അച്ചടക്കസമിതിയാണ് കെ.വി. തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. കെ.വി. തോമസിന്റെ മറുപടി ലഭിച്ച ശേഷം അച്ചടക്ക സമിതി ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ക്ക് സോണിയ ഗാന്ധിക്ക് ശുപാര്‍ശ ചെയ്യും. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ നല്‍കിയ പരാതിയിലാണ് കാരണം കാണിക്കല്‍ നോട്ടീസ്.
കെ.വി തോമസിനെതിരെ നടപടി വേണമെന്ന കാര്യത്തില്‍ സംസ്ഥാന നേതൃത്വം ഒറ്റക്കെട്ടായി തീരുമാനമെടുത്തുവെന്നാണ് നേതാക്കള്‍ പറയുന്നത്. നേരത്തെ കെ.വി തോമസിനെ അനുകൂലിച്ച നേതാക്കള്‍ പോലും ഇപ്പോള്‍ നടപടി വേണമെന്ന നിലപാടിലാണെന്നും നേതൃത്വം വിശദീകരിക്കുന്നു.