കേരളത്തില്‍ മാത്രം കാണുന്ന ഒരു പ്രതിഭാസമാണ് സി.പി.എം, ബിജെപിയുമായി രഹസ്യധാരണ: ചെന്നിത്തല

കേരളത്തില്‍ മാത്രം കാണുന്ന ഒരു പ്രതിഭാസമാണ് സി.പി.എം, ബിജെപിയുമായി രഹസ്യധാരണ: ചെന്നിത്തല

സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനുള്ള സിപിഐഎം തീരുമാനത്തെ പരിഹസിച്ച് രമേശ് ചെന്നിത്തലയുടെ ലേഖനം. നമ്മുടെ രാഷ്ട്രം സ്വതന്ത്രമായെന്ന് അംഗീകരിക്കാന്‍ സി.പി.എം. എന്ന രാഷ്ട്രീയപ്പാര്‍ട്ടി എടുത്തത് എഴുപത്തഞ്ചു വര്‍ഷമാണെന്നും രമേശ് ചെന്നിത്തല. ഇന്ത്യ സ്വതന്ത്രയായി എന്ന് അംഗീകരിക്കാതെയാണോ അവര്‍ ഇക്കാലമത്രയും ഈ വിശാലമായ ജനാധിപത്യഭൂമിയില്‍ പ്രവര്‍ത്തിച്ചതും തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചതും ഭരണത്തിലേറിയതുമെല്ലാം?. മാതൃഭൂമി എഡിറ്റ് പേജിലെ ലേഖനത്തിലാണ് വിമര്‍ശനം.

ഐതിഹാസികമായ പോരാട്ടത്തിലൂടെ ബ്രിട്ടീഷ് ഭരണത്തിൽനിന്നു നാം മോചിതരായിട്ട് മുക്കാൽനൂറ്റാണ്ട് കഴിഞ്ഞു. കഴിഞ്ഞ മൂന്നുതലമുറകളായി നമ്മൾ ജീവിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര പരമാധികാര ജനാധിപത്യ റിപ്പബ്ളിക്കിലാണ്. എന്നാൽ, ഇന്ത്യയിലെ പ്രമുഖ കമ്യൂണിസ്റ്റ് പാർട്ടികളിലൊന്നായ സി.പി.എം. ചരിത്രത്തിലിതാദ്യമായി ഇത്തവണയാണ് ഓഗസ്റ്റ്‌ പതിനഞ്ച് സ്വാതന്ത്ര്യദിനമായി ആഘോഷിക്കാൻ പോകുന്നത്. അന്ന് പാർട്ടി ഓഫീസുകളിൽ ത്രിവർണ പതാക പാറിക്കാനും തീരുമാനിച്ചിരിക്കുന്നു. നമ്മുടെ രാഷ്ട്രം സ്വതന്ത്രമായെന്ന് അംഗീകരിക്കാൻ സി.പി.എം. എന്ന രാഷ്ട്രീയപ്പാർട്ടി എടുത്തത് എഴുപത്തഞ്ചു വർഷമാണ്. ഇന്ത്യ സ്വതന്ത്രയായി എന്ന്‌ അംഗീകരിക്കാതെയാണോ അവർ ഇക്കാലമത്രയും ഈ വിശാലമായ ജനാധിപത്യഭൂമിയിൽ പ്രവർത്തിച്ചതും തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചതും ഭരണത്തിലേറിയതുമെല്ലാം?

കാലഹരണപ്പെട്ട സിദ്ധാന്തവാശികളുടെ ചിതൽപ്പുറ്റിനുള്ളിൽ തപസ്സിരിക്കുകയും അതുവഴി അതതു കാലത്തെ ലോകത്തിന്റെ മാറ്റങ്ങളോട് സംവദിക്കാൻ കഴിയാതെ പോവുകയുംചെയ്ത ഒരു രാഷ്ട്രീയപ്രസ്ഥാനമായിട്ടേ സി.പി.എമ്മിനെ ചരിത്രം രേഖപ്പെടുത്തൂ. ഗതികേടുകൊണ്ട് ഇപ്പോഴെങ്കിലും അവർക്ക് വെളിപാടുണ്ടായത് സ്വാഗതാർഹമാണ്.

ഓഗസ്റ്റ്‌ പതിനഞ്ച് ഇന്ത്യയുടെ സ്വാതന്ത്ര്യദിനമാണ് എന്ന് അംഗീകരിക്കാൻ ഇതുവരെ സി.പി.എം. തയ്യാറാകാതിരുന്നത് ഇന്ത്യയെ സ്വാതന്ത്ര്യത്തിന്റെ പൊൻപുലരിയിലേക്ക് നയിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിനോടും ഗാന്ധിജിയടക്കമുള്ള അതിന്റെ നേതാക്കളോടുമുള്ള അന്ധമായ രാഷ്ട്രീയവിരോധമാണ്‌. മഹാത്മാഗാന്ധിയെ ഇന്ത്യൻ മുതലാളിത്തത്തിന്റെ വക്താവായും കോൺഗ്രസിനെ ഒരു ബൂർഷാ സംഘടനയായും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി 1928-ൽത്തന്നെ വിലയിരുത്തിയതായി കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാക്കളിൽ ഒരാളും ദീർഘകാലം എ.ഐ.ടി.യു.സി.യുടെ അധ്യക്ഷനുമായിരുന്ന എസ്.എസ്. മിറാജ്കർ പറഞ്ഞിട്ടുണ്ട്. (ഫ്രണ്ട് ലൈൻ മേയ് 4, 2012).

1942-ലെ ക്വിറ്റ്‌ ഇന്ത്യ പ്രക്ഷോഭത്തെ എന്തു വിലകൊടുത്തും തകർക്കുക എന്ന കാര്യത്തിൽ ബ്രിട്ടനെപ്പോലെയോ അതിനെക്കാളുമോ വാശി കമ്യൂണിസ്റ്റ് പാർട്ടിക്കുണ്ടായിരുന്നു.

ഇത്തരത്തിൽ ക്വിറ്റ്‌ ഇന്ത്യ സമരത്തെ പിന്നിൽനിന്ന്‌ കുത്തിയ വേറൊരുവിഭാഗം ആർ.എസ്.എസ്. ആയിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജാക്കന്മാരുടെ വക്കാലത്ത് ആർ.എസ്.എസിനായിരുന്നു. അതുകൊണ്ടുതന്നെ ബ്രിട്ടൻ ഇന്ത്യ വിടരുത് എന്ന് പരസ്യമായി വാദിച്ചവരായിരുന്നു അവർ. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയും ആർ.എസ്.എസും ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിൽ അശേഷം താത്‌പര്യം കാണിച്ചവരല്ല.

ജവാഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന സർക്കാരിനെ സായുധവിപ്ളവത്തിലൂടെ അട്ടിമറിച്ച് ഒരു ജനകീയ ജനാധിപത്യ റിപ്പബ്ളിക് സ്ഥാപിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് 1948 ഫെബ്രുവരിയിൽ കൊൽക്കത്തയിൽ കൂടിയ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ടാം പാർട്ടി കോൺഗ്രസിൽ പ്രഖ്യാപിക്കപ്പെട്ടു. ഇതാണ് കൽക്കത്താ തീസിസ് അഥവാ രണദിവെ തീസിസ് എന്നറിയപ്പെടുന്നത്. ഗാന്ധിജിയുടെ ദാരുണമായ വധംകഴിഞ്ഞ് കേവലം ഒരുമാസം പിന്നിട്ടപ്പോഴാണ് നെഹ്രുവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാസർക്കാരിനെ അട്ടിമറിക്കാൻ സായുധ വിപ്ളവമാണ് വേണ്ടതെന്ന് പൊളിറ്റ്ബ്യൂറോ യോഗത്തിൽ ബി.ടി. രണദിവെ പ്രഖ്യാപിക്കുന്നത്.

1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിനുശേഷം സി.പി.ഐ. രണ്ടായി പിളരുകയും സി.പി.എം. ഉണ്ടാവുകയും ചെയ്തു. 1948-ൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി കൈക്കൊണ്ട ആത്മഹത്യാപരമായ സായുധവിപ്ളവം എന്ന ലൈൻ ജനകീയ ജനാധിപത്യ വിപ്ളവമാക്കി 1964-ലെ പാർട്ടിപരിപാടിയിൽ ചേർക്കുകയാണ് സി.പി.എം. ചെയ്തത്. ഇന്ത്യ-ചൈന യുദ്ധകാലത്ത് ഇന്ത്യൻ സൈനികർക്ക് രക്തംദാനം ചെയ്തതിന്റെപേരിൽ വി.എസ്. അച്യുതാനന്ദനെതിരേ സി.പി.എം. അച്ചടക്കനടപടിയെടുക്കുകവരെയുണ്ടായി.

1970-കളിൽ സി.പി.ഐ. ഇന്ദിരാഗാന്ധിക്ക് പിന്തുണ നൽകിയതും കേരളത്തിലെ കോൺഗ്രസ്- സി.പി.ഐ. മുന്നണി മന്ത്രിസഭയും 2004-ലെ ആദ്യ യു.പി.എ. സർക്കാരിന് കുറഞ്ഞൊരുകാലം ഇടതുപക്ഷകക്ഷികൾ നൽകിയ പിന്തുണയും മാറ്റിനിർത്തിയാൽ സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ കഴിഞ്ഞ എഴുപത്തഞ്ചുവർഷത്തെ ചരിത്രത്തിൽ കോൺഗ്രസിനെ ക്ഷീണിപ്പിക്കുന്ന പല നിലപാടുകളും കമ്യൂണിസ്റ്റ് പാർട്ടികൾ പ്രത്യേകിച്ച്, സി.പി.എം. കൈക്കൊണ്ടിട്ടുണ്ട്. ആർ.എസ്.എസിന്റെ രാഷ്ട്രീയരൂപമായ ജനസംഘം ഉൾപ്പെട്ടിരുന്ന 1977-ലെ ആദ്യ കോൺഗ്രസ്സിതര മന്ത്രിസഭയ്ക്ക് സി.പി.എം. പിന്തുണ നൽകി. ബി.ജെ.പി.യെ ഇന്നു കാണുന്ന സ്വാധീനശക്തിയിലേക്ക് നയിച്ചതിനുപിന്നിൽ 1989-ലെ വി.പി.സിങ്‌ മന്ത്രിസഭയ്ക്കുള്ള പങ്ക് നമ്മൾ കാണാതെപോകരുത്. സി.പി.എമ്മും ബി.ജെ.പി.യും പുറത്തുനിന്ന് പിന്തുണ നൽകിയ ഈ സർക്കാരിലൂടെയാണ് ഇന്ത്യയുടെ രാഷ്ട്രീയഭൂമികയിൽ വർഗീയഫാസിസം വീണ്ടും ചുവടുറപ്പിച്ചത്.

ആർ.എസ്.എസ്. നിയന്ത്രിക്കുന്ന ബി.ജെ.പി. ഭരണത്തിനെതിരേ ദേശവ്യാപകമായി കോൺഗ്രസ് നടത്തുന്ന ജനകീയമുന്നേറ്റങ്ങൾക്കൊപ്പം ഇടതുകക്ഷികൾ ഉൾപ്പെടെ എല്ലാ മതേതരകക്ഷികളും നിൽക്കേണ്ട സമയമാണിത്. എന്നാൽ, സി.പി.എം. അന്ധമായ കോൺഗ്രസ് വിരോധത്തിൽ മുങ്ങിയിരിക്കുകയാണ്. ബി.ജെ.പി. ഭരിച്ചാലും വേണ്ടില്ല, കോൺഗ്രസ് അവസാനിക്കണമെന്ന ചിന്തയാണ് സി.പി.എം. ഇപ്പോഴും വെച്ചുപുലർത്തുന്നത്. ആണവക്കരാറിന്റെ പേരിൽ ഒന്നാം യു.പി.എ. സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലുള്ള സി.പി.എം. തീരുമാനിച്ചപ്പോൾ ജ്യോതിബസു പറഞ്ഞു, ‘ഈ തീരുമാനത്തിലൂടെ നിങ്ങൾ ബി.ജെ.പി.ക്ക് പിൻവാതിൽ തുറന്നുകൊടുക്കുകയാണ്.’ തിരഞ്ഞെടുപ്പിൽ ജയിക്കാൻ ബി.ജെ.പി.യുമായി രഹസ്യധാരണയുണ്ടാക്കുകയും കേസുകൾ അട്ടിമറിക്കാൻ ഒത്തു കളിക്കുകയും ചെയ്യുന്നു.

ഇപ്പോൾ കേരളത്തിൽ മാത്രം കാണുന്ന ഒരു പ്രതിഭാസമാണ് സി.പി.എം. എന്ന രാഷ്ട്രീയപ്പാർട്ടി. ആദ്യ ലോക്‌സഭയിൽ പ്രധാന പ്രതിപക്ഷമായിരുന്ന സി.പി.എം. ഇപ്പോൾ ഒരു സംസ്ഥാനപാർട്ടിയായി ചുരുങ്ങിയിരിക്കുന്നു. കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇനി അതുമുണ്ടാകില്ലെന്നുറപ്പാണ്.

Related Stories

No stories found.
logo
The Cue
www.thecue.in