
കേരള സര്‍ക്കാരിന്റെ ഓണം ബംപര്‍ ഒന്നാം സമ്മാനം തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിന്. tj 750605 എന്ന നമ്പരിനാണ് 25 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. പഴവങ്ങാടി ഭഗവതി ഏജന്‍സി ഇന്നലെ വിറ്റ ടിക്കറ്റിനാണ് സമ്മാനം. കോട്ടയം പാലാ മീനാക്ഷി ഏജന്‍സി വിറ്റ tg 270912നാണ് അഞ്ച് കോടിയുടെ രണ്ടാം സമ്മാനം. ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് നറുക്കെടുത്തത്.
ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് നികുതികള്‍ കഴിച്ച് കിട്ടുക 15.75 കോടി രൂപയാണ്. 90 പേര്‍ക്ക് നാലാംസമ്മാനമായി ഒരുലക്ഷം രൂപ വീതവും ലഭിക്കും. 126 കോടി രൂപയാണ് ആകെ ഇത്തവണ വിവിധ ഇനങ്ങളിലായി സമ്മാനമായി നല്‍കുന്നത്.
ഓട്ടോ ഡ്രൈവര്‍ ജോലി ഉപേക്ഷിച്ച് മറ്റൊരു ജോലി തേടി മലേഷ്യക്ക് പോകാനിരിക്കെയാണ് ഭാഗ്യം തേടിയെത്തിയതെന്ന് അനൂപ് മാധ്യമങ്ങളോട്. ലോട്ടറി എടുക്കാന്‍ 50 രൂപയുടെ കുറവുണ്ടായിരുന്നു. മകന്റെ നിക്ഷേപകുടുക്ക പൊട്ടിച്ചാണ് പൈസ തികച്ചതെന്ന് അനൂപ്.