
തിരുവനന്തപുരത്ത് ഹിന്ദു മഹാ സമ്മേളനത്തില്‍ പങ്കെടുത്ത് കടുത്ത മുസ്ലിം വിരുദ്ധ, വിദ്വേഷ പ്രചരണം നടത്തിയ പി.സി ജോര്‍ജിനെതിരെ പരാതി നല്കി യൂത്ത് ലീഗ്. പി.സി ജോര്‍ജിന്റെ വര്‍ഗീയ, വിദ്വേഷ പ്രസംഗത്തിനെതിരെ ശക്തമായ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയത്.
ഹിന്ദു മഹാ പരിഷത്ത് തിരുവനന്തപുരത്ത് വെച്ച് നടത്തുന്ന 'അനന്തപുരി ഹിന്ദു മഹാസമ്മേളനം വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു സംസാരിച്ച മുന്‍ എം.എല്‍.എ പി.സി ജോര്‍ജ്, പ്രസംഗത്തിലുടനീളം മുസ്ലിം സമുദായത്തെ വര്‍ഗീയമായി അധിക്ഷേപിക്കുകയും ബോധപൂര്‍വ്വം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു.
മുസ്ലിം ഹോട്ടലുകളില്‍ ഒരു ഫില്ലര്‍ ഉപയോഗിച്ച് ചായയില്‍ മിശ്രിതം ചേര്‍ത്ത് ജനങ്ങളെ വന്ധ്യംകരിക്കുകയാണ്, ലവ് ജിഹാദുണ്ട്, ജനസംഖ്യ വര്‍ദ്ധിപ്പിച്ച് ഇന്ത്യയെ മുസ്ലിം രാഷ്ട്രമാക്കി മാറ്റാന്‍ ശ്രമം നടക്കുന്നു എന്നതുള്‍പ്പെടെ കടുത്ത വിദ്വേഷ പ്രസംഗമാണ് പി.സി ജോര്‍ജ് നടത്തിയത്.
പരാതിയുടെ പൂര്‍ണ രൂപം
സാര്‍,
വിഷയം: മുന്‍ എം.എല്‍.എ പി.സി ജോര്‍ജ്ജിന്റെ വര്‍ഗീയ പ്രഭാഷണവുമായി ബന്ധപ്പെട്ട്
വളരെ സൗഹാര്‍ദ്ദ പൂര്‍വ്വം ജനങ്ങള്‍ അധിവസിക്കുന്ന നാടാണ് കേരളം. അങ്ങിനെയൊരിടത്ത് ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയത പറഞ്ഞും പ്രസംഗിച്ചു ചേരിതിരിവുണ്ടാക്കാനുള്ള പരിശ്രമങ്ങള്‍ ഒരു തരത്തിലും അനുവദിച്ചുകൂട. ഹിന്ദു മഹാ പരിഷത്ത് തിരുവനന്തപുരത്ത് വെച്ച് നടത്തുന്ന 'അനന്തപുരി ഹിന്ദു മഹാസമ്മേളനം' 29-04-22, വെള്ളി, ഉദ്ഘാടനം ചെയ്തു സംസാരിച്ച മുന്‍ എം.എല്‍.എ പി.സി ജോര്‍ജ്, പ്രസംഗത്തിലുടനീളം മുസ്ലിം സമുദായത്തെ വര്‍ഗീയമായി അധിക്ഷേപിക്കുകയും ബോധപൂര്‍വ്വം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിച്ചതായും കാണാം.
കച്ചവടം ചെയ്യുന്ന മുസ്ലിംകള് പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു, മുസ്ലിംകള് അവരുടെ ജനസംഖ്യ വര്‍ദ്ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്ലിംകളായ കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്ലിം മേഖലകളില്‍ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവര്‍ന്നു കൊണ്ടുപോകുന്നു, തുടങ്ങി വളരെ ഗൗരവമായ നുണയാരോപണങ്ങളാണ് അദ്ദേഹം പ്രസംഗിച്ചത്. ഇതെല്ലാം മുസ്ലിം സമുദായത്തെ സംശയത്തിന്റെ മുനയില്‍ നിറുത്താനും മറ്റു സമുദായത്തിലെ വിശ്വാസികള്‍ക്കും ഇവര്‍ക്കുമിടയില്‍ വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും മാത്രമാണ് കാരണമാകുക.
ഇത്തരം പ്രസ്താവന നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കേണ്ടത് നമ്മുടെ നാട്ടില്‍ ക്രമസമാധാനവും മതസൗഹാര്‍ദ്ധവും നിലനിര്‍ത്താന്‍ അനിവാര്യമാണ്. ആയതിനാല്‍, കജഇ 153 അ പ്രകാരവും മറ്റു വകുപ്പുകള്‍ പ്രകാരവും ഇദ്ദേഹത്തിനെതിരെ കേസെടുത്ത് നിയമ നടപടികള്‍ സ്വീകരിക്കണം എന്ന് ആവശ്യപ്പെടുന്നു.