'പള്ളികളെ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുന്നു';സമരങ്ങള്‍ക്ക് വേദിയാക്കരുതെന്ന് കെ.ടി ജലീല്‍

'പള്ളികളെ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുന്നു';സമരങ്ങള്‍ക്ക് വേദിയാക്കരുതെന്ന് കെ.ടി ജലീല്‍

മുസ്ലിം പള്ളികളെ രാഷ്ട്രീയ സമരങ്ങളുടെ വേദിയാക്കി മാറ്റരുതെന്ന് കെ.ടി ജലീല്‍ എം.എല്‍.എ. രാഷ്ട്രീയ പകപോക്കലിനായി ഉപയോഗിക്കുന്നു. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടതില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ ബോധവത്കരണം നടത്താനുള്ള മുസ്ലിം സംഘടനകളുടെ കോര്‍ കമ്മിറ്റി തീരുമാനത്തിനെതിരെയാണ് കെ.ടി ജലീല്‍ രംഗത്തെത്തിയിരിക്കുന്നത്.

മുസ്ലിംലീഗ് മതസംഘടനയല്ലെന്നും രാഷ്ട്രീയ പാര്‍ട്ടിയാണ്. ഇന്ന് ലീഗ് ചെയ്താല്‍ നാളെ ബി.ജെ.പി ക്ഷേത്രങ്ങളില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രചരണം നടത്തുമെന്ന് കെ.ടി ജലീല്‍ പറഞ്ഞു. മുസ്ലിം ലീഗിന് കീഴില്‍ പള്ളികളില്ലെന്ന് ഓര്‍ക്കണം. പി.എം.എ സലാമിനെ പാണക്കാട് തങ്ങള്‍ തിരുത്തണമെന്നും കെ.ടി ജലീല്‍ ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച പള്ളികളില്‍ പ്രചാരണം നടത്തുമെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം പ്രഖ്യാപിച്ചിരുന്നു. മുസ്ലിം സമുദായത്തിന് നീതി നഷ്ടപ്പെട്ടിരിക്കുന്നുവെന്നും ഇതിന് ഉത്തരവാദികളായ സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ സമുദായത്തെ ബോധിപ്പിക്കുന്നതിനായി ജുമഅ പ്രാര്‍ത്ഥനയ്‌ക്കൊപ്പം ബോധവത്കരണം നടത്തുമെന്നായിരുന്നു പി.എം.എ സലാം പറഞ്ഞത്. മുസ്ലിം ലീഗല്ല, മുസ്ലിം സംഘടനകളുടെ കോര്‍ കമ്മിറ്റിയാണ് പള്ളികളില്‍ ബോധവത്കരണം നടത്തുന്നതെന്ന് ലീഗ് വ്യക്തമാക്കി. തെറ്റിദ്ധാരണ പരത്താനാണ് ചിലര്‍ ശ്രമിക്കുന്നത്.

പള്ളികളിലെ ബോധവത്ക്കരണത്തിന് സമസ്ത പിന്തുണ പ്രഖ്യാപിച്ചു. സമസ്തയുടെ കാര്യങ്ങളില്‍ കെ.ടി ജലീല്‍ ഇടപെടേണ്ടെന്ന് അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. വിശ്വാസികളെ ബോധവത്ക്കരിക്കുകയെന്നത് സമസ്തയുടെ കടമയാണ്. സര്‍ക്കാരിന് കടുംപിടുത്തമാണെന്നും സമസ്ത കുറ്റപ്പെടുത്തി.

Related Stories

No stories found.
logo
The Cue
www.thecue.in