നടിയെ ആക്രമിച്ച കേസ്: ദിലീപിന് ദൃശ്യങ്ങളെത്തിച്ച വിഐപി കോട്ടയം സ്വദേശിയെന്ന് സൂചന

നടിയെ ആക്രമിച്ച കേസ്: ദിലീപിന് ദൃശ്യങ്ങളെത്തിച്ച വിഐപി കോട്ടയം സ്വദേശിയെന്ന് സൂചന

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയെന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ആരോപിക്കുന്ന വിഐപിയെ തിരിച്ചറിഞ്ഞുവെന്ന് സൂചന. കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായിയാണ് ഇയാള്‍ എന്നാണ് സൂചന. എന്നാല്‍, ഇയാളുടെ ശബ്ദ സാമ്പിളും പൊലീസിന്റെ കൈവശമുള്ള ശബ്ദവും പരിശോധിച്ചാല്‍ മാത്രമെ ഇക്കാര്യത്തില്‍ വ്യക്തത വരുകയുള്ളു.

ഇക്ക എന്ന് ദിലീപും കാവ്യയും വിളിക്കുന്ന ഒരാള്‍ താന്‍ ദിലീപിന്റെ വീട്ടിലുള്ള സമയം അവിടെ എത്തി ദിലീപിന് ഒരു പെന്‍ഡ്രൈവ് കൈമാറി എന്നാണ് ബാലചന്ദ്ര കുമാറിന്റെ ആരോപണം. തുടര്‍ന്ന് ദിലീപ് ഇയാളെ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കാണാനായി ക്ഷണിച്ചുവെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു. കൂടാതെ വിഐപി കേസിലെ അന്വേഷണ ഉദ്യേഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ ഉണ്ടായിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തി.

ബാലചന്ദ്ര കുമാര്‍ കൈമാറിയ ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ വിഐപിയെ കണ്ടെത്താന്‍ അന്വേഷണം നടത്തുന്ന പൊലീസ് 6 ഫോട്ടോകളാണ് ബാലചന്ദ്രകുമാറിന് തിരിച്ചറിയാന്‍ നല്‍കിയത്. ഫോട്ടോകളില്‍ ഒരാള്‍ വിഐപിയാണെന്ന് സംശയമുള്ളതായി ബാലചന്ദ്രകുമാര്‍ പറഞ്ഞു. കോട്ടയത്തെ പ്രവാസി വ്യവസായിയായ ഇയാള്‍ക്ക് കോട്ടയത്തും വിദേശത്തും വ്യവസായ സംരഭമുണ്ടെന്നാണ് സൂചന. അയാളുടെ ശബ്ദ സാമ്പിളും അന്വേഷണ സംഘത്തിന്റെ കയ്യിലുള്ള ശബ്ദ സാമ്പിളും ഒത്തുപോവുകയാണെങ്കില്‍ വിഐപിയും കേസില്‍ പ്രതിചേര്‍ക്കപ്പെടും. ഇതുമായി ബന്ധപ്പെട്ട് വ്യവസായിയെ ഉടന്‍ തന്നെ ചോദ്യം ചെയ്യുമെന്നാണ് സൂചന.

The Cue
www.thecue.in