
ബിസിനസ് സംബന്ധമായ യാത്രയില്‍ ആയതിനാല്‍ ഹാജരാകാന്‍ സമയം നീട്ടി നല്‍കണമെന്ന് ബലാത്സംഗ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. പൊലീസ് നോട്ടീസിന് നല്കിയ മറുപടിയിലാണ് അദ്ദേഹം സാവകാശം തേടിയത്. ഇ-മെയില്‍ വഴിയായിരുന്നു മറുപടി.
മെയ് 19ന് ഹാജരാകാമെന്നും, സാവകാശം നല്‍കണമെന്നുമാണ് വിജയ് ബാബു പൊലീസിനോട് ആവശ്യപ്പെട്ടത്. ഇപ്പോള്‍ എവിടെയാണ് ഉള്ളതെന്ന് വ്യക്തമാക്കാതെയാണ് വിജയ് ബാബു പൊലീസിന് ഇ-മെയില്‍ മറുപടി നല്‍കിയത്.
അതേസമയം സാവകാശം നല്കാന് ആവില്ലെന്ന് പൊലീസ് അറിയിച്ചു. ലുക്ക് ഔട്ട് നോട്ടീസ് നിലനില്‍ക്കെയാണ് വിജയ് ബാബു സാവകാശം ചോദിച്ചത്. അടിയന്തിരമായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഏപ്രില്‍ 24നാണ് ബലാത്സംഗ കേസില്‍ ആരോപണ വിധേയനായ വിജയ് ബാബു ബെംഗളുരു വിമാനത്താവളം വഴി ദുബായിലേക്ക് കടന്നത്. പരാതി നല്കിയ നടിയുടെ പേര് ലൈവിലൂടെ വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസുണ്ട്. ഇതിനിടെ വുമണ്‍ എഗയ്ന്സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന പേജിലൂടെ മറ്റൊരു ലൈംഗികാതിക്രമ ആരോപണവും വിജയ് ബാബുവിനെതിരെ ഉയര്‍ന്നിരുന്നു.