സുരേന്ദ്രന്‍ പിന്നെ സര്‍വഗുണ സമ്പന്നന്‍ ആണല്ലോ, ആഗുണം കിട്ടല്ലേ എന്നാണ് പ്രാര്‍ത്ഥന; പരിഹസിച്ച് വി ഡി സതീശന്‍

സുരേന്ദ്രന്‍ പിന്നെ സര്‍വഗുണ സമ്പന്നന്‍ ആണല്ലോ, ആഗുണം കിട്ടല്ലേ എന്നാണ് പ്രാര്‍ത്ഥന; പരിഹസിച്ച് വി ഡി സതീശന്‍

താന്‍ നിര്‍ഗുണ പ്രതിപക്ഷ നേതാവാണെന്ന് പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ പരിഹസിച്ച് വി.ഡി. സതീശന്‍. കെ സുരേന്ദ്രന്‍ സര്‍വഗുണ സമ്പന്നന്‍ ആണല്ലോ എന്നും അദ്ദേഹത്തിനുള്ള ഒരു ഗുണവും തനിക്ക് ഉണ്ടാവരുതേ എന്നാണ് പ്രാര്‍ത്ഥനയെന്നും വിഡി സതീശന്‍ പറഞ്ഞു.

വായ പോയ കോടാലി പോലെ വായും തലയുമില്ലാതെ സുരേന്ദ്രന്‍ പറയുന്നത് ഏറ്റുപിടിക്കുന്ന മെഗാഫോണ്‍ അല്ല കേരളത്തിലെ പ്രതിപക്ഷവും പ്രതിപക്ഷ നേതാവും എന്നും സതീശന്‍ പറഞ്ഞു.

കേരളത്തിലെ ബിജെപിയെ എടുക്കാച്ചരക്കാക്കി മാറ്റിയതിന് നേതൃത്വം കൊടുത്തവരാണ് കെ സുരേന്ദ്രനും വി മുരളീധരനും. ഇവരാണ് പ്രതിപക്ഷത്തെ പിണറായി വിരോധം പഠിപ്പിക്കാനെത്തിയതെന്നും സതീശന്‍ പരിഹസിച്ചു.

പകല്‍ മുഴുവന്‍ പിണറായി വിരോധം പറഞ്ഞ്, രാത്രിയാകുമ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ കേരള സര്‍ക്കാരിനെതിരെ നടത്തിയ അന്വേഷണങ്ങളും കേരളത്തിലെ പൊലീസ് ബി.ജെ.പി നേതാക്കള്‍ക്കെതിരെ നടത്തിയ അന്വേഷണവും ഒത്തു തീര്‍പ്പാക്കാന്‍ ഇടനിലക്കാരനായി നിന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ആളാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍. അങ്ങനെയുള്ള ആള്‍ തന്നെ പിണറായി വിരോധം പഠിപ്പിക്കാന്‍ വരേണ്ട എന്നും സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിയെയും വി ഡി സീതശന്‍ വിമര്‍ശിച്ചു. കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്ത മുഖ്യമന്ത്രി പൗരപ്രമുഖന്‍മാരെ കാണാന്‍ ഇറങ്ങിയിരിക്കുകയാണെന്ന് സതീശന്‍ പറഞ്ഞു.

പൗരപ്രമുഖര്‍ എന്ന പേരില്‍ ക്ഷണിച്ചത് വരേണ്യവര്‍ഗത്തെ മാത്രമാണ്. ഇത് പദ്ധതിയുടെ നിഗൂഢത വര്‍ധിപ്പിക്കുന്നതാണ്. മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ടവരെയും താത്പര്യമുള്ളവരെ മാത്രമാണ് യോഗത്തിന് ക്ഷണിച്ചിട്ടുള്ളതെന്നും സതീശന്‍ വിമര്‍ശിച്ചു.

The Cue
www.thecue.in