യുഡിഎഫ് വ്യാപാരികൾക്കൊപ്പം; പാർട്ടി സെക്രട്ടറിയുടെ ഭാഷയിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്ന് വി.ഡി സതീശൻ

യുഡിഎഫ് വ്യാപാരികൾക്കൊപ്പം; പാർട്ടി സെക്രട്ടറിയുടെ ഭാഷയിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്ന് വി.ഡി സതീശൻ

കടകൾ തുറക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ നടത്തുന്ന സമരത്തിന് പിന്തുണ അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. വ്യാപാരികൾക്കെതിരെ വിരട്ടലിന്റെ ഭാഷ മുഖ്യമന്ത്രി സ്വീകരിക്കുന്നത് ശരിയല്ലന്ന് വി.ഡി സതീശൻ പറഞ്ഞു. പാർട്ടി സെക്രട്ടറിയുടെ ഭാഷയിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. ഈ രീതിയിൽ പോകാനാണ് മുഖ്യമന്ത്രിയുടെ തീരുമാനമെങ്കിൽ യുഡിഫ് വ്യാപാരികൾക്കൊപ്പം നിൽക്കുമെന്ന് വി ഡി സതീശൻ മനോരമ ന്യൂസിനോട് പറഞ്ഞു. മനസിലാക്കി കളിച്ചാല്‍ മതിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

സമാധാനപരമായി പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. ഫയലില്‍ ഒപ്പിടാന്‍ മാത്രമാവരുത് മന്ത്രമാർ. അതെ സമയം കോവിഡ് നിയന്ത്രങ്ങളുടെ ഭാഗമായി കടകൾ അടച്ചിടുന്നതിനെതിരെ ഇടത് അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയും എ.എം.ആരിഫ് എംപിയും  രംഗത്തെത്തിയിരുന്നു.

കടകള്‍ തുറക്കാന്‍ സാധിക്കാത്തതിനാല്‍ നല്ലൊരു വിഭാഗം വ്യാപാരികളും കടക്കെണിയിലാണ്. സാഹചര്യം സമഗ്രമായി വിലയിരുത്തി കടകള്‍ തുറക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നാണ് ആരിഫ് എംപി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. കടകൾ തുറന്നാൽ നേരിടുമെന്ന മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് കേട്ട് പേടിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായ സമതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദീൻ പറഞ്ഞിരുന്നു. വ്യാപാരി വ്യവസായി സമിതി ഇന്ന് സെക്രട്ടേറിയേറ്റിന് മുന്നിലും 14ന് കലക്ട്രേറ്റുകൾക്ക് മുന്നിലും അതിജീവന പ്രതിഷേധ സമരം സംഘടിപ്പിക്കും.

The Cue
www.thecue.in