'കേരളം ഭരിക്കുന്നത് സ്ത്രീ വിരുദ്ധ സര്‍ക്കാര്‍, നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാന്‍ സി.പി.എം ശ്രമിച്ചു'; വി.ഡി. സതീശന്‍

'കേരളം ഭരിക്കുന്നത് സ്ത്രീ വിരുദ്ധ സര്‍ക്കാര്‍, നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാന്‍ സി.പി.എം ശ്രമിച്ചു'; വി.ഡി. സതീശന്‍

കേരളം ഭരിക്കുന്നത് സ്ത്രീ വിരുദ്ധ സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഒരു കാലത്തും ഒരു കാര്യത്തിലും സര്‍ക്കാര്‍ സ്ത്രീപക്ഷ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

അതിഗുരുതരമായ ആരോപണങ്ങളാണ് അതിജീവിത ഹൈക്കോടതിയില്‍ കൊടുത്ത പെറ്റീഷനില്‍ ഉള്ളത്. ഭരണ കക്ഷി ഇടനിലക്കാരായി നിന്ന് കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നു എന്നതാണ് ആരോപണം. വ്യാപകമായി ഇത്തരം കേസുകള്‍ ഒതുക്കി തീര്‍ക്കാന്‍ ഇടനിലക്കാരായി നിന്നിട്ടുള്ള സി.പി.ഐ.എം നേതാക്കളുടെ പേരുകള്‍ പുറത്തു വരണമെന്നും വി.ഡി. സതീശന്‍.

'ഇതില്‍ ഗൗരവകരമായ, സമാന്തരമായ ഒരു അന്വേഷണം നടക്കണം. ഇതിന് പുറകില്‍ ഒരു ഗൂഢാലോചന നടന്നിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാക്കാതെ പാതി വഴിയില്‍ ഉപേക്ഷിച്ച് കോടതിയിലേക്ക് കൊണ്ടുപോകാന്‍ ഇടയായ സാഹചര്യം എന്താണ്. അതിജീവിതയെ ഇങ്ങനൊരു പരാതി കൊടുക്കാന്‍ നിര്‍ബന്ധിതയാക്കിയ സാഹചര്യം എങ്ങനെയാണ് സര്‍ക്കാര്‍ ഉണ്ടാക്കിയത്. ഒരു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ വെച്ചുകൊടുക്കണം എന്ന ആവശ്യം പോലും ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല. ഇങ്ങനെ കേസ് ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് കുറേ നാളുകളായി സര്‍ക്കാര്‍ തുടരുന്നത്', വി.ഡി. സതീശന്‍ പറഞ്ഞു.

ആലുവയില്‍ ആത്മഹത്യ ചെയ്ത ലോ കോളേജ് വിദ്യാര്‍ഥിയുടെ കാര്യത്തില്‍ ഉള്‍പ്പെടെ, കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത് സ്ത്രീ വിരുദ്ധ നിലപാടാണ് എന്നും വി.ഡി. സതീശന്‍ ആരോപിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in