'നിങ്ങള്‍ കേരളത്തിന്റെ വക്താക്കള്‍ ആവേണ്ട'; പി.സി ജോര്‍ജ് വര്‍ഗീയത ഉണ്ടാക്കുകയല്ലേ എന്ന ചോദ്യത്തിന് രോഷാകുലനായി വി.മുരളീധരന്‍

'നിങ്ങള്‍ കേരളത്തിന്റെ വക്താക്കള്‍ ആവേണ്ട'; പി.സി ജോര്‍ജ് വര്‍ഗീയത ഉണ്ടാക്കുകയല്ലേ എന്ന ചോദ്യത്തിന് രോഷാകുലനായി വി.മുരളീധരന്‍

മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മുന്നില്‍ രോഷാകുലനായി എ.ആര്‍ ക്യാമ്പില്‍ പി.സി ജോര്‍ജിനെ കാണാനെത്തിയ വി.മുരളീധരന്‍. ജനാധിപത്യ മതേതര രാജ്യത്ത് ജീവിക്കുന്നവര്‍ ഇത്തരമൊരു പരാമര്‍ശം നടത്തുന്നത് ശരിയാണോ തെറ്റാണോ? എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ നിങ്ങളാരും കേരളത്തിന്റെ വക്താക്കളാകാന്‍ വരേണ്ട, കേരളത്തിന്റെ വക്താക്കള്‍ ആകാന്‍ ഞങ്ങള്‍ക്കൊക്കെ നിങ്ങളേക്കാള്‍ അവകാശമുണ്ടെന്നായിരുന്നു വി.മുരളീധരന്റെ മറുപടി.

തുടര്‍ന്ന് പി.സി ജോര്‍ജിനെ പിന്തുണയ്ക്കുന്നുണ്ടോ? പരസ്യമായി മുസ്ലിങ്ങള്‍ക്കെതിരായുള്ള നിലപാട് അല്ലേ എടുത്തത്? വര്‍ഗീയതയുണ്ടാക്കുകയല്ലേ? എന്ന ചോദ്യങ്ങള്‍ക്കൊന്നും വി.മുരളീധരന്‍ മറുപടി നല്‍കിയില്ല. പകരം രാജ്യദ്രോഹം എന്ന വാക്ക് ആവര്‍ത്തിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.

രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കാന്‍ പോലും ഈ നാട്ടില്‍ സ്വാതന്ത്ര്യം കൊടുക്കണമെന്ന് പറയുന്നവര്‍ കേവലം ഒരു പരാമര്‍ശത്തിന്റെ പേരില്‍ എന്തിന് തിടുക്കപ്പെട്ട് പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്തുവെന്ന് ആവര്‍ത്തിച്ച് ചോദിക്കുകയാണ് വി.മുരളീധരന്‍ ചെയ്തത്.

പി.സി ജോര്‍ജ് പറഞ്ഞ കാര്യത്തിനോട് നിങ്ങള്‍ക്ക് യോജിപ്പുണ്ടോ? എന്ന ചോദ്യത്തിനും രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കാന്‍ സ്വാതന്ത്ര്യമുണ്ട് എന്ന് കേന്ദ്ര മന്ത്രി ആവര്‍ത്തിച്ചു. അതേസമയം പി.സി ജോര്‍ജിനെ കാണാന്‍ എ.ആര്‍ ക്യാമ്പിലെത്തിയ കേന്ദ്ര മന്ത്രിക്ക് പൊലീസ് അനുമതി നിഷേധിച്ചു.

വി.മുരളീധരന്‍ പറഞ്ഞത്

നമ്മുടെ നാട് അഭിപ്രായ സ്വാതന്ത്ര്യമുള്ള നാടാണ്. രാജ്യദ്രോഹം മുദ്രാവാക്യം വിളിക്കാന്‍ പോലും ഈ നാട്ടില്‍ സ്വാതന്ത്ര്യം കൊടുക്കണമെന്ന് പറയുന്നവരാണ് സി.പി.ഐ.എം. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നമ്മള്‍ കണ്ടത് അതാണ്.

ഈ രാജ്യത്തെ 'വെട്ടി നുറുക്കാന്‍' വേണ്ടി മുദ്രാവാക്യം വിളിക്കുന്ന ആളുകള്‍ക്ക് ആ മുദ്രാവാക്യം വിളിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് നിലപാട് എടുത്തവരാണ് സി.പി.എംകാര്. പി.സി ജോര്‍ജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം. അദ്ദേഹം ആരെയും വെട്ടിക്കൊന്നിട്ടില്ല.

മനുഷ്യരെ 'അരിഞ്ഞ് തള്ളാനുള്ള' സ്വാതന്ത്യം ഈ നാട്ടില്‍ അനുവദിക്കുന്നുണ്ട്. അങ്ങനെയുള്ളവരെ അറസ്റ്റ് ചെയ്യാന്‍ കാണിക്കാത്ത തിടുക്കം പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ എന്തിന് കാണിക്കുന്നു. ഇസ്ലാമിക ഭീകരവാദികള്‍ കൊന്ന ശ്രീനിവാസന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്യാന്‍ ഇതുവരെ സാധിച്ചിട്ടില്ല... ഭീകരവാദിയല്ലല്ലോ പി.സി ജോര്‍ജ്.

അദ്ദേഹം ഈ നാട്ടില്‍ അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകനാണ്. എം.എല്‍.എയായിരുന്നു. അങ്ങനെയുള്ളൊരു ആളെ അറസ്റ്റ് ചെയ്യാന്‍ വലിയ തിരക്ക് എന്താ. യൂത്ത് ലീഗിന്റെ പരാതിയിലാണ് ഈ അറസ്റ്റ് എന്നാണ് പറയുന്നത്. യൂത്ത് ലീഗ് പരാതിപ്പെട്ടാല്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ മിനുറ്റുകള്‍ക്കുള്ളില്‍ ആരെ വേണെങ്കിലും അറസ്റ്റ് ചെയ്യും. ബി.ജെ.പിക്കാരെ വെട്ടിക്കൊന്നാല്‍ ചോദിക്കാനും പറയാനും ആരുമില്ല. ഞാന്‍ പി.സി ജോര്‍ജിനെ ഇവിടെ കൊണ്ടു വരുന്നുവെന്ന് അറിഞ്ഞ് എന്താ കേസ് എന്ന് അന്വേഷിക്കാന്‍ വന്നതാണ്. അത് അന്വേഷിക്കേണ്ടത് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരോടാണ്. അത് അന്വേഷിക്കാന്‍ കേന്ദ്ര മന്ത്രിക്ക് പോലും പ്രവേശനം നിഷേധിക്കുന്ന നിലപാട് ഒരു വശത്ത്. മറുവശത്ത് യൂത്ത് ലീഗ് ഒരു പരാതി കൊടുത്താല്‍ ആരെ വേണമെങ്കിലും കേസെടുത്ത് അറസ്റ്റ് ചെയ്യും. ഇതാണോ കേരളത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യം? ഇതാണോ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പറയുന്ന സഹിഷ്ണുത.ആരെ പ്രീണിപ്പിക്കാനാണ് ഇതൊക്കെ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് എല്ലാവര്‍ക്കും വ്യക്തമായി മനസിലാകും.