ജാതിയുടെ പേരില്‍ അന്നദാനം നല്‍കാതെ പുറത്താക്കി, അതേക്ഷേത്രത്തില്‍ യുവതിക്കും കുടുംബത്തിനുമൊപ്പം ഭക്ഷണം കഴിച്ച് തമിഴ്‌നാട് മന്ത്രി

ജാതിയുടെ പേരില്‍ അന്നദാനം നല്‍കാതെ പുറത്താക്കി, അതേക്ഷേത്രത്തില്‍ യുവതിക്കും കുടുംബത്തിനുമൊപ്പം ഭക്ഷണം കഴിച്ച് തമിഴ്‌നാട് മന്ത്രി

ജാതിയുടെ പേരില്‍ ക്ഷേത്രത്തില്‍ നിന്നും അന്നദാനം നല്‍കാതെ പുറത്താക്കിയ യുവതിക്കൊപ്പം ഭക്ഷണം കഴിച്ച് തമിഴ്‌നാട് മന്ത്രി. യുവതിയെ പുറത്താക്കിയ അതേ ക്ഷേത്രത്തിലെ അന്നദാനത്തിലാണ് ദേവസ്വം മന്ത്രി പി.കെ.ശേഖര്‍ ബാബു പങ്കെടുത്തത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മാമല്ലപുരത്തെ നരിക്കുറവ സമുദായാംഗമായ അശ്വിനി എന്ന യുവതിയുടെ വീഡിയോ വൈറലായത്. പ്രദേശത്തെ ക്ഷേത്രത്തില്‍ നല്‍കുന്ന അന്നദാനം തനിക്കും തന്റെ സമുദായത്തില്‍ നിന്നുള്ള മറ്റുള്ളവര്‍ക്കും നിരസിക്കുന്നത് എന്താണെന്ന് ചോദിക്കുന്നതായിരുന്നു വീഡിയോ.

ക്ഷേത്രത്തില്‍ നിന്ന് നല്‍കുന്ന അന്നദാനത്തിനായി അശ്വിനി ക്യൂവില്‍ കാത്തു നിന്നെങ്കിലും രണ്ടാമത്തെ പന്തിയിലാണ് ഇരിക്കാന്‍ കഴിഞ്ഞത്. ഇതിന് പിന്നാലെ ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരാള്‍ വന്ന് പുറത്ത് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഭക്ഷണം ബാക്കിയുണ്ടെങ്കില്‍ ക്ഷേത്രത്തിന് പുറത്ത് കൊണ്ടുവന്നുതരാമെന്നും, പുറത്ത് പോയി കാത്തുനില്‍ക്കാനും ഇയാള്‍ ആവശ്യപ്പെട്ടതായി അശ്വിനി വീഡിയോയില്‍ പറഞ്ഞിരുന്നു. അന്നദാനം സംസ്ഥാനസര്‍ക്കാരിന്റെ കീഴിലുള്ള പദ്ധതിയുടെ ഭാഗമല്ലേ എന്ന് താന്‍ അയാളോട് ചോദിച്ചതായും അശ്വിനി വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു.

അശ്വിനിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിലുള്‍പ്പടെ ചര്‍ച്ചയായി. ജാതിവിവേചനത്തിനെതിരെ വലിയ വിമര്‍ശനവും ഉയര്‍ന്നതിന് പിന്നാലെയാണ് ദേവസ്വം മന്ത്രി വിഷയത്തില്‍ ഇടപെട്ടത്. തുടര്‍ന്ന് മന്ത്രി ഇതേ ക്ഷേത്രത്തില്‍ എത്തി അശ്വിനിക്കും മറ്റ് സമുദായാംഗങ്ങള്‍ക്കും ഒപ്പം ഭക്ഷണം കഴിക്കുകയായിരുന്നു. തിരുപ്പോരൂര്‍ എം.എല്‍.എയും കഴിഞ്ഞ വെള്ളിയാഴ്ച നടന്ന അന്നദാനത്തില്‍ പങ്കെടുത്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in