ഗ്രാമീണ തൊഴില്‍ വേതനത്തില്‍ ഒന്നാമതായി കേരളം, ദേശീയ ശരാശരിയുടെ രണ്ടിരട്ടി

ഗ്രാമീണ തൊഴില്‍ വേതനത്തില്‍ ഒന്നാമതായി കേരളം, ദേശീയ ശരാശരിയുടെ രണ്ടിരട്ടി

രാജ്യത്ത് ഗ്രാമീണ മേഖലയിലെ തൊഴില്‍ വേതനത്തില്‍ ഒന്നാം സ്ഥാനത്ത് കേരളം. കേരളത്തിലെ ഗ്രാമീണ തൊഴിലാളികള്‍ക്ക് മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങി രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ ലഭിക്കുന്ന വേതനത്തിന്റെ രണ്ടിരട്ടിയാണ് ലഭിക്കുന്നത്. കൂടാതെ കേരളത്തില്‍ ലഭിക്കുന്ന വേതനം ദേശീയ ശരാശരിയുടെ ഇരട്ടിക്ക് മുകളിലാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ ഒരു ഗ്രാമീണ തൊഴിലാളിക്ക് (കാര്‍ഷികേതര വിഭാഗത്തിലെ പുരുഷന്മാര്‍) 2020-21 വര്‍ഷത്തില്‍ പ്രതിദിനം ശരാശരി 677.6 രൂപ കൂലി ലഭിക്കുന്നുണ്ടെന്ന് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ തലത്തില്‍ നോക്കുമ്പോള്‍ 315.3 രൂപയാണ് ഒരു തൊഴിലാളിക്ക് ലഭിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ വ്യാവസായിക സംസ്ഥാനവും മുന്‍നിര കാര്‍ഷികോല്‍പാദക സംസ്ഥാനവുമാണ് മഹാരാഷ്ട്ര. അവിടെ ഒരു ഗ്രാമീണ തൊഴിലാളിക്ക് ലഭിക്കുന്നത് വെറും 262.3 രൂപയാണ്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ ഇന്ത്യന്‍ ലേബര്‍ ജേണലില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളാണ്.

ഗുജറാത്തില്‍ പ്രതിദിനം ഒരു തൊഴിലാളിക്ക് കൂലിയായി കിട്ടുന്നത് 239.6 രൂപയാണ്. ഉത്തര്‍പ്രദേശില്‍ 286.8 രൂപയും ബിഹാറില്‍ ശരാശരി 289.3 രൂപയുമാണ് ഗ്രാമീണ തൊഴിലാളിയുടെ പ്രതിദിന വേതനമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അതേസമയം വേതനത്തിന്റെ കാര്യത്തില്‍ ജമ്മുകശ്മീരും തമിഴ്നാടുമാണ് കേരളത്തിന് തൊട്ടുപിന്നിലുള്ളത്. ജമ്മുകശ്മീരില്‍ 483 രൂപയും തമിഴ്നാട്ടില്‍ 449.5 രൂപയുമാണ് ഗ്രാമീണ തൊഴിലാളികള്‍ക്ക് ശരാശരി പ്രതിദിന വേതനം. തിരഞ്ഞെടുത്ത 20 സംസ്ഥാനങ്ങളില്‍ 15 സംസ്ഥാനങ്ങളിലും ഗ്രാമീണ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന വേതനം ദേശീയ ശരാശരിയേക്കാളും പിന്നിലാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ഗ്രാമീണ കാര്‍ഷിക വിഭാഗത്തില്‍ തൊഴിലാളികളുടെ വേതനത്തിലും കേരളമാണ് മുന്നില്‍. ഗ്രാമീണ കര്‍ഷകതൊഴിലാളികള്‍ക്ക് കേരളത്തില്‍ 706.5 രൂപയാണ് ശരാശരി ഒരു ദിവസം ലഭിക്കുന്ന കൂലി. ജമ്മുകശ്മീരില്‍ 501.1 രൂപയും തമിഴ്നാട്ടില്‍ 432.2 രൂപയുമാണ്. 309.9 രൂപയാണ് ദേശീയ ശരാശരി.

ഗുജറാത്തിലേക്ക് വരുമ്പോള്‍ 213.1 രൂപയും മഹാരാഷ്ട്രയില്‍ 267.7 രൂപയുമാണ് 2020-21 വര്‍ഷത്തില്‍ പ്രതിദിനം ഗ്രാമീണ ര്‍ഷകതൊഴിലാളികള്‍ക്ക് ലഭിച്ചതെന്ന് റിസര്‍വ് ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു. പഞ്ചാബില്‍ 357 രൂപയും ഹരിയാണയില്‍ 384.8 രൂപയുമാണ് ലഭിക്കുന്നത്.

നിര്‍മാണ മേഖല പരിശോധിക്കുമ്പോഴും ഗ്രാമീണ തൊഴിലാളികളുടെ വേതനത്തില്‍ കേരളം തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍ക്ക് കേരളത്തില്‍ 829.7 രൂപയാണ് ലഭിക്കുന്നത്. അതേസമയം ദേശീയ ശരാശരി 362.2 രൂപ മാത്രമാണ്. തമിഴ്നാട്ടില്‍ 468.3 രൂപയും മഹാരാഷ്ട്രയില്‍ 347.9 രൂപയുമാണ് നിര്‍മ്മാണ മേഖലയില്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in