ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് വിടണം, കേരളത്തിലേക്ക് അന്വേഷണ സംഘത്തെ അയക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് വിടണം, കേരളത്തിലേക്ക് അന്വേഷണ സംഘത്തെ അയക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളും കണ്ടെത്തലുകളും പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ. റിപ്പോര്‍ട്ട് പരാതിക്കാര്‍ക്ക് നല്‍കണം. ഇല്ലെങ്കില്‍ കമ്മീഷന്‍ ഇടപെടുമെന്നും രേഖ ശര്‍മ പറഞ്ഞു.

വിഷയവുമായി ബന്ധപ്പെട്ട് ഡബ്ല്യു.സി.സി നിരന്തരം പരാതികള്‍ നല്‍കുന്നുണ്ട്. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയെന്നും രേഖ ശര്‍മ പറഞ്ഞു.

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം പുറത്ത് വിടണമായിരുന്നു. റിപ്പോര്‍ട്ട് ഇതുവരെയും വനിതാ കമ്മീഷനും സമര്‍പ്പിച്ചിട്ടില്ല. 15 ദിവസത്തിനകം ചീഫ് സെക്രട്ടറി ഇക്കാര്യത്തില്‍ മറുപടി നല്‍കണം. ഒപ്പം കമ്മിറ്റിയുടെ കണ്ടെത്തലുകളും ശുപാര്‍ശകളും അടിയന്തരമായി പുറത്തുവിടണമെന്നുമാണ് പറഞ്ഞിരിക്കുന്നത്.

ഡബ്ല്യു.സി.സി നിരന്തരം പരാതി നല്‍കിക്കൊണ്ടിരിക്കുന്ന സാഹചര്യമാണെന്നും കേരളത്തിലെ സിനിമ മേഖലയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഏറെ നാളായി നിലനില്‍ക്കുന്നുണ്ടെന്നും പ്രൊഡക്ഷന്‍ ഹൗസുകളില്‍ ഇപ്പോഴും ഐസിസി സംവിധാനം നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ലെന്നും രേഖ ശര്‍മ വിമര്‍ശിച്ചു.

സംസ്ഥാന സര്‍ക്കാരിന് ഇതില്‍ ഉത്തരവാദിത്തമുണ്ട്. ഇതില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാന്‍ സര്‍ക്കാരിന് കഴിയില്ല. റിപ്പോര്‍ട്ട് വനിത കമ്മീഷന് ഇതുവരെയും കൈമാറിയിട്ടില്ല. റിപ്പോര്‍ട്ട് കൈമാറിയിട്ടില്ലെങ്കില്‍ കമ്മീഷന്‍ ഇടപെടുമെന്നും രേഖ ശര്‍മ പറഞ്ഞു.