'70 വര്‍ഷം കൊണ്ടുണ്ടാക്കിയെടുത്തതെല്ലാം മോദി ഇഷ്ടക്കാര്‍ക്ക് സമ്മാനമായി നല്‍കുകയാണ്', കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

'70 വര്‍ഷം കൊണ്ടുണ്ടാക്കിയെടുത്തതെല്ലാം മോദി ഇഷ്ടക്കാര്‍ക്ക് സമ്മാനമായി നല്‍കുകയാണ്', കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

കേന്ദ്രസര്‍ക്കാരിന്റെ ദേശീയ ധനസമാഹരണ പദ്ധതിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. 70 വര്‍ഷം കൊണ്ട് ഉണ്ടാക്കിയെടുത്ത രാജ്യത്തിന്റെ സ്വത്ത് മോദി സര്‍ക്കാര്‍ അവരുടെ സുഹൃത്തുക്കള്‍ക്ക് സമ്മാനമായി നല്‍കുകയാണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

കേന്ദ്രത്തിന്റെ നടപടി തൊഴിലില്ലായ്മ രൂക്ഷമാക്കും, കുത്തകകളെ സൃഷ്ടിക്കും. പ്രധാനമന്ത്രി പ്രവര്‍ത്തിക്കുന്നത് രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടിയല്ലെന്നും, രണ്ടോ മൂന്നോ വ്യവസായികള്‍ക്ക് വേണ്ടിയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

കഴിഞ്ഞ 70 വര്‍ഷത്തിനിടെ കോണ്‍ഗ്രസ് ഒന്നും ചെയ്തിട്ടില്ലെന്നാണ് മോദി പറയുന്നത്. എന്നാല്‍ ഏഴ് പതിറ്റാണ്ടുകളിലായി പൊതുപണം ഉപയോഗിച്ച് സൃഷ്ടിക്കപ്പെട്ടതെല്ലാമാണ് ഇപ്പോള്‍ മോദി വ്യവസായികള്‍ക്ക് വിട്ടുനല്‍കുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കേന്ദ്രസര്‍ക്കാര്‍ തകര്‍ത്തു, ഇപ്പോള്‍ അവസാന മാര്‍ഗമെന്ന നിലയില്‍ എല്ലാം വിറ്റുതുലയ്ക്കുകയാണെന്നും, മാധ്യമങ്ങളോട് സംസാരിക്കവെ രാഹുല്‍ പറഞ്ഞു.

എല്ലാവര്‍ക്കും അറിയാം രാജ്യത്തെ വിമാനത്താവളങ്ങളും, ദേശീയപാതകളും, തുറമുഖങ്ങളും ആര്‍ക്കാണ് ലഭിക്കാന്‍ പോകുന്നതെന്ന്. മോദി സര്‍ക്കാര്‍ മഹാമാരിയുടെ സമയത്ത് ജനങ്ങളെ സഹായിച്ചില്ലെന്നും കര്‍ഷകദ്രോഹ നടപടികളാണ് സ്വീകരിച്ചതെന്നും രാഹുല്‍ ആരോപിച്ചു.

കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബി.ജെ.പിയും രംഗത്തെത്തി. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ ആസ്തി വിറ്റഴിക്കലുകള്‍ അഴിമതിയായിരുന്നോ എന്നും, മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്ത് ഓഹരി വില്‍ക്കാന്‍ യു.പി.എ അധ്യക്ഷ എന്ന നിലയില്‍ നേത്യത്വം നല്‍കിയ സോണിയാഗാന്ധി രാജ്യത്തെ വില്‍ക്കുകയായിരുന്നോ എന്ന് രാഹുല്‍ വ്യക്തമാക്കണമെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in