വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിച്ചവരുടെ മക്കള്‍ക്കും സ്വത്തവകാശമുണ്ട്; സുപ്രീം കോടതി

വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിച്ചവരുടെ മക്കള്‍ക്കും സ്വത്തവകാശമുണ്ട്; സുപ്രീം കോടതി

വിവാഹം കഴിക്കാതെ ഒരുപാട് കാലം ഒരുമിച്ച് ജീവിച്ച സ്ത്രീയെയും പുരുഷനെയും ഭാര്യാഭര്‍ത്താക്കന്മാരായി പരിഗണിക്കാമെന്നും ഇവരുടെ മക്കള്‍ക്ക് പാരമ്പര്യ സ്വത്ത് നിഷേധിക്കരുതെന്നും സുപ്രീം കോടതി.

കേരള ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു വിധി.

കോഴിക്കോട് ജില്ലയിലെ കെ ഇ കരുണാകരന്‍ എന്നയാളുടെ സ്വത്തുമായി ബന്ധപ്പെട്ടാണ് വിധി.

കരുണാകരന്‍ എന്നയാളുടെ നാല് മക്കളില്‍ ചിരുതക്കുട്ടിയെന്ന സ്ത്രീയില്‍ ജനിച്ച മകനായ ദാമോദരനാണ് സ്വത്തവകാശം സംബന്ധിച്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഇയാള്‍ക്ക് സ്വത്ത് നല്‍കേണ്ടതില്ലെന്നായിരുന്നു ഹൈക്കോടതി വിധി. ഇത് റദ്ദ് ചെയ്തിരിക്കുകയാണ് സുപ്രീം കോടതി.

ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നാസര്‍, വിക്രം നാഥ് എന്നിവരടങ്ങുന്ന ബെഞ്ച് ആണ് വിധി പുറപ്പെടുവിച്ചത്.

ഒരുപാട് കാലം ഒരുമിച്ച് താമസിച്ച പുരുഷനും സ്ത്രീയും വിവാഹിതരായി തന്നെ കണക്കാക്കാം എന്ന് പറഞ്ഞ കോടതി, ഇങ്ങനെ ജനിക്കുന്ന മക്കള്‍ക്ക് അവരുടെ സ്വത്തില്‍ അവകാശമുണ്ടെന്നും വ്യക്തമാക്കുകയായിരുന്നു.

ഇരുവരും ഭാര്യാഭര്‍ത്താക്കന്മാരായി തന്നെ ജീവിച്ചിരുന്നതായി കണ്ടെത്തിയ വിചാരണ കോടതി സ്വത്ത് തുല്യമായി വീതിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ കരുണാകരന്റെ മകന്‍ അച്യുതന്റെ മക്കള്‍ നല്‍കിയ പരാതിയിലാണ് ഹൈക്കോടതി അനകൂല വിധി പുറപ്പെടുവിച്ചത്. ഈ വിധി ചോദ്യം ചെയ്താണ് ദാമോദരന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

സ്വത്തു ഭാഗം വയ്ക്കല്‍ കേസുകളില്‍ വിചാരണക്കോടതിയുടെ പ്രാഥമിക ഉത്തരവ്, കേസിന്റെ തീര്‍പ്പിലേക്കുള്ള തുടക്കമായി കണക്കാക്കാമെന്നും ഇത്തരം കേസുകള്‍ അനന്തമായി നീട്ടിക്കൊണ്ട് പോകരുതെന്നും സുപ്രീം കോടതി പരാമര്‍ശിച്ചു.

The Cue
www.thecue.in