
കേരളത്തില്‍ ബി.ജെ.പി അധികാരത്തില്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്‍ പ്രഹ്ലാദ് മോദി. അതിന് മോദിക്ക് കുറച്ച് കൂടി സമയം വേണമെന്നും പ്രഹ്ലാദ് മോദി പറഞ്ഞു.
കുട്ടിയായിരുന്നപ്പോള്‍ മുതലക്കുഞ്ഞിനെയും കൊണ്ട് മോദി വീട്ടില്‍ വന്ന സാഹസിക കഥയും പ്രഹ്ലാദ് മോദി പറഞ്ഞു. സുഹൃത്തിന്റെ മകളുടെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തിയതാണ് പ്രഹ്ലാദ് മോദി.
'പ്രധാനമന്ത്രി ഹിന്ദു മൗലികവാദി ആണെന്ന ആരോപണം തെറ്റാണ്. വീടിനെക്കാള്‍ നന്നായി നാട് ഭരിക്കുന്ന മോദി കുടുംബത്തിന്റെ അഭിമാനമാണ്. ഗുജറാത്തില്‍ പട്ടം ബിസിനസ് നടത്തുന്നവരില്‍ ഏറെയും മുസ്ലീങ്ങളാണ്. നരേന്ദ്ര മോദി ഹിന്ദുത്വവാദി ആയിരുന്നെങ്കില്‍ പട്ടത്തിന്റെ വ്യാപാരം ഉയര്‍ച്ചയിലേക്ക് എത്തില്ലായിരുന്നു. മുസ്ലിങ്ങളും ഇന്ത്യയുടെ ഭാഗമാണെന്ന് വിശ്വസിക്കുന്ന ആളാണ് മോദി.
കുട്ടിയായിരുന്നപ്പോള്‍ മോദി ഒരു മുതലക്കുഞ്ഞിനെയും കൊണ്ട് വീട്ടിലേക്ക് വന്നു. അപ്പോള്‍ അമ്മ അവനോട് ചോദിച്ചു. മകനെ, നിന്നെ ആരെങ്കിലും അമ്മയില്‍ നിന്ന് നിന്നെ അകറ്റി നിര്‍ത്തിയാല്‍ നിനക്ക് സഹിക്കാനാകുമോ എന്ന്. ഉടനെ തന്നെ മോദി ആ മുതലക്കുഞ്ഞിനെ കുളത്തില്‍ കൊണ്ട് പോയി ഇട്ടു.
ഏറെ കാലമായുള്ള കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മാറ്റാന്‍ മോദിക്ക് കുറച്ചുകൂടി സമയം വേണം. ഒരു ദിവസം കേരളത്തിലെ ജനത ബിജെപിയെ അധികാരത്തിലേറ്റും,' പ്രഹ്ലാദ് മോദി പറഞ്ഞു.