യുപി കേരളമായാല്‍ മികച്ച ആരോഗ്യവും വിദ്യാഭ്യാസവും ഉറപ്പ്; യോഗിക്ക് പിണറായിയുടെ മറുപടി

യുപി കേരളമായാല്‍ മികച്ച ആരോഗ്യവും വിദ്യാഭ്യാസവും ഉറപ്പ്; യോഗിക്ക് പിണറായിയുടെ മറുപടി

സൂക്ഷിച്ച് വോട്ട് ചെയ്തില്ലെങ്കില്‍ യുപി കേരളമാകുമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

യുപി കേരളമായാല്‍ മികച്ച വിദ്യാഭ്യാസ സൗകര്യമുണ്ടാകും, ആരോഗ്യ സേവനങ്ങളുണ്ടാകും, സാമൂഹിക ക്ഷേമമുണ്ടാകും, ജീവിതനിലവാരമുണ്ടാകും സര്‍വ്വോപരി ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യര്‍ കൊല്ലപ്പെടാത്ത ഒരു സമൂഹവുമുണ്ടാകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

അതിനെയാണ് ആദിത്യനാഥ് ഭയപ്പെടുന്നതെന്നും, സത്യത്തില്‍ അതാണ് യുപിയിലെ ജനങ്ങള്‍ക്ക് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ട്വിറ്ററില്‍ ആദിത്യനാഥിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ഉത്തര്‍പ്രദേശില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കവെ കേരളത്തിന്റെ പേര് പരാമര്‍ശിച്ച് ആദിത്യനാഥ് വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ചെറിയൊരു അബദ്ധം പറ്റിയാല്‍ ഉത്തര്‍പ്രദേശ്, കശ്മീരോ കേരളമോ പശ്ചിമ ബംഗാളോ ആയി മാറുമെന്നാണ് യോഗി പറഞ്ഞത്

ബിജെപിക്ക് വോട്ട് ചെയ്യുന്നത് ഭയരഹിതമായ ജീവിതം ഉറപ്പ് നല്‍കുമെന്നും യോഗിയുടെ അവകാശപ്പെട്ടിരുന്നു.

''എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ അത്ഭുതകരമായ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചു. സൂക്ഷിച്ച് വോട്ട് ചെയ്യണം. നിങ്ങള്‍ക്ക് തെറ്റുപറ്റിയാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ അദ്ധ്വാനമായിരിക്കും നഷ്ടമാകുക. ഉത്തര്‍പ്രദേശ് കശ്മീരും ബംഗാളും കേരളവും ആകാന്‍ അധിക സമയം വേണ്ടിവരില്ല,'' എന്നായിരുന്നു ആദിത്യനാഥ് പറഞ്ഞത്.

ആറ് മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കഴിഞ്ഞ അഞ്ച വര്‍ഷവും ബിജെപി സര്‍ക്കാര്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചുവെന്നും ആദിത്യനാഥ് അവകാശപ്പെട്ടു.

പടിഞ്ഞാറന്‍ യുപിയില്‍ 58 മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 2.27 കോടി വോട്ടര്‍മാര്‍ ഇന്ന് വോട്ട് രേഖപ്പെടുത്തും.പതിനൊന്ന് ജില്ലകളിലെ 58 മണ്ഡലങ്ങളിലായി 623 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ ഏഴ് മണിക്കാണ് പോളിങ്ങ് ആരംഭിച്ചത്.

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുട സാന്നിധ്യത്തിലാണ് യുപിയില്‍ പ്രകടനപത്രിക പുറത്തിറക്കിയത്. ലവ്ജിഹാദിന് പത്ത് വര്‍ഷവും തടവും ഒരു ലക്ഷം രൂപ പിഴയും എന്നതായിരുന്നു പ്രധാന വാഗ്ദാനം. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in