വിദ്വേഷ പ്രസംഗം: പി.സി ജോര്‍ജ് കസ്റ്റഡിയില്‍, അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

വിദ്വേഷ പ്രസംഗം: പി.സി ജോര്‍ജ് കസ്റ്റഡിയില്‍, അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

തിരുവനന്തപുരത്ത് ഹിന്ദു മഹാസമ്മേളന വേദിയില്‍ കൊടിയ വര്‍ഗീയ പ്രചരണവും മുസ്ലിം വിദ്വേഷ പ്രസംഗവും നടത്തിയ ജനപക്ഷം നേതാവ് പി.സി.ജോര്‍ജ് പൊലീസ് കസ്റ്റഡിയില്‍. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ഫോര്‍ട്ട് പൊലീസാണ് കസ്റ്റഡിയില്‍ എടുത്തത്. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

കസ്റ്റഡിയില്‍ എടുത്ത പി.സി ജോര്‍ജിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരികയാണ്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പൊലീസ് പി.സി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയത്. ഡി.ജി.പി അനില്‍കാന്തിന്റെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തത്.

പി.സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തില്‍ നിന്ന്

മുസ്ലിം ഹോട്ടലുകളില്‍ ചായയില്‍ ഫില്ലര്‍ ഉപയോഗിച്ച് മിശ്രിതം ചേര്‍ത്ത് ഹിന്ദുക്കളെ വന്ധ്യംകരിക്കുന്നുണ്ടെന്നും മുസ്ലിങ്ങള്‍ ജനസംഖ്യ വര്‍ധിപ്പിച്ച് കേരളത്തെ മുസ്ലിംരാഷ്ട്രമാക്കാനാണ് നോക്കുന്നതെന്നും പി.സി ജോര്‍ജ്ജ്.

മുസ്ലിങ്ങള്‍ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ആക്രമിക്കുകയാണെന്നും പി.സി ജോര്‍ജ്ജ്. കടുത്ത മുസ്ലിം വിരുദ്ധതയും സ്ത്രീ വിരുദ്ധതയും നിറഞ്ഞ പരാമര്‍ശങ്ങള്‍ക്കെതിരെ യൂത്ത് ലീഗ് മുഖ്യമന്ത്രിയെയും ഡിജിപിയെയും സമീപിച്ചിട്ടുണ്ട്.

ലവ് ജിഹാദ് വഴി ഹിന്ദു-ക്രിസ്ത്യന്‍ യുവതികളെ തട്ടിയെടുത്ത് ഭീകരവാദികള്‍ക്ക് ബലാല്‍സംഗം ചെയ്യാന്‍ നല്‍കുന്നുണ്ടെന്നും പി.സി ജോര്‍ജ്ജ്. ഹിന്ദുക്കള്‍ ക്ഷേത്രങ്ങളില്‍ പണം നല്‍കിയാല്‍ അത് സര്‍ക്കാര്‍ മറ്റ് കാര്യങ്ങള്‍ക്ക് വിനിയോഗിക്കുമെന്ന വ്യാജവാദവും പി.സി ജോര്‍ജ്ജ് ആവര്‍ത്തിക്കുന്നു. ക്ഷേത്രങ്ങളുടെ നിയന്ത്രണം ലഭിക്കാന്‍ ഹിന്ദുസംഘടനകള്‍ യുദ്ധത്തിനൊരുങ്ങണമെന്നും പി.സി.ജോര്‍ജ്ജ്.