പി.സി ജോര്‍ജിന്റെ വെണ്ണലയിലെ വിദ്വേഷ പ്രസംഗം: ഗൂഢാലോചനയുണ്ടോ എന്നും അന്വേഷിക്കും; കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍

പി.സി ജോര്‍ജിന്റെ വെണ്ണലയിലെ വിദ്വേഷ പ്രസംഗം: ഗൂഢാലോചനയുണ്ടോ എന്നും  അന്വേഷിക്കും; കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍

തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗത്തിന് പിന്നാലെ പി.സി ജോര്‍ജിനെ വെണ്ണലയില്‍ പ്രസംഗിക്കാന്‍ ക്ഷണിച്ചതില്‍ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു.

വെണ്ണലയിലെ ഒരു ക്ഷേത്രത്തില്‍ സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടന്ന പ്രഭാഷണത്തിലാണ് പി.സി ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തിയത്. മുന്‍ പ്രസംഗം ആവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ടെന്ന് മനസിലാക്കിയാണോ ക്ഷണമെന്ന് സംശയമുണ്ട്. സംഘാടകര്‍ക്കെതിരെ ആവശ്യമെങ്കില്‍ കേസെടുക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

വിദ്വേഷ പ്രസംഗത്തിന് കേസുള്ള ആളെ വീണ്ടും വിളിച്ച് കൊണ്ടുവന്ന് സമാന പ്രസംഗം ആവര്‍ത്തിക്കാനുള്ള ശ്രമം സംഘാടകര്‍ ചെലുത്തിയൊ എന്നും അന്വേഷിക്കുമെന്ന് പൊലീസ്. കേസില്‍ പി.സി ജോര്‍ജിന്റെ അറസ്റ്റുണ്ടാകുമെന്നും എന്നാല്‍ തിടുക്കമില്ലെന്നും സി.എച്ച് നാഗരാജു പറഞ്ഞു.

കേസില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് പി.സി ജോര്‍ജ് എറണാകുളം സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും ആവശ്യം കോടതി തള്ളുകയായിരുന്നു. തിങ്കളാഴ്ചയാണ് പി.സി ജോര്‍ജിന്റെ ഹര്‍ജി ഇനി കോടതി പരിഗണിക്കുക.