വിദ്വേഷ പ്രസംഗത്തില്‍ പി.സി ജോര്‍ജിന് ജാമ്യം; അറസ്റ്റ് മുസ്ലിം തീവ്രവാദികള്‍ക്കുള്ള പിണറായി വിജയന്റെ റംസാന്‍ സമ്മാനമെന്ന് പി.സി

വിദ്വേഷ പ്രസംഗത്തില്‍ പി.സി ജോര്‍ജിന് ജാമ്യം;  അറസ്റ്റ് മുസ്ലിം തീവ്രവാദികള്‍ക്കുള്ള പിണറായി വിജയന്റെ റംസാന്‍ സമ്മാനമെന്ന് പി.സി

വിദ്വേഷ പ്രസംഗത്തില്‍ പി.സി ജോര്‍ജിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് മജിസ്‌ട്രേറ്റ് കോടതി. സാക്ഷികളെ സ്വാധീനിക്കരുത്, വിദ്വേഷ പരാമര്‍ശങ്ങള്‍ ഉണ്ടാകരുത് എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം.

പറഞ്ഞ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ജാമ്യം കിട്ടിയതിന് ശേഷം പി.സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ മുസ്ലിം തീവ്രവാദികള്‍ക്കുള്ള റംസാന്‍ സമ്മാനമാണ് തന്റെ അറസ്റ്റെന്നും പി.സി ജോര്‍ജ്.

പി.സി ജോര്‍ജ് പറഞ്ഞത്

ഞാന്‍ എന്തെല്ലാം കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടോ അതിലെല്ലാം ഉറച്ച് നില്‍ക്കുന്നവനാണ്. കഴിഞ്ഞ ദിവസം ഹിന്ദു മഹാസമ്മേളനത്തില്‍ ഹാളില്‍ നിന്നാണ് പ്രസംഗം നടത്തിയത്. ആ പ്രസംഗത്തില്‍ ഞാന്‍ മുസ്ലിം തീവ്രവാദികളുടെ വോട്ട് എനിക്ക് വേണ്ട എന്ന് പറഞ്ഞു. ഇന്ത്യാ രാജ്യത്തെ സ്‌നേഹിക്കാത്തവന്‍ മുസ്ലിമാണെങ്കിലും, ഹിന്ദുവാണെങ്കിലും ക്രിസ്ത്യാനിയാണെങ്കിലും എനിക്ക് അവരുടെ വോട്ട് വേണ്ട എന്നാണ് പറഞ്ഞത്. അങ്ങനെയുള്ള ഞാനെങ്ങനെ വര്‍ഗീയ വാദിയാകും.

ഇപ്പോഴും ഞാന്‍ പറയുന്നു ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ മുസ്ലിം തീവ്രവാദികള്‍ക്കുള്ള റംസാന്‍ സമ്മാനമാണ് എന്റെ അറസ്റ്റ്. എന്നെ ഫോണില്‍ വിളിച്ചാല്‍ ഞാന്‍ കോടതിയില്‍ വരില്ലേ. അതിന് രാത്രി പാതിരാത്രിക്ക് പത്തമ്പത് പൊലീസുകാര്‍ ഈരാറ്റുപേട്ടയില്‍ വരണോ?.

ഇന്ത്യന്‍ നീതി പീഠമെന്ന് പറയുന്നത് നീതി പീഠമാണ്. ഞാന്‍ പറഞ്ഞതില്‍ ഒരു കാര്യത്തില്‍ തിരുത്തുണ്ട്. ഞാന്‍ പറഞ്ഞതില്‍ മതസൗഹാര്‍ദ്ദ വിരുദ്ധമായിട്ട് എന്തെങ്കിലും ഉണ്ടെന്ന് കരുതുന്നില്ല. മുസ്ലിം വിഭാഗത്തില്‍ ഒരു ഭാഗം തീവ്രവാദത്തിന് അനുകൂലമായി നില്‍ക്കുകയാണ്.

മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐയുടെ യൂണിറ്റ് പ്രസിഡന്റായിരുന്ന അഭിമന്യുവിനെ കുത്തിക്കൊന്നതിന് ശേഷമാണ് ഞാന്‍ അവരുമായി പിണങ്ങുന്നത്. അത് തെറ്റായി പോയി എന്ന് പറയാതിരിക്കാന്‍ കഴിയുമോ. ഇപ്പോഴും ഞാന്‍ ആ സ്റ്റാന്‍ഡില്‍ നില്‍ക്കുന്നു.