'ഒരു ലക്ഷ്മണ രേഖയുണ്ട്'; രാജ്യദ്രോഹ നിയമം മരവിപ്പിച്ചതില്‍ സുപ്രീംകോടതിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി

'ഒരു ലക്ഷ്മണ രേഖയുണ്ട്'; രാജ്യദ്രോഹ നിയമം മരവിപ്പിച്ചതില്‍ സുപ്രീംകോടതിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി

രാജ്യദ്രോഹ നിയമം മരവിപ്പിച്ച ഉത്തരവില്‍ സുപ്രീംകോടതിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു. കോടതിയെയും അതിന്റെ സ്വാതന്ത്ര്യത്തെയും ഞങ്ങള്‍ ബഹുമാനിക്കുന്നു. എന്നാല്‍ ഒരു ലക്ഷ്മണ രേഖയുണ്ട്. അതൊരിക്കലും മറികടക്കാന്‍ പാടില്ലെന്നായിരുന്നു കിരണ്‍ റിജിജുവിന്റെ പ്രതികരണം.

കോടതി സര്‍ക്കാരിനെയും നിയമനിര്‍മ്മാണ സഭയെയും ബഹുമാനിക്കണം. തിരിച്ച് സര്‍ക്കാര്‍ കോടതിയെയും ബഹുമാനിക്കണം. ഇതില്‍ കൃത്യമായ അതിര്‍വരമ്പുണ്ട്. ഇന്ത്യന്‍ ഭരണഘടനയിലെ വ്യവസ്ഥകളെയും നിലവിലെ നിയമങ്ങളെയും ബഹുമാനിക്കുന്നുണ്ടെന്ന കാര്യം ഉറപ്പു വരുത്തേണ്ടതുണ്ടെന്നും മന്ത്രി. അതേസമയം കോടതി ഉത്തരവ് തെറ്റായിരുന്നോ എന്ന ചോദ്യത്തിന് മന്ത്രി മറുപടി നല്‍കിയില്ല.

ബുധനാഴ്ച രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ അധികാരം നല്‍കുന്ന 124 എ വകുപ്പ് സുപ്രീം കോടതി മരവിപ്പിച്ചിരുന്നു. കൊളോണിയല്‍ കാലത്ത് കൊണ്ടുവന്ന രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട നിയമങ്ങളുടെ പുനഃപരിശോധന കേന്ദ്ര സര്‍ക്കാര്‍ പൂര്‍ത്തിയാക്കുന്നത് വരെയാണ് കുറ്റം ചുമത്തുന്നത് മരവിപ്പിക്കുക.

കേന്ദ്രവും സംസ്ഥാനങ്ങളും ഇന്ത്യന്‍ ശിക്ഷാ നിയമം 124 എ വകുപ്പ് അനുസരിച്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ഉത്തരവില്‍ മരവിപ്പിക്കുക എന്ന വാക്ക് കോടതി ഉപയോഗിച്ചില്ലെങ്കിലും പ്രസ്തുത വകുപ്പ് ചുമത്താന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി.