മുഖ്യമന്ത്രിയോട് കൈകൂപ്പി അപേക്ഷിക്കുന്നു, സില്‍വര്‍ ലൈന്‍ പദ്ധതി പുനപരിശോധിക്കണം: മേധ പട്കര്‍

മുഖ്യമന്ത്രിയോട് കൈകൂപ്പി അപേക്ഷിക്കുന്നു, സില്‍വര്‍ ലൈന്‍ പദ്ധതി പുനപരിശോധിക്കണം: മേധ പട്കര്‍

സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധ പട്കര്‍. പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി പുനരാലോചിക്കണമെന്നും താന്‍ കൈകൂപ്പി ആവശ്യപ്പെടുകയാണെന്നും മേധ പട്കര്‍ പറഞ്ഞു.

പദ്ധതി പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്ന ഒരു പഠനം പോലും ഉണ്ടായിട്ടില്ലെന്നും മേധ പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകായിരുന്നു.

മേധ പട്കര്‍ പറഞ്ഞത്

ഗുരുതരമായ സാഹചര്യമാണ് രാജ്യം അഭിമുഖീകരിക്കുന്നത്. ഒരു തരത്തില്‍ നമ്മുടെ സഹോദരങ്ങളെ നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരുപാട് പേരെ നമുക്ക് ഇതിനോടകം ഓക്‌സിജന്‍ കിട്ടാതെ നഷ്ടമായി. അധികാരികള്‍ക്ക് ഇപ്പോഴും മനസിലായിട്ടില്ല, ജനങ്ങള്‍ക്ക് വേണ്ട പ്രകൃതി വിഭവങ്ങളെക്കുറിച്ച്. അതുകൊണ്ടാണ് ജനങ്ങള്‍ ആര്‍ജവത്തോടെ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ നമുക്ക് ഒപ്പം നില്‍ക്കേണ്ടി വരുന്നത്. അത് തന്നെയാണ് കെ-റെയിലിലും സംഭവിക്കുന്നത്.

കെ റെയിലിന്റെ പേരില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നറിയാന്‍ അതിന്റെ പേരില്‍ കല്ലുകള്‍ സ്ഥാപിച്ചിരിക്കുന്നത് നോക്കാന്‍ അടുത്ത ദിവസം കോഴിക്കോടേക്ക് പോവുകയാണ്.

എത്രമാത്രം പരിസ്ഥിതി ആഘാതം കെ-റെയില്‍ കൊണ്ടു വരുമെന്ന് അറിയാന്‍ ഒരു പരിസ്ഥിതി പഠനം പോലും നടത്തിയിട്ടില്ല. നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ ഇത് അംഗീകരിച്ചിട്ടില്ല. കേന്ദ്രം അംഗീകാരം പോലും നല്‍കിയിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനോട് കൈകൂപ്പി അപേക്ഷിക്കുകയാണ്. അദ്ദേഹം എന്തോ അസുഖത്തിന് ചികിത്സിക്കുകയാണ് എന്നാണ് അറിഞ്ഞത്. അദ്ദേഹത്തിന്റെ ജീവിതം രക്ഷിക്കുന്നതിനൊപ്പം മറ്റുള്ളവരുടെ ജീവതവും രക്ഷിക്കുക. ആ പദ്ധതി ഒന്നുകൂടി പുനപരിശോധിക്കണം. നിലവിലെ റെയില്‍വേ സിസ്റ്റം ഒന്നുകൂടി നവീകരിക്കണം.

The Cue
www.thecue.in