'അവര്‍ ശ്രമിച്ചത് താല്‍പര്യമുള്ളയാള്‍ക്ക് നിയമനം നല്‍കാന്‍', വിഷയവിദഗ്ധര്‍ ഉപജാപം നടത്തിയെന്ന് എം.ബി രാജേഷ്

'അവര്‍ ശ്രമിച്ചത് താല്‍പര്യമുള്ളയാള്‍ക്ക് നിയമനം നല്‍കാന്‍', വിഷയവിദഗ്ധര്‍ ഉപജാപം നടത്തിയെന്ന് എം.ബി രാജേഷ്

നിയമന വിവാദത്തില്‍ പ്രതികരണവുമായി മുന്‍ എം.പി എം.ബി.രാജേഷ്. ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്ന വിഷയവിദഗ്ധരായ മൂന്നു പേരില്‍ ഒരാള്‍ക്ക് താല്‍പര്യമുള്ളയാള്‍ക്ക് നിയമനം നല്‍കാനുള്ള ശ്രമമാണ് ഉണ്ടായത്. ഈ മൂന്നു പേരും ഉപജാപം നടത്തിയെന്നും എം.ബി.രാജേഷ് ആരോപിച്ചു.

'മൂന്ന് പേരുടെ വ്യക്തിപരമായ താല്‍പര്യത്തില്‍ നിന്നുണ്ടായ വിഷയമാണ്. സ്വാഭാവികമായിട്ടും ഒരു പ്രശ്നം കയ്യില്‍ കിട്ടിയപ്പോള്‍ പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് സമയത്ത് കിട്ടുന്നതെന്തും ഉപയോഗിക്കുക എന്നത് സ്വാഭാവികമാണ്. അതിലൊന്നും പറയുന്നില്ല. പക്ഷേ അതിനേക്കാള്‍ ഗൗരവമുള്ള പ്രശ്നം, വ്യക്തിതാത്പര്യത്തോടുകൂടി അത് സംരക്ഷിക്കാന്‍ വേണ്ടി ഞെട്ടിക്കുന്ന തരത്തില്‍ മൂന്ന് പേര്‍ ഉപജാപം നടത്തിയെന്നതാണ്.

നിയമനം നല്‍കാന്‍ ശ്രമിക്കുന്ന ആളുടെ ഒപ്പം ജോലി ചെയ്യുന്ന ആള്‍ക്ക് ജോലി നല്‍കാനാണ് ശ്രമം നടന്നത്. വിഷയവിദഗ്ധരായ മൂന്നു പേര്‍ക്കും ഇയാളുമായി ബന്ധമുണ്ടായിരുന്നു. ഇന്റര്‍വ്യൂവില്‍ കൂടിയാലോചിച്ച് ഒരാള്‍ക്ക് നിയമനം നല്‍കാന്‍ തീരുമാനിച്ചു എന്നാണ് ഇവര്‍ തന്നെ വൈസ് ചാന്‍സലര്‍ക്ക് അയച്ച കത്തില്‍ പറയുന്നത്. അതുതന്നെ ക്രമവിരുദ്ധമാണ്. 80 അപേക്ഷകരില്‍നിന്ന് അക്കാദമിക യോഗ്യതകള്‍ നോക്കി തിരഞ്ഞെടുക്കപ്പട്ട ആളാണ് നിനിത. യോഗ്യത സംബന്ധിച്ച് യൂണിവേഴ്സിറ്റി വിശദീകരണം നല്‍കിയിട്ടുണ്ട്.

മൂന്ന് തലത്തിലുള്ള ഉപജാപമാണ് നടന്നത്. ഒന്ന് നിനിത ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാതിരിക്കാന്‍, നിനിതയെ അയോഗ്യയാക്കാന്‍ ഉപജാപം നടന്നു. നിനിതയുടെ പി.എച്ച്.ഡി ഈ ജോലിക്ക് അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് ലഭിച്ചതല്ല ആറ് മാസം മുന്‍പ് കിട്ടിയതാണ് എന്ന് കാലടി യൂണിവേഴ്സിറ്റിയില്‍ വിളിച്ച് പരാതിപ്പെട്ടു, യൂണിവേഴ്സിറ്റി അത് വെരിഫൈ ചെയ്തു. തുടര്‍ന്ന് 2018 ല്‍ ലഭിച്ചതാണെന്ന് ബോധ്യംവന്നു. 2019 ലാണ് നിനിത ജോലിക്ക് അപേക്ഷിക്കുന്നത്. നെറ്റ് 11 വര്‍ഷം മുന്‍പേ ഉണ്ട്.

രണ്ടാമത്തെ കാര്യം അത് പൊളിഞ്ഞപ്പോള്‍ അടുത്ത പരാതിയുമായി വന്നതാണ്. നിനിതയുടെ പി.എച്ച്.ഡിക്കെതിരെ പരാതിയുണ്ടെന്നായിരുന്നു ആരോപണം. അതുംപൊളിഞ്ഞു. ഇതോടെ ഇന്റര്‍വ്യൂവിന് മുന്‍പ് അയോഗ്യയാക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ഇന്റര്‍വ്യൂവിലും ഈ ശ്രമം നടന്നുവെന്നാണ് ചിലരുടെ വെളിപ്പെടുത്തലില്‍ നിന്ന് മനസിലാകുന്നത്. ഞങ്ങള്‍ കൂടിയാലോചിച്ച് ഒരാള്‍ക്ക് മാര്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ചു എന്നാണ് അവര്‍ പറഞ്ഞത്. അതെങ്ങനെയാണ് അങ്ങനെ കൂടിയാലോചിക്കാന്‍ പറ്റുക? അവര്‍ തന്നെ സമ്മതിച്ചിരിക്കുകയാണ് കൂടിയാലോചന നടന്നു എന്നത്. അത് വിജയിക്കാതെ വന്നപ്പോള്‍ 31ാം തിയതി രാത്രി മൂന്ന് പേരും ഒരുമിച്ച് ഒപ്പിട്ട കത്ത് മൂന്നാമൊതൊരാള്‍ മുഖേന നിനിതയ്ക്ക് ലഭ്യമാക്കിക്കൊടുത്തു. എന്നിട്ട് സമ്മര്‍ദ്ദം ചെലുത്തി. പിന്‍വാങ്ങിയില്ലെങ്കില്‍ മാധ്യമങ്ങളില്‍ കൊടുക്കും വലിയ വാര്‍ത്തയാകും വലിയ പ്രശ്നമാകുമെന്ന്. ഇന്റര്‍വ്യൂ ബോര്‍ഡിലെ മൂന്ന് പേരെ കുറിച്ചും അന്വേഷണിക്കണമെന്നാവശ്യപ്പെട്ട് പിറ്റേ ദിവസം തന്നെ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്ക് പരാതി നല്‍കിയിരുന്നു.

ജോയിന്‍ ചെയ്താല്‍ കത്ത് പുറത്തുവിടും എന്നായിരുന്നു ഭീഷണിപ്പെടുത്തിയിരുന്നത്. പിന്നീട് മൂന്നാം തീയതി ജോയിന്‍ ചെയ്തതിനു ശേഷം ഇവര്‍ പരസ്യ പ്രതികരണം നടത്തുകയും പിന്നീട് കത്ത് പുറത്തുവിടുകയുമായിരുന്നു. ഉദ്ദേശം പിന്‍മാറാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. സമ്മര്‍ദ്ദവും ഭീഷണിയും വന്നപ്പോള്‍ അതിന് വഴങ്ങില്ല എന്നു തീരുമാനിച്ചതുകൊണ്ടാണ് ജോയിന്‍ ചെയ്യാന്‍ തീരുമനിച്ചത്', എം.ബി.രാജേഷ് പറഞ്ഞു.

അവര്‍ ഉദ്ദേശിച്ച ഉദ്യോഗാര്‍ത്ഥി ഒരു പ്രമുഖന്റെ കൂടെ ജോലി ചെയ്ത ആളാണ്. ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉള്ള ഒരാള്‍ എഴുതികൊടുത്ത കോണ്‍ടാക്ട് സര്‍ട്ടിഫിക്കറ്റുമായാണ് ആ ഉദ്യോഗാര്‍ത്ഥി എത്തിയത്. ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്ന മൂന്ന് പേര്‍ക്കും ആ ഉദ്യോഗാര്‍ത്ഥിയുമായി ബന്ധമുണ്ടെന്നും എം.ബി.രാജേഷ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതേസമയം ഇന്റര്‍വ്യൂ ബോര്‍ഡ് വി.സിക്ക് അയച്ച കത്തിന്റെ പകര്‍പ്പ് പുറത്തുവന്നു. നിനിതയെ കാലടി സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത് യോഗ്യതയുള്ളവരെ ഒഴിവാക്കിയാണെന്ന് വിഷയവിദഗ്ധര്‍ അയച്ച കത്തില്‍ ആരോപിക്കുന്നു. ഇന്‍ര്‍വ്യൂ ബോര്‍ഡിലെ വിഷയവിദഗ്ധരായ ഡോ. ടി. പി പവിത്രന്‍, ഡോ. കെ.എം ഭരതന്‍, ഡോ ഉമര്‍ തറമേല്‍ എന്നിവരാണ് വി.സിക്ക് കത്തയച്ചത്. മികച്ച രണ്ടോ അതിലധികമോ ഉദ്യോഗാര്‍ത്ഥികളെ മറികടന്നാണ് നിനിത ഒന്നാമതെത്തിയതെന്നും കത്തില്‍ പറയുന്നുണ്ട്.

MB Rajesh Response On Kaladi University Appointment Issue

Related Stories

No stories found.
logo
The Cue
www.thecue.in