മൂന്ന് തവണ അമേരിക്കയില്‍ പോയതും ചികിത്സയ്ക്ക്, പണം ചെലവാക്കിയത് പാര്‍ട്ടി; ഫണ്ട് ആരോപണത്തില്‍ കോടിയേരി

മൂന്ന് തവണ അമേരിക്കയില്‍ പോയതും ചികിത്സയ്ക്ക്, പണം ചെലവാക്കിയത് പാര്‍ട്ടി; ഫണ്ട് ആരോപണത്തില്‍ കോടിയേരി

താന്‍ അമേരിക്കയില്‍ മൂന്ന് തവണ പോയതും ചികിത്സയ്ക്കായാണെ്‌നന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വപ്‌ന സുരേഷ് പുറത്തുവിട്ട ശബ്ദ രേഖയിലെ ഫണ്ട് ആരോപണങ്ങളോട് പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചികിത്സാ ചെലവ് പൂര്‍ണമായും വഹിച്ചത് പാര്‍ട്ടിയാണ്. ഒരു നയാ പൈസ ആരും ചെലവാക്കിയിട്ടില്ല, സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖയിലുള്ള ഷാജ് കിരണ്‍ എന്ന വ്യക്തിയെ അറിയില്ലെന്നും കോടിയേരി പറഞ്ഞു.

ഇങ്ങനെയുള്ള സന്ദര്‍ഭത്തിലെല്ലാം ഇങ്ങനെ ഓരോ ആളുകള്‍ കയറി വരും. അത്തരത്തിലൊരാളാണ് ഷാജ് കിരണ്‍. ആ പേര് തന്നെ ആദ്യമായാണ് കേള്‍ക്കുന്നത്. സ്വപ്നയെ നേരിട്ട് കണ്ടിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

അമേരിക്കയിലേക്കാണ് കോടിയേരിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഫണ്ടുകള്‍ പോകുന്നതെന്നായിരുന്നു സ്വപ്‌ന പുറത്തുവിട്ട ശബ്ദ സന്ദേശത്തില്‍ പറയുന്നത്. ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണ് പണം പോകുന്നതെന്നും ഷാജ് കിരണ്‍ പറയുന്നതായി ശബ്ദ സന്ദേശത്തില്‍ പറയുന്നു.

ഇത് മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ട് നടക്കുന്ന സംഘടിത ആക്രമണമാണിത്. ഇതിന് പിന്നില്‍ രാഷ്ട്രീയ ഉദ്ദേശ്യമുണ്ട്. ഇതിന്റെ പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ആരൊക്കെയാണ് ഗൂഢാലോചന നടത്തിയത്, എന്തൊക്കെയാണ് എന്നൊക്കെ സര്‍ക്കാര്‍ അന്വേഷിച്ച് കണ്ടെത്തണം.

ഒരു കാലത്ത് കമല ഇന്റര്‍നാഷണല്‍ എന്ന കമ്പനിയെക്കുറിച്ചായിരുന്നു മുഖ്യമന്ത്രിക്കെതിരായ ആക്രമണം. ആ കമല മുഖ്യമന്ത്രിയുടെ ഭാര്യ കമലയാണെന്നായിരുന്നു എന്നല്ലേ അന്ന് പറഞ്ഞത്. സിംഗപൂരില്‍ കമല ഇന്റര്‍നാഷണല്‍ എന്ന കമ്പനി പ്രവര്‍ത്തിക്കുന്നു എന്ന് പറഞ്ഞു. എന്നിട്ട് ഇപ്പോള്‍ ആ കമല എവിടെ? കഥയുണ്ടാക്കി പറയുന്നവര്‍ക്ക് ഏത് കഥയുമുണ്ടാക്കാം. ഇത്തരം ആരോപണങ്ങള്‍ക്ക് അല്‍പായുസ് മാത്രമേയുള്ളു എന്നും കോടിയേരി പറഞ്ഞു.

Related Stories

No stories found.
The Cue
www.thecue.in