ജിഎസ്ടിയെ നഖശിഖാന്തം എതിര്‍ത്ത നേതാവ്; ബാലഗോപാല്‍ കേരളത്തിന്റെ ധനവകുപ്പ് മന്ത്രിയാകുമ്പോള്‍

ജിഎസ്ടിയെ നഖശിഖാന്തം എതിര്‍ത്ത നേതാവ്; ബാലഗോപാല്‍ കേരളത്തിന്റെ ധനവകുപ്പ് മന്ത്രിയാകുമ്പോള്‍

പൊതുമേഖല ബാങ്കിലെ ജോലി ഉപേക്ഷിച്ചാണ് കെ.എന്‍ ബാലഗോപാല്‍ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനാകുന്നത്.

സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൂടിയായ ധനമന്ത്രി ഡോ.തോമസ് ഐസക് കൈകാര്യം ചെയ്ത വകുപ്പ് കെ.എന്‍ ബാലഗോപാലിലേക്ക് മാറുമ്പോള്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ പുതിയ ധനവകുപ്പും നയങ്ങളും ചര്‍ച്ചയാകുക തന്നെ ചെയ്യും. പ്രത്യേകിച്ച് ജിഎസ്ടി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ബാലഗോപാലും തോമസ് ഐസകും രണ്ട് തട്ടില്‍ നിന്ന നേതാക്കളാണെന്നിരിക്കെ.

സംസ്ഥാനങ്ങളുടെ നികുതി പിരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ വിയോജിപ്പ് ഉന്നയിച്ച വ്യക്തിയാണ് കെ.എന്‍ ബാലഗോപാല്‍. ജിഎസ്ടി ഫെഡറല്‍ സിസ്റ്റത്തിനുള്ള ഭീഷണിയാണെന്ന് പാര്‍ലമെന്റില്‍ അദ്ദേഹം രൂക്ഷവിമര്‍ശനം ഉന്നയിച്ചു.

സിപിഐഎമ്മിന്റെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡറായിരുന്ന കെ,എന്‍ ബാലഗോപാല്‍ ജിഎസ്ടി കമ്മിറ്റിയിലെ അംഗവുമായിരുന്നു. സംസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളെ പരിഗണിച്ചുകൊണ്ട് നികുതി നിര്‍ണയിക്കാനുള്ള അവകാശം ജിഎസ്ടി വരുന്നതോടുകൂടി ഇല്ലാതാകുമെന്ന വിയോജിപ്പ് കമ്മിറ്റിയില്‍ ബാലഗോപാല്‍ ഉന്നയിച്ചിരുന്നു.

ജിഎസ്ടി ഗ്രീസില്‍ ഉണ്ടാക്കിയതുപോലൊരു കേന്ദ്രീകരണത്തിന് വഴിവെക്കുമെന്നും തങ്ങളുടെ വരുമാനവുമായി ബന്ധപ്പെട്ട പദ്ധതി രൂപീകരിക്കുന്നത് സംസ്ഥാനങ്ങള്‍ക്ക് ദുസഹമാക്കുമെന്നുമുള്ള അദ്ദേഹത്തിന്റെ നിലപാട് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഏകപക്ഷീയമായ ഒരു സംവിധാനം രാജ്യത്തിനും സംസ്ഥാനങ്ങള്‍ക്കും ഒരു ഗുണവും ചെയ്യില്ലെന്ന വാദമായിരുന്നു ബാലഗോപാലിന്റേത്.

ജിഎസ്ടിക്കെതിരെ പ്രതിപക്ഷത്തെ ഏകോപിപ്പിക്കാന്‍ സീതാറം യെച്ചൂരി ശ്രമിച്ചപ്പോള്‍ ജിഎസ്ടിയെ പിന്തുണച്ച ഐസകിന്റെ നിലപാട് അക്കാലത്ത് വലിയ തോതില്‍ ചര്‍ച്ചചെയ്യുകയും ചെയ്തിരുന്നു.

വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ തന്നെയാണ് ബാലഗോപാലിന്റെ രാഷ്ട്രീയ പ്രവേശനവും. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ യുഡിഎഫിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ സംസ്ഥാനത്തുടനീളം കാല്‍നടജാഥ നടത്തിയത് ബാലഗോപാലിന്റെ നേതൃത്വത്തിലായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായാണ് അദ്ദേഹം മത്സരിക്കുന്നതെങ്കിലും രാജ്യസഭാ എം.പി, സിപിഐഎം രാജ്യസഭാ കക്ഷി ഉപനേതാവ്, ഡിവൈഎഫ്എഐയുടെയും എസ്എഫ്‌ഐയുടെയും അഖിലേന്ത്യാ പ്രസിഡന്റ്, സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരിക്കെ 2010ലാണ് ആദ്യമായി അദ്ദേഹം രാജ്യസഭാംഗമാകുന്നത്. മികച്ച പാര്‍ലമെന്റ് അംഗത്തിനുള്ള സന്‍സദ് രത്‌ന പുരസ്‌കാരം 2016ല്‍ കെ.എന്‍ ബാലഗോപാലിനായിരുന്നു. എം. കോം, എല്‍ എല്‍ എം ബിരുദധാരികൂടിയാണ് ബാലഗോപാല്‍.പത്തനാപുരം കലഞ്ഞൂര്‍ ശ്രീനികേതനില്‍ പരേതരായ പി. കെ. നാരായണപ്പണിക്കരുടെയും ഒ.വി.രാധാമണി അമ്മയുടെയും മകനാണ്.കോളജ് അധ്യാപികയായ ആശാ പ്രഭാകരനാണ് ഭാര്യ.

Related Stories

No stories found.
logo
The Cue
www.thecue.in