കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിനോട് യോജിപ്പില്ല, എല്ലാ വിദ്യാര്‍ത്ഥികളുടെയും പ്രയാസം മനസിലാക്കണമെന്ന് കെ.എം സച്ചിന്‍ ദേവ്

കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിനോട് യോജിപ്പില്ല, എല്ലാ വിദ്യാര്‍ത്ഥികളുടെയും പ്രയാസം മനസിലാക്കണമെന്ന് കെ.എം സച്ചിന്‍ ദേവ്

വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ ദേവ് ദ ക്യുവിനോട്. വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന കുടുംബത്തില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ ഉണ്ടെന്നും അവരുടെ പ്രയാസങ്ങള്‍ മനസിലാക്കണമെന്നും സച്ചിന്‍ദേവ് പറഞ്ഞു.

ആന്റണി രാജു പറഞ്ഞത് കുട്ടികള്‍ അത്യാവശ്യം സാമ്പത്തികമുള്ളവരായി മാറി എന്നാണ്. എല്ലാ വിഭാഗത്തില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികളുടെയും പ്രയാസങ്ങള്‍ മനസിലാക്കണം എന്നാണ് സച്ചിന്‍ ദേവ് പറഞ്ഞത്.

ഇന്ന് രണ്ട് രൂപ കൊടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പോലും നാണക്കേടായി മാറിയിരിക്കുകയാണ്. അവര് പോലും അഞ്ച് രൂപ കൊടുത്തിട്ട് ബാക്കി വാങ്ങിക്കാറില്ലെന്നാണ് മന്ത്രി പറഞ്ഞത്. ഇന്ധന വില ഉയരുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും ബസ് ചാര്‍ജ് വര്‍ധന ഉറപ്പായും നടപ്പിലാക്കുമെന്നാണ് ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞത്.

മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തും രംഗത്തെത്തി. ആന്റണി രാജു വിദ്യാര്‍ത്ഥി കണ്‍സഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നാണ് അഭിജിത്ത് ദ ക്യുവിനോട് പ്രതികരിച്ചത്. മന്ത്രി പ്രതിനിധീകരിക്കുന്ന മത്സ്യബന്ധന കുടുംബങ്ങളെയോ, കര്‍ഷകനെയോ, കച്ചവടക്കാരനെയോ പാവപ്പെട്ടവനെയോ കാണാന്‍ അദ്ദേഹം ശ്രമിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരു പ്രസ്താവന അദ്ദേഹം നടത്തില്ലായിരുന്നു. ഇന്നും ഒരുപാട് വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും കെ.എം അഭിജിത്ത് പറഞ്ഞു.

പിന്നെ ബസ് വ്യവസായം നടത്തുന്ന ആളുകള്‍ ബുദ്ധിമുട്ടിലാണ്. അവര്‍ക്ക് ഡീസല്‍ സബ്‌സിഡി കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അതിന്റെ കൂടെ ടാക്‌സില്‍ ഇളവ് കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ടാക്‌സില്‍ ഇളവ് കൊടുത്തും ഡീസല്‍ സബ്‌സിഡി കൊടുത്തുമൊക്കെയാണ് ബസ് വ്യവസായത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടത്. അത്തരം നടപടികളില്‍ നിന്ന് ഒളിച്ചോടികൊണ്ട് ബാധ്യത പൊതുജനത്തിന്റെയും വിദ്യാര്‍ത്ഥികളുടെയും തലയില്‍ അടിച്ചേല്‍പ്പിക്കാന്‍ നോക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അഭിജിത്ത് പറഞ്ഞു.

കെ എം സച്ചിന്‍ ദേവിന്റെ വാക്കുകള്‍

വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധിപ്പിക്കുന്നതിനോട് എസ്.എഫ്.ഐക്ക് നേരത്തെ യോജിപ്പില്ല. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കിലുള്ള കണ്‍സഷന്‍ നിലനിര്‍ത്തണം. നിരക്ക് വര്‍ധിപ്പിക്കാന്‍ പാടില്ല എന്നും നേരത്തെ തന്നെ പറഞ്ഞതാണ്. ആന്റണി രാജു പറഞ്ഞത് കുട്ടികള്‍ അത്യാവശ്യം സാമ്പത്തികമുള്ളവരായി മാറി എന്നാണല്ലോ. എല്ലാ വിഭാഗത്തില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികളുടെയും പ്രയാസങ്ങള്‍ മനസിലാക്കണം. വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന കുടുംബത്തില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ ഉണ്ട്. അവരെ പ്രതിനിധാനം ചെയ്യുന്ന സംഘടനയാണ് എസ്.എഫ്.ഐ. അല്ലാത്ത കുട്ടികള്‍ വളരെ കുറഞ്ഞ ശതമാനം ഒക്കെ ഉണ്ടാകാം. കണ്‍സഷന്‍ വര്‍ധിപ്പിക്കുന്നതിനോട് യോജിക്കുന്നില്ല. സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഈ വിഷയത്തില്‍ ഞങ്ങള്‍ അഭിപ്രായം രേഖപ്പെടുത്തും. നേരത്തെ ഗതാഗത വകുപ്പ് മന്ത്രിയും വിദ്യാര്‍ത്ഥി സംഘടനകളുമായുള്ള യോഗത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചതാണ്. അവിടെയും കാര്യങ്ങള്‍ ഞങ്ങള്‍ വിശദീകരിച്ചതാണ്. സര്‍ക്കാര്‍ കാണേണ്ടതായ കുറേകാര്യങ്ങള്‍ ഉണ്ട്. അത് സര്‍ക്കാരിന് കാണാതിരിക്കാന്‍ കഴിയില്ല. ബസ് വ്യവസായം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. നേരത്തെ ഓടിക്കൊണ്ടിരുന്ന അത്രയും ബസുകളുടെ എണ്ണം ഇപ്പോഴില്ല. ബസുകളെല്ലാം മുതലാളിമാര്‍ വില്‍ക്കുന്ന സ്ഥിതിയാണ്. അതുകൊണ്ട് തന്നെ തൊഴിലാളികള്‍ പ്രതിസന്ധിയിലാണ്. ഇതൊക്കെ പരിഗണിച്ച് സര്‍ക്കാരിന് ഒരു തീരുമാനമെടുക്കാന്‍ സാധിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in