വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയെ നീക്കാനാകില്ല; ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴയിട്ട് ഹൈക്കോടതി

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയെ നീക്കാനാകില്ല; ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴയിട്ട് ഹൈക്കോടതി

കൊവിഡ് വാക്‌സിനേഷനില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി ഹൈക്കോടതി പിഴയോടെ തള്ളി. ഒരു ലക്ഷം രൂപ ഹര്‍ജിക്കാരനില്‍ നിന്ന് ഈടാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. ഹര്‍ജിക്കാരന് രാഷ്ട്രീയതാത്പര്യമുണ്ടെന്നും ഹര്‍ജിക്ക് പിന്നില്‍ പൊതുതാല്‍പ്പര്യമല്ല, പ്രശസ്തി താത്പര്യമാണെന്നും കോടതി ആരോപിച്ചു.

തുക ആറ് മാസത്തിനുള്ളില്‍ സംസ്ഥാന ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയിലേക്ക് അടക്കണമെന്നാണ് കോടതി പറഞ്ഞത്. ഒരു ലക്ഷം വലിയ തുകയാണെന്ന് അറിയാമെന്നും എന്നാല്‍ ഇത്തരത്തില്‍ ബാലിശമായ ഹര്‍ജികള്‍ ഒഴിവാക്കന്‍ നടപടി ആവശ്യമാണെന്നുമാണ് കോടതിയുടെ വാദം.

കടത്തുരുത്തി സ്വദേശി പീറ്റര്‍ മാലിപ്പറമ്പില്‍ ആണ് ഹര്‍ജി നല്‍കിയത്. പണം കൊടുത്ത് സ്വകാര്യ ആശുപത്രിയില്‍ വാക്‌സിന്‍ എടുക്കുമ്പോള്‍ മോദിയുടെ ചിത്രം പതിക്കുന്നത് മൗലികാവകാശ ലംഘനമാണെന്നായിരുന്നു ഹര്‍ജിക്കാരന്‍ പറഞ്ഞത്.

നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി ഹര്‍ജിക്കാരനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും അദ്ദേഹത്തിന്റെ ചിത്രം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ വരുന്നതിന് നാണക്കേട് എന്താണെന്നുമായിരുന്നു കോടതി ചോദിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in