ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ മകളെ അധിക്ഷേപിച്ച പ്രവാസി പിടിയില്‍. പേരാമ്പ്ര സ്വദേശി അജിനാസിനെയാണ് ഖത്തര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ ഖത്തറിലെ ഇന്ത്യന്‍ എംബസി നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്ന് വി.മുരളീധരന് അറിയിച്ചു.
സുരേന്ദ്രന്റെ മകള്‍ക്കെതിരെ അശ്ലീല കമന്റിട്ട അജിനാസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പേജില്‍ കമന്റുകള്‍ തുടര്‍ച്ചയായി പോസ്റ്റ് ചെയ്തിരുന്നു. രാജ്യത്ത് നിന്ന് പുറത്താക്കണമെന്നായിരുന്നു ആവശ്യം. കോഴിക്കോട് മേപ്പയ്യൂര്‍ പൊലീസ് അജിനാസിനെതിരെ കേസെടുത്തിരുന്നു.
കഴിഞ്ഞ ദിവസം മകള്‍ക്കൊപ്പമുള്ള ചിത്രം കെ.സുരേന്ദ്രന് ഫേസ്ബുക്കിലിട്ടിരുന്നു. ഇതിന് കീഴില്‍ അധിക്ഷേപിക്കുന്ന കമന്റുകളിട്ടത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അശ്ലീല കമന്റിട്ട അജിനാസിന്റെ വീട്ടിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു.അധിക്ഷേപിച്ചവരെ കൈകാര്യം ചെയ്യാന്‍ ബി.ജെ.പിക്ക് അറിയാമെന്ന് സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.