ചര്‍ച്ചകള്‍ വേണമായിരുന്നു, ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയുമില്ലാതെ കേരളത്തില്‍ കോണ്‍ഗ്രസ് പച്ചപിടിക്കില്ലെന്ന് കെ. ബാബു

ചര്‍ച്ചകള്‍ വേണമായിരുന്നു, ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയുമില്ലാതെ കേരളത്തില്‍ കോണ്‍ഗ്രസ് പച്ചപിടിക്കില്ലെന്ന് കെ. ബാബു

ഡി.സി.സി അധ്യക്ഷന്മാരെ നിയമിക്കുന്ന രീതിയോട് വിയോജിപ്പുണ്ടെന്ന് കോണ്‍ഗ്രസ് എം.എല്‍.എ കെ. ബാബു. എല്ലാവരെയും വിശ്വാസത്തിലെടുത്ത് ചര്‍ച്ചകള്‍ ചെയ്തിരുന്നെങ്കില്‍ ഭേദപ്പെട്ട നിലയില്‍ പുനസംഘടന പ്രശ്‌നം പരിഹരിക്കപ്പെടുമായിരുന്നുവെന്നും ബാബു പറഞ്ഞു.

ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ഒഴിവാക്കി കോണ്‍ഗ്രസിന് കേരളത്തില്‍ പച്ചപിടിക്കാനാകില്ല. ആരയെും പുറത്ത് നിര്‍ത്താനാവില്ലെന്നും എല്ലാവരെയും പാര്‍ട്ടിയിലേക്ക് കൊണ്ടു വരാനാണ് ശ്രമിക്കുന്നതെന്നും കെ. ബാബു പറഞ്ഞു.

പാര്‍ട്ടി കാര്യങ്ങളൊന്നും പൊതുജന മധ്യത്തില്‍ ചര്‍ച്ചയാക്കാത്ത ആളാണ് ഉമ്മന്‍ചാണ്ടി. അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി അതാണ്. പക്ഷേ അദ്ദേഹം ഉള്‍പ്പെടയുള്ളവര്‍ പരസ്യ പ്രതികരണത്തിലേക്ക് വന്നു. ചര്‍ച്ച ചെയ്ത് പ്രശ്‌നം വഷളാക്കാതെ എല്ലാവരേയും വിശ്വാസത്തിലെടുത്ത് ചര്‍ച്ചകള്‍ ചെയ്തിരുന്നെങ്കില്‍ ഈ വിഷയം ഭേദപ്പെട്ട നിലയില്‍ പ്രശ്‌നം പരിഹരിക്കാമായിരുന്നുവെന്നും കെ. ബാബു പറഞ്ഞു.

ഗ്രൂപ്പ് ഇല്ല എന്നാണെങ്കില്‍ അത് ഗ്രൂപ്പിന് അതീതമായ ഒരു പട്ടികയാണെന്ന് പ്രവര്‍ത്തകര്‍ക്ക് ബോധം വരണം. ഈ പട്ടിക ശരിയായ രീതിയിലുള്ളത് അല്ലായെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ സാധിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ബാബു പറഞ്ഞു.

ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ച പട്ടികയോട് ആര്‍ക്കും തര്‍ക്കമില്ല. അത് ഹൈക്കമാന്‍ഡിനോടുള്ള ആദരവ് കൊണ്ടും പാര്‍ട്ടിയോടുള്ള കൂറുകൊണ്ടുമാണെന്നും ബാബു വ്യക്തമാക്കി.

ഒരു അവസരം കിട്ടുമ്പോള്‍ പാര്‍ട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. അതിന് പകരം വെട്ടിപ്പിടിക്കാനുള്ള ശ്രമങ്ങളല്ല നടത്തേണ്ടത്. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിരാശയുണ്ടാക്കുന്ന പ്രവൃത്തികളാണ് ഇപ്പോള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും ബാബു കൂട്ടിച്ചേര്‍ത്തു.

കെ ശിവദാസന്‍ നായരെയും കെപി അനില്‍കുമാറിനെയും സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെയും കെ ബാബു രംഗത്തെത്തി. വിശദീകരണം ചോദിക്കുന്നതാണ് സംഘടനാ മര്യാദയെന്നും വെട്ടി നിരത്തുന്നതാണോ കേഡര്‍ പാര്‍ട്ടി സ്വഭാവമെന്നും അദ്ദേഹം ചോദിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in