ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി; ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി

ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി; ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിക്കണം. അതുകൊണ്ട് മൊഴി പഠിച്ച ശേഷം ഹര്‍ജി പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചത്.

ചൊവ്വാഴ്ച 1.45നാണ് ഹര്‍ജി പരിഗണിക്കുക. അതുവരെ അറസ്റ്റ് പാടില്ലെന്നും കോടതി അറിയിച്ചു. ചൊവ്വാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരിയുടെ ഭര്‍ത്താവ് സുരാജ്, ദിലീപിന്റെ ബന്ധുവായ കൃഷ്ണ പ്രസാദ്, ബൈജു ചെങ്ങമനാട് എന്നിവരാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ.ഉദ്യോഗസ്ഥര്‍ക്കെതിരായുള്ള ഗൂഢാലോചന കെട്ടിചമച്ച കേസാണെന്നാണ് ദിലീപിന്റെ വാദം.

നടിയെ ആക്രമിച്ച കേസില്‍ പ്രൊസിക്യൂഷന്‍ സാക്ഷികള്‍ ശക്തമല്ലാത്ത സാഹചര്യത്തിലാണ് ഇങ്ങനെയൊരു കേസ് പൊലീസ് കെട്ടിച്ചമച്ചതെന്നാണ് ഹര്‍ജിയില്‍ ദിലീപ് ആരോപിക്കുന്നത്. ജസ്റ്റിസ് പി.ഗോപിനാഥാണ് ഹര്‍ജി പരിഗണിച്ചത്.

അതേസമയം, സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഇന്നലെ ദിലീപിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. ഏഴ് മണിക്കൂര്‍ നീണ്ട പരിശോധനയില്‍ വീട്ടില്‍ നിന്നും ഹാര്‍ഡ് ഡിസ്‌കകളും മൊബൈല്‍ ഫോണുകളും കസ്റ്റഡിയില്‍ എടുത്തു.

ദിലീപിന്റെ പേഴ്സണല്‍ മൊബൈല്‍ ഫോണടക്കം മൂന്നു മൊബൈല്‍ ഫോണുകള്‍, കംപ്യുട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്, രണ്ട് ഐപ്പാഡ്, പെന്‍ഡ്രൈവ് എന്നിവയാണ് പിടിച്ചെടുത്തത്.

ആലുവയിലെ ദിലീപിന്റെ പത്മസരോവരം എന്ന വീട്, സഹോദരന്‍ അനൂപിന്റെ വീട്, ദിലീപിന്റെയും അനൂപിന്റെയും സിനിമാനിര്‍മാണക്കമ്പനി ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ കൊച്ചി ഓഫീസ് എന്നിവിടങ്ങളിലാണ് ഇന്നലെ ഒരേ സമയം റെയ്ഡ് നടന്നത്.

Related Stories

No stories found.
The Cue
www.thecue.in