'എന്റെ രാജി അംഗീകരിച്ചിരിക്കുന്നു, എ.എം.എം.എയ്ക്ക് നന്ദി'; പൂത്തിരി കത്തിച്ച് ഹരീഷ് പേരടി

'എന്റെ രാജി അംഗീകരിച്ചിരിക്കുന്നു, എ.എം.എം.എയ്ക്ക് നന്ദി'; പൂത്തിരി കത്തിച്ച് ഹരീഷ് പേരടി

താര സംഘടനയായ അമ്മ തന്റെ രാജി സ്വീകരിച്ചുവെന്ന് അറിയിച്ച് നടന്‍ ഹരീഷ് പേരടി. എക്‌സിക്യൂട്ടീവ് കമ്മിറ്റി എന്റെ രാജി അംഗീകരിച്ചുവെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചതായി ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ജൂണ്‍ 15ന് ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് രാജി അംഗീകരിച്ചതെന്നും ഹരീഷ് പേരടി പറഞ്ഞു. പൂത്തിരി കത്തിച്ച് നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് ഹരീഷ് പേരടി പോസ്റ്റ് ചെയ്തിരിക്കുന്നത്.

'സന്തോഷ വാര്‍ത്ത...എ.എം.എം.എയുടെ 15/6/2022 ലെ എക്‌സിക്യൂട്ടീവ് കമ്മറ്റി എന്റെ രാജി അംഗീകരിച്ചതായി ജനറല്‍ സെക്രട്ടറി ഇടവേള ബാബു എന്നെ അറിയിച്ചു...എ.എം.എം.എ ക്ക് നന്ദി,' എന്നാണ് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

വിജയ്ബാബുവിനെതിരായ ബലാത്സംഗക്കേസ് വന്നതിന് പിന്നാലെയാണ് ഹരീഷ് പേരടി അമ്മയില്‍ നിന്ന് രാജി വെക്കുകയാണെന്ന് പ്രഖ്യാപിച്ചത്. അമ്മയുടെ പ്രസിഡന്റിനെയും സെക്രട്ടറിയെയും മറ്റ് അംഗങ്ങളെയും അഭിസംബോധന ചെയ്ത് എഴുതിയ തുറന്ന കത്തിലാണ് അദ്ദേഹത്തിന്റെ ആവശ്യം. പ്രാഥമിക അംഗത്വത്തിനായി നല്‍കിയ ഒരു ലക്ഷം രൂപ തിരിച്ചുവേണ്ടെന്നും ആരോഗ്യ ഇന്‍ഷൂറന്‍സ് തുടങ്ങിയ എല്ലാ അവകാശങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നും പോസ്റ്റില്‍ ഹരീഷ് പേരടി ആവശ്യപ്പെട്ടു.

നേരത്തെ അമ്മയെ രൂക്ഷമായി വിമര്‍ശിച്ചും ഡബ്ല്യു.സി.സിയെ പ്രശംസിച്ചും ഹരീഷ് പേരടി രംഗത്തെത്തിയിരുന്നു. ചില ആളുകളുടെ നിലപാടുകളാണ് സംഘടനയെ നടത്തിക്കൊണ്ടുപോകുന്നത്. അല്ലെങ്കില്‍ മാലാ പാര്‍വ്വതി, ശ്വേത മേനോന്‍, കുക്കു പരമേശ്വരന്‍ തുടങ്ങിയവര്‍ക്കൊന്നും രാജി വെക്കേണ്ടി വരില്ലായിരുന്നു. എന്നോ പരമ്പരാഗതമായി സിനിമയുടെ ചില വിശ്വാസങ്ങളില്‍ ഉറച്ചുപോയ ഒരു കൂട്ടത്തിന്റെ കയ്യില്‍ തന്നെയാണ് സംഘടനയെന്നും അതില്‍ ബാബുരാജ് വ്യക്തമായ നിലപാട് സ്വീകരിച്ച് വേറിട്ട് നിന്നുവെന്നും ഹരീഷ് പേരടി നേരത്തെ പറഞ്ഞിരുന്നു.

വിജയ് ബാബുവിനെ അമ്മയില്‍ നിന്ന് പുറത്താക്കിയതല്ല, വിജയ് ബാബു സ്വമേധയാ പുറത്ത് പോവുകയായിരുന്നു എന്നാണ് അമ്മ അറിയിച്ചത്. ഇതിനെതിരെ പ്രതിഷേധിച്ച് ശ്വേത മേനോന്‍ ഐ.സി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് നിന്നും രാജിവെച്ചിരുന്നു. ഐ.സി അംഗം നിലിയല്‍ ഇത് അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി മാലാ പാര്‍വതിയും രാജി വെച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in