
പൂഞ്ഞാര്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസെടുക്കണമെന്ന് എം.എന്‍ കാരശ്ശേരി. സമുദായങ്ങളുടെ ഇടയില്‍ സഹോദര്യം നശിപ്പിച്ച് വെറുപ്പ് പടര്‍ത്തുകയാണ് പി.സി ജോര്‍ജ്. ഇത് ക്രിമിനല്‍ കുറ്റമാണെന്നും എം.എന്‍ കാരശ്ശേരി പറഞ്ഞു.
എം.എന്‍ കാരശ്ശേരിയുടെ വാക്കുകള്‍
പൂഞ്ഞാറിലെ മുന്‍ എം.എല്‍.എ പി.സി ജോര്‍ജ് നടത്തിയ മുസ്ലിം വിരുദ്ധ പ്രസംഗം എല്ലാ അര്‍ത്ഥത്തിലും വിദ്വേഷ പ്രസംഗമാണ്. സമുദായങ്ങളുടെ ഇടയില്‍ മൈത്രി നശിപ്പിച്ച് അവരുടെ ഇടയില്‍ വെറുപ്പ് പടര്‍ത്തുകയാണ്. ഇത് ക്രിമിനല്‍ കുറ്റമാണ്. അദ്ദേഹം ഇത് ആദ്യമായിട്ടല്ല നടത്തുന്നത്. ഇന്ത്യ ഹിന്ദു രാഷ്ട്രം ആക്കണമെന്ന് പണ്ട് അദ്ദേഹം പ്രസംഗിച്ചത് എനിക്കറിയാം.
ഞാന്‍ മനസിലാക്കുന്നത് പൂഞ്ഞാറില്‍ പലപ്പോഴും അദ്ദേഹം ജയിച്ചിട്ടുണ്ട്. അതൊക്കെ അവിടുത്തെ മുസ്ലിം മത മൗലിക വാദത്തെയും മതരാഷ്ട്ര വാദത്തെയും പ്രീണിപ്പിച്ചുകൊണ്ടാണ്. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് അദ്ദേഹം മുസ്ലിം മത മൗലികവാദത്തെ വെറുപ്പിക്കുന്ന മട്ടില്‍ പ്രസംഗിച്ചു. അതിന്റെ ഫലമായി അവര്‍ വോട്ട് മാറി ചെയ്തു, അദ്ദേഹം തോറ്റു. ഇനിയിപ്പോള്‍ അദ്ദേഹം ശ്രമിക്കുന്നത് ഹിന്ദു വികാരം ഉണര്‍ത്തിയിട്ട് ജയിക്കാനാണ്. ഇത്രയും അരാഷ്ട്രീയതയുള്ള ഒരു രാഷ്ട്രീയ പ്രവര്ത്തകന് കേരളത്തില്‍ ഇല്ല എന്നാണ് ഞാന്‍ വിചാരിക്കുന്നത്.
അദ്ദേഹത്തിന്റെ അത്രയും നീചമായ സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ നടത്തിയ ഒരു രാഷ്ട്രീയക്കാരനും നമ്മുടെ ഇടയില്‍ ഇല്ല. ഫ്രാങ്കോ മുളയ്ക്കലിന്റെ കേസ് വന്നപ്പോള്‍ അദ്ദേഹം ഫ്രാങ്കോ മുളയ്ക്കലിന്റെ ഭാഗത്താണ്. നടിയെ ആക്രമിച്ച കേസ് വന്നപ്പോള്‍ ദിലീപിന്റെ ഭാഗത്താണ്. അദ്ദേഹം സംസാരിക്കുന്നത് മൊത്തം മതമൗലിക വാദമാണ്.
എല്ലാ മതമൗലിക വാദവും സ്ത്രീ വിരുദ്ധമാണ്. ഹിന്ദുക്കള്‍ക്കിടയില്‍ മുസ്ലിം വിരുദ്ധ വികാരം വളര്‍ത്തി തനിക്കൊരു എം.എല്‍.എ ആയിട്ട് അടുത്ത തവണയെങ്കിലും ജയിക്കണം എന്നുള്ളതാണ്. ഞാന്‍ വിചാരിക്കുന്നത് വിദ്വേഷ പ്രസംഗത്തിന് പി.സി ജോര്‍ജിന്റെ പേരില്‍ കേസെടുക്കണം. ഇവിടുത്തെ മതേതര വാദികള്‍ സമാധാന വാദികള്‍ അദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള നിലപാടുകളെയും പ്രസംഗങ്ങളെയും അപലപിച്ചുകൊണ്ട് രംഗത്ത് വരണം.