
അഗ്നിപഥില്‍ പ്രതിഷേധം ശക്തമാകുമ്പോഴും അയയാതെ കേന്ദ്രം. പദ്ധതിക്കെതിരായി ഒരുവിധത്തിലുള്ള പ്രതിഷേധത്തിലും പങ്കെടുത്തില്ലെന്ന് പ്രതിജ്ഞ ചെയ്താല്‍ മാത്രമേ ജോലിക്കായി അപേക്ഷിക്കാനാകൂ എന്നാണ് കേന്ദ്രത്തിന്റെ പുതിയ തിട്ടൂരം.
'' ഇന്ത്യന്‍ ആര്‍മിയുടെ അടിസ്ഥാനം തന്നെ അച്ചടക്കമാണ്. അവിടെ അക്രമത്തിന് ഇടമില്ല. അഗ്നിപഥ് പദ്ധതിക്ക് അപേക്ഷിക്കുന്ന ഓരോ വ്യക്തിയും തങ്ങള്‍ പ്രതിഷേധത്തിന്റെ ഭാഗമായിട്ടില്ലെന്നും നാശനഷ്ടം ഉണ്ടാക്കിയിട്ടില്ലെന്നുമുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കണം. പൊലീസ് വെരിഫിക്കേഷന് നിര്‍ബന്ധമാണ്. ആര്‍ക്കും അതില്ലാതെ അഗ്നിപഥിന്റെ ഭാഗമാകാനാകില്ല,'' വാര്‍ത്താ സമ്മേളനത്തില്‍ മിലിറ്ററി അഫേയേഴ്സ് അഡീഷണല്‍ സെക്രട്ടറി ലെഫ്റ്റ്നന്റ് ജനറല്‍ അനില്‍ പുരി പറഞ്ഞു.
പ്രതിഷേധക്കാര്‍ക്കെതിരെ എഫ്.ഐ.ഐര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ പദ്ധതിയില്‍ അവര്‍ക്ക് ചേരാന്‍ കഴിയില്ല. എന്റോള്‍മെന്റ് ഫോമിലും പ്രതിഷേധത്തിന്റെ ഭാഗമായിട്ടില്ലെന്ന് അപേക്ഷകര്‍ എഴുതി നല്‍കേണ്ടി വരും.
സേനയെ എങ്ങനെ ചെറുപ്പമാക്കാം എന്നതിനെക്കുറിച്ച് വിശദമായ പഠനം നടത്തിയതിന് ശേഷമാണ് പദ്ധതി പ്രഖ്യാപിച്ചത്. വിദേശ സേനയെക്കുറിച്ചും ഇതിനായി പഠനം നടത്തിയിട്ടുണ്ട്. ഞങ്ങള്‍ക്ക് യുവാക്കളെ വേണം. അവര്‍ റിസ്ക് എടുക്കാന്‍ തയ്യാറുള്ളവരാണെന്നും അനില്‍ പുരി.
ആര്‍മി റിക്രൂട്ട്മെന്റിനായുള്ള റാലികള്‍ ആഗസ്ത് ആദ്യ പകുതിയില്‍ ആരംഭിക്കുമെന്നും പ്രഖ്യാപനം. ഡിസംബര്‍ ആദ്യവാരത്തോടെ അഗ്നിവീരരുടെ ആദ്യത്തെ ലോട്ട് വരുമെന്നും രണ്ടാമത്തെ ലോട്ട് ഫെബ്രുവരിയില്‍ വരുമെന്നും കേന്ദ്രം. 83 റിക്രൂട്ട്മെന്റ് റാലികള്‍ നടത്തുമെന്നും കേന്ദ്രം പറഞ്ഞു.