വി.മുരളീധരന്‍ രാജിവെക്കാതെ അന്വേഷണം ശരിയായ ദിശയില്‍ നടക്കില്ലെന്ന് ഡിവൈഎഫ്ഐ

വി.മുരളീധരന്‍ രാജിവെക്കാതെ അന്വേഷണം ശരിയായ ദിശയില്‍ നടക്കില്ലെന്ന് ഡിവൈഎഫ്ഐ

രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ സ്വര്‍ണക്കടത്തിന്റെ അറ്റത്ത് മുരളീധരനും ബി.ജെ.പിയുമാണെന്ന് ഡിവൈഎഫ്ഐ. കേന്ദ്ര സഹമന്ത്രിയായി വി.മുരളീധരന്‍ ഇരിക്കുന്ന കാലത്തോളം സ്വര്‍ണക്കടത്ത് അന്വേഷണം ശരിയായ ദിശയില്‍ നടക്കില്ലെന്നും സംസ്ഥാന സെക്രട്ടറി എ എ റഹീം വാര്‍ത്താ സമ്മേളനത്തില്‍. എന്‍.ഐ.എ മുരളീധരന്റെ പേര് പറയാതെ പറയുകയാണ്. ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണം കടത്തിയിരിക്കുന്നു, അത് തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചു, വന്‍ റാക്കറ്റില്‍ ഇന്ത്യയുടെ അകത്തും പുറത്തുമുള്ള വലിയ സ്വാധീനമുള്ള നേതാക്കള്‍ പ്രവര്‍ത്തിച്ചിരിക്കുന്നു, ഇതിനെക്കാള്‍ നന്നായി എങ്ങനെ വിശദീകരിക്കാനാകുമെന്നും എ എ റഹീം. വലിയ സ്വാധീനമുള്ള നേതാക്കള്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ട്. എന്‍.ഐ.എ അവരുടെ നിസഹായ അവസ്ഥയിലാണെന്നും സാമ്പത്തിക സ്രോതസുകളിലേക്ക് അന്വേഷണം പോകുമോ എന്ന് പി.കെ കുഞ്ഞാലിക്കുട്ടിക്കും ലീഗിനും ഭയമാണെന്നും റഹീം പറഞ്ഞു.

വി.മുരളീധരന്റെ രാജിക്കാര്യത്തില്‍ എന്തുകൊണ്ട് യുഡിഎഫ് മൗനം പാലിക്കുന്നുവെന്നും റഹീം. പ്രധാന പ്രതികള്‍ക്ക് കസ്റ്റംസ് കേസില്‍ ജാമ്യം കിട്ടുന്നു. കേന്ദ്രത്തിന്റെയും ഉന്നതരുടേയും ഇടപെടലില്ലാത്തെ എങ്ങനെ ജാമ്യം കിട്ടുമെന്ന് റഹീം ചോദിച്ചു. അന്വേഷണത്തെ ആദ്യം മുതല്‍ അട്ടിമറിക്കാന്‍ വി.മുരളീധരന്‍ ശ്രമിക്കുകയാണ്. ഒരു നിമിഷം പോലും വൈകാതെ മുരളീധരന്‍ രാജിവെക്കണമെന്നും റഹീം വാര്‍ത്താസമ്മേളത്തില്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ സമരചരിത്രത്തിന് അപമാനമാകുന്ന മഷിക്കുപ്പി സമരമാണ് നടക്കുന്നതെന്നും റഹീം.

എന്തുകൊണ്ടാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ നാടുകടത്തുന്നത്. എന്തുകൊണ്ടാണ് ഫൈസല്‍ ഫരീദിനെ കൂട്ടിക്കൊണ്ടുവരുന്നതിന് വിദേശ കാര്യവകുപ്പ് മുന്‍കയ്യെടുക്കാത്തത്. എന്തുകൊണ്ട് അറ്റാഷെ ഒരു കുറ്റവും ചെയ്തില്ലെന്ന് വി.മുരളീധരന്‍ ഏകപക്ഷീയമായി ആദ്യമേ തന്നെ പ്രസ്താവിച്ചത്. ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്ന് എന്തുകൊണ്ടാണ് വി.മുരളീധരന്‍ ആവര്‍ത്തിച്ച് പറയുന്നത്. അനില്‍ നമ്പ്യാരെ കൊണ്ട് കോണ്‍സുലേറ്റ് ജനറലിന് അതു സംബന്ധിച്ച് വ്യാജ രേഖ ഉണ്ടാക്കാന്‍ നേതൃത്വം കൊടുക്കുകയായിരുന്നുവെന്നും റഹീം ആരോപിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in