ഗൂഢാലോചന കേസ് കെട്ടിച്ചമച്ചത്; മുന്‍കൂര്‍ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയില്‍


ഗൂഢാലോചന കേസ് കെട്ടിച്ചമച്ചത്; മുന്‍കൂര്‍ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ദിലീപ്. കേസ് കള്ളക്കേസാണെന്ന് ആരോപിച്ച് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് എന്നവരാണ് കേസിലെ മറ്റ് പ്രതികള്‍.

പൊലീസ് രജിസ്റ്റര്‍ ചെയ്ത പുതിയ ഗൂഢാലോചന കേസ് കെട്ടിച്ചമച്ചതാണ്. പുതിയ കേസ് കെട്ടിച്ചമച്ച് വിസ്താരം നീട്ടി വെക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നും ദിലീപ് പറയുന്നു.

നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരായ എഡിജിപി ബി സന്ധ്യ, എസ്.പിമാരായ സോജന്‍, സുദര്‍ശന്‍, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു, ഐ ജി എ വി ജോര്‍ജ് എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്്. ഇതിന്റെ അടിസ്ഥാനത്തില്‍ ദിലീപ് ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എറണാകുളം ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബൈജു കെ പൗലോസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.

ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നത് സംബന്ധിച്ച് തന്റെ സാന്നിധ്യത്തില്‍ പ്രതികള്‍ ഗൂഡാലോചന നടത്തിയെന്നാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ മൊഴിനല്‍കിയിരുന്നു. ഇത് സാധൂകരിക്കുന്ന ഓഡിയോ ക്ലിപ്പുകളും കൈമാറിയിട്ടുണ്ട്. ഈ മൊഴിയുടെയും ഓഡിയോ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ കേസെടുത്തിരിക്കുന്നത്.

കേസില്‍ ഒന്നാം പ്രതി ദിലീപാണ്, രണ്ടാം പ്രതി ദിലീപിന്റെ സഹോദരന്‍ അനൂപ്. മൂന്നാം പ്രതി സഹോദരിഭര്‍ത്താവ് സുരാജും നാലാം പ്രതി അപ്പുവുമാണ്. അഞ്ചാം പ്രതി കണ്ടാലറിയാവുന്ന ഒരാളും ആറാം പ്രതി ചെങ്ങമനാട് സ്വദേശിയായ ബാബുവാണ്.

The Cue
www.thecue.in