മഴ കനത്തു; ഇടുക്കിയിലെ മൂന്ന് ഡാമുകള്‍ നാളെ തുറക്കും; ജാഗ്രത നിര്‍ദേശം
മഴ കനത്ത സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ മൂന്ന് ഡാമുകള്‍ നാളെ തുറക്കും. കല്ലാര്‍കുട്ടി, പാംബ്ല,മലങ്കര അണക്കെട്ടുകള്‍ തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മലങ്കര ഡാമിന്റെ മൂന്ന് ഷട്ടറും കല്ലാര്‍കുട്ടി, പാംബ്ല അണക്കെട്ടുകളുടെ രണ്ട് ഷട്ടറുകളുമാണ് തുറക്കുക. ജലനിരപ്പ് ഉയരുന്നതിനാല്‍ നദീതീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്കുന്നു.
ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദേശമുണ്ട്. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയുള്ളതിനാല്‍ പെരിങ്ങല്‍കുത്ത് അണക്കെട്ടിലെ വെള്ളം ഒഴുക്കി വിടുമെന്ന് മുന്നറിയിപ്പുണ്ട്. മലബാറില്‍ മഴ ശക്തമായി തുടരുകയാണ്. വയനാട് മഞ്ഞപ്പാറയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന റിസോര്‍ട്ടില്‍ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു. കുറ്യച്യര് മലയില്‍ ഉരുള്‍പൊട്ടി. കോഴിക്കോട് ജില്ലയില്‍ ഏക്കര്‍ കണക്കിന് കൃഷി നശിച്ചു.
ഒമ്പതാം തിയ്യതി വരെ സംസ്ഥാനത്ത ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. വ്യാഴാഴ്ച കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്രമാവ വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലിനും കാരണമായേക്കാമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.