'ആ തുല്യത വേണ്ട'; സിനിമ മേഖലയില്‍ തുല്യ വേതനം എന്ന നിര്‍ദേശം എതിര്‍ത്ത് അമ്മ

'ആ തുല്യത വേണ്ട'; സിനിമ മേഖലയില്‍ തുല്യ വേതനം എന്ന നിര്‍ദേശം എതിര്‍ത്ത് അമ്മ

സിനിമ മേഖലയില്‍ സ്ത്രീക്കും പുരുഷനും തുല്യ വേതനം എന്ന നിര്‍ദേശം എതിര്‍ത്ത് അമ്മ. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത സിനിമാ സംഘടനകളുടെ യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശത്തോടാണ് അമ്മ എതിര്‍പ്പ് അറിയിച്ചത്.

അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് അമ്മ ട്രഷറര്‍ സിദ്ദിഖ് പറഞ്ഞു.

സര്‍ക്കാരാണ് റിപ്പോര്‍ട്ട് പുറത്തുവിടേണ്ടത്. സര്‍ക്കാരിന്റെ തീരുമാനത്തെ അമ്മ ഒരിക്കലും ചോദ്യം ചെയ്യില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അതിലെ കണ്ടെത്തലുകളും പുറത്തുവിടുന്നതില്‍ അനുകൂല സമീപനമാണുള്ളത്. സംഘടനയില്‍ വരുന്ന പരാതികള്‍ പരിഹരിക്കുകയാണ് അമ്മയുടെ ലക്ഷ്യം. അല്ലാതെ സിനിമ മേഖലയില്‍ ഉയരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിയമനിര്‍മ്മാണമാണ് ഉണ്ടാകേണ്ടത്. നിയമനിര്‍മ്മാണം നടത്തുന്നതുവരെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് എല്ലാ കാര്യങ്ങളിലും അമ്മ സംഘടന ഇടപെടുമെന്നാണ് സിദ്ദിഖ് പറഞ്ഞത്.

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച നിരാശാജനകമായിരുന്നെന്ന് ഡബ്ല്യു.സി.സി പറഞ്ഞു. ജസ്റ്റിസ് ഹേമയെ ഉള്‍പ്പെടുത്തി ചര്‍ച്ച വിളിക്കണമെന്നാണ് ഡബ്ല്യു.സി.സി ആവശ്യം.

ചര്‍ച്ചയില്‍ തീരുമാനമായിട്ടില്ല. വളരെ സമയമെടുത്ത് സര്‍ക്കാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ നിരീക്ഷണം എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഡബ്ല്യു.സി.സി ആവശ്യപ്പെട്ടു. രഹസ്യാത്മകത നിലനിര്‍ത്തി റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാണ് ഡബ്ല്യു.സി.സി ആവശ്യപ്പെട്ടത്.

മന്ത്രി പറയുന്നത് റിപ്പോര്‍ട്ടില്‍ രഹസ്യമായി സൂക്ഷിക്കേണ്ട ഭാഗമുണ്ടെന്നാണ്. ഇന്നത്തെ മീറ്റിംഗില്‍ വ്യക്തതകുറവുണ്ട്. ഇത്രയും പണവും സമയവും കൊടുത്ത് ഉണ്ടാക്കിയ റിപ്പോര്‍ട്ടിനകത്തുള്ള കണ്ടെത്തലുകളും നിരീക്ഷണങ്ങളും എന്താണെന്ന് മനസിലാകാതെ ഇതിലെ റെക്കമെന്‍ഡേഷന്‍സിനെ എങ്ങനെയാണ് മനസിലാക്കേണ്ടതെന്നും ഡബ്ല്യു.സി.സി പ്രതിനിധികള്‍ ചോദിച്ചു.

'നിര്‍ദേശങ്ങള്‍ പോലും നിരാശാജനകമാണ്. വളരെ നിസാരമായി കണ്ടു കൊണ്ട് തയ്യാറാക്കിയ നിര്‍ദേശങ്ങളാണ്. വായിച്ചാല്‍ മനസിലാകും. സര്‍ക്കാര്‍ ഒരുപാട് സമയമെടുത്ത് തയ്യാറാക്കിയ റിപ്പോര്‍ട്ട് ആണിത്. അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതുപോലെ ഇതും പുറത്ത് വിടണം,' ഡബ്ല്യുസിസി പ്രതിനിധി പത്മപ്രിയ പറഞ്ഞു.