ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം; ജനുവരി 20നകം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം; ജനുവരി 20നകം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി

നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ജനുവരി 20നകം സമര്‍പ്പിക്കണമെന്ന് വിചാരണ കോടതി. വിചാരണ നിര്‍ത്തിവെക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം അടക്കം പരിഗണിക്കുന്നതിനായി കേസ് 20ലേക്ക് മാറ്റി.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സമഗ്രമായ തുടരന്വേഷണം ആവശ്യമാണ്, അതിനാല്‍ നിലവില്‍ നടക്കുന്ന വിചാരണ നിര്‍ത്തിവെക്കണമെന്നായിരുന്നു എറണാകുളത്തെ സ്‌പെഷ്യല്‍ കോടതിയോട് പ്രോസിക്യൂഷന്റെ ആവശ്യം.

വിചാരണ തുടരണമെന്ന് നടന്‍ ദിലീപിന്റെ അഭിഭാഷകരും ആവശ്യപ്പെട്ടു. ഇതോടെയാണ് കേസ് പരിഗണിക്കുന്നത് 20 ലേക്ക് മാറ്റിയത്.

ബാലചന്ദ്രകുമാറിന്റെ മൊഴി കോടതിയില്‍ സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രോസിക്യൂഷന് വേണ്ടി ആരും ഇന്ന് കോടതിയില്‍ ഹാജരായില്ല. നിലവിലുള്ള പ്രോസിക്യൂട്ടര്‍ രാജിവെച്ച സാഹചര്യത്തില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിന് കോടതി 20 വരെ സമയം നല്‍കി. അഭിഭാഷകരുടെ ആവശ്യത്തെ തുടര്‍ന്ന് പള്‍സര്‍ സുനിയേയും ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.

The Cue
www.thecue.in