നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങള്‍ ചോര്‍ന്നത് പരിശോധിക്കണമെന്ന ആവശ്യം വിചാരണ കോടതി തള്ളി

നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങള്‍ ചോര്‍ന്നത് പരിശോധിക്കണമെന്ന ആവശ്യം വിചാരണ കോടതി തള്ളി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങള്‍ ചോര്‍ന്നത് പരിശോധിക്കണമെന്ന പ്രോസിക്യൂഷന്‍ വാദം വിചാരണ കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് പറഞ്ഞാണ് ആവശ്യം കോടതി തള്ളിയത്. ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ മുന്‍പ് ഫോറന്‍സിക് പരിശോധന നടത്തിയിട്ടുണ്ടെന്ന് പറഞ്ഞ കോടതി അതില്‍ കൂടുതലായി പരിശോധിക്കേണ്ടതിന്റെ ആവശ്യമെന്തെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിട്ടില്ലെന്നും പറഞ്ഞു.

മെമ്മറി കാര്‍ഡ് പരിശോധിക്കണം എന്ന ആവശ്യത്തില്‍ സ്പഷ്ടത വരുത്താന്‍ പ്രോസിക്യൂഷന്‍ തയ്യാറായിട്ടില്ല എന്ന ഹണി എം. വര്‍ഗീസിന്റെ വിധിയില്‍ പറയുന്നു. മെയ് 9 നേ ഈ ആവശ്യം തള്ളിയതാണെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് അയച്ചിരുന്നതാണ്. എന്തുകൊണ്ട് അത് കൈപ്പറ്റിയില്ലെന്നും കോടതി ചോദിച്ചു.

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് മറച്ചുവെച്ച് ജഡ്ജി പ്രതികളെ സഹായിച്ചുവെന്ന് അതിജീവിത നേരത്തെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഫൊറന്‍സിക് ലാബില്‍ നിന്ന് മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതിനെ സംബന്ധിച്ച് വിചാരണ കോടതി ജഡ്ജിയെ ഔദ്യോഗികമായി അറിയിച്ചിരുന്നു. എന്നാല്‍ ഹാഷ് വാല്യുവില്‍ മാറ്റം വന്ന റിപ്പോര്‍ട്ട് വെളിപ്പെടുത്താത്ത വിചാരണ കോടതി ജഡ്ജിയുടെ നടപടി ഗൗരവതരമായ വീഴ്ചയാണെന്നും അതിജീവിത ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

അതിജീവിത ഹര്‍ജിയില്‍ പറഞ്ഞത്

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു അനധികൃതമായി അത് ആക്സസ് ചെയ്യാന്‍ ശ്രമിക്കുന്ന സമയത്തോ, നശിപ്പിക്കാന്‍ ശ്രമിക്കുന്ന സമയത്തോ, മറ്റേതെങ്കിലും ഡിവൈസിലേക്ക് മാറ്റാന്‍ ശ്രമിക്കുന്ന സമയത്തോ ആണ് മാറുക എന്നിരിക്കെ, കോടതിയുടെ സംരക്ഷണത്തിലുള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്ന വിവരം ജഡ്ജിയെ അറിയിച്ചിട്ടും അവര്‍ അത് മറച്ചു വെക്കുകയായിരുന്നു.

ഈ മെമ്മറി കാര്‍ഡില്‍ താന്‍ നേരിട്ട മനുഷ്യത്വ രഹിതമായ അതിക്രമത്തിന്റെ ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. കുറ്റവാളിയെ സംരക്ഷിക്കാനാണ് ഇത്തരത്തില്‍ വിവരം മറച്ചുവെച്ചത്.

വിചാരണയുടെ സമയത്ത് പോലും എഫ്.എസ്.എല്‍ അതോറിറ്റിയില്‍ നിന്നും ഹാഷ് വാല്യു മാറിയ വിവരം അറിയിച്ചിട്ടും ജഡ്ജി ഇത് പറഞ്ഞിരുന്നില്ല.

Related Stories

No stories found.
logo
The Cue
www.thecue.in