news n views

പാവങ്ങള്‍ക്ക് പത്തു പൈസ കൊടുക്കാത്ത സമീപനം രാജ്യത്തെ സമ്പൂര്‍ണ തകര്‍ച്ചയിലെത്തിക്കും, പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ തോമസ് ഐസക്

കോവിഡ് സമൂഹ വ്യാപനം തടയാന്‍ മാര്‍ച്ച് 24 അര്‍ദ്ധരാത്രി മുതല്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡി അപ്രതീക്ഷിതമായി ജീവിതം സ്തംഭിച്ചുപോയ പാവങ്ങളെ മറന്നെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പാവങ്ങള്‍ക്ക് പത്തു പൈസ കൊടുക്കാന്‍ മനസില്ലാത്ത ഈ സമീപനം രാജ്യത്തെ സമ്പൂര്‍ണ തകര്‍ച്ചയിലേയ്ക്കു കൊണ്ടുപോകുമെന്നും ഈ നയം തിരുത്താന്‍ ആവശ്യമായ സമ്മര്‍ദ്ദം രാജ്യവ്യാപകമായി ഉയര്‍ന്നുവരണമെന്നും തോമസ് ഐസക്ക്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തോമസ് ഐസക്കിന്റെ കുറിപ്പ്

അപ്രതീക്ഷിതമായി ജീവിതം സ്തംഭിച്ചുപോയ പാവങ്ങള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയില്‍ നിന്ന് എന്തെങ്കിലും ആശ്വാസം പ്രതീക്ഷിച്ചത് വെറുതെയായി. മൂന്നാഴ്ചക്കാലം ഒരു ജോലിയ്ക്കും പോകാനാവാതെ വീട്ടില്‍ തളച്ചിടപ്പെട്ട കോടിക്കണക്കിന് ദിവസക്കൂലിക്കാര്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഒരു ദയയുമില്ല. അവരെങ്ങനെ ഭക്ഷണം കഴിക്കുമെന്നോ ജീവിതം നിലനിര്‍ത്തുമെന്നോ ഒരു വേവലാതിയും കേന്ദ്രം ഭരിക്കുന്നവര്‍ക്കില്ല.

പകര്‍ച്ചവ്യാധിയെ നേരിടാന്‍ ലോക്‌ഡൌണ്‍ അനിവാര്യമാണ്. എത്രത്തോളം ദിവസം പുറത്തിറങ്ങാതെ കഴിയാമോ, അത്രയും പകര്‍ച്ചവ്യാധിയുടെ വ്യാപ്തിയും കുറയും. അക്കാര്യത്തിലൊന്നും ആര്‍ക്കും അഭിപ്രായവ്യത്യാസമില്ല. നേരത്തെ എഴു ജില്ലകളിലാണ് ലോക്‌ഡൌണ്‍ ചെയ്യാന്‍ കേന്ദ്രം ആവശ്യപ്പെട്ടത്. എന്നാല്‍, എല്ലാ ജില്ലകളിലും അത് വ്യാപിപ്പിച്ച് കേരളം ആ ആശയത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

കൊറോണയെ തടയണമെങ്കില്‍ അതു പടരുന്ന വഴികള്‍ തകര്‍ക്കുകയാണു ചെയ്യേണ്ടതെന്നും സാമൂഹിക അകലം പാലിക്കുകയെന്നത് ഓരോ പൗരനും ബാധകമാണെന്നും. കുടുംബത്തിലെ എല്ലാവരും ഇതു പിന്തുടരണമെന്നുമുള്ള പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ കേരളവും സര്‍വാത്മനാ പിന്തുണയ്ക്കുന്നു. കൊറോണയെ നേരിടാന്‍ മറ്റു വഴികളില്ല. രോഗികള്‍ മാത്രമല്ല സാമൂഹിക അകലം പാലിക്കേണ്ടത്. ഈ ഘട്ടം അതിജീവിക്കേണ്ടത് ഓരോ പൌരന്റെയും ചുമതലയാകുമ്പോള്‍ മാത്രമാണ് വൈറസ് ഭീതിയില്‍ നിന്ന് രാജ്യം മുക്തമാവുക.

എന്നാല്‍ സമ്പൂര്‍ണ ലോക്‌ഡൌണിന്റെ മൂന്നാഴ്ചക്കാലം അന്നന്നത്തെ വരുമാനം കൊണ്ട് ജീവിക്കുന്നവര്‍ എങ്ങനെ അതിജീവിക്കണമെന്നതു കൂടി സര്‍ക്കാരിന്റെ ആലോചനാവിഷയമാകണം. കേരളം ദീര്‍ഘവീക്ഷണത്തോടെ ഇക്കാര്യത്തില്‍ ക്രിയാത്മകമായ പദ്ധതി തയ്യാറാക്കി. അത്യാവശ്യമൊരു തുക ജനങ്ങളുടെ കൈകളിലെത്തിക്കാന്‍ നടപടിയും തുടങ്ങി.

ഇക്കാര്യത്തില്‍ കേന്ദ്രം എന്താണ് ചെയ്യാന്‍ പോകുന്നത്. കേന്ദ്രധനമന്ത്രിയുടെ പത്രസമ്മേളനത്തില്‍ കാര്യമായൊന്നും പറയാതിരുന്നപ്പോള്‍ എല്ലാവരും പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് കാതോര്‍ത്തു. വലിയൊരു ആശ്വാസപദ്ധതി തങ്ങള്‍ക്കായി ഒരുങ്ങുന്നുണ്ടെന്ന് ചിലരെങ്കിലും കിനാവു കണ്ടു കാണും. ഒരു വാചകം ഇതേക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞില്ല. പാവപ്പെട്ടവന്റെ ഇത്തരം പ്രതീക്ഷകളെ ക്രൂരമായ നിസംഗതയോടെ അവഗണിക്കാന്‍ അധികാരം പ്രയോഗിക്കുന്നതിലാണോ നമ്മുടെ പ്രധാനമന്ത്രിയടക്കമുള്ളവര്‍ ആനന്ദം കണ്ടെത്തുന്നത്. ഈ സാഡിസമാണ് കൊറോണയെക്കാള്‍ രാജ്യത്തിന് മാരകമാവുക എന്ന് പറയേണ്ടി വന്നതില്‍ ഖേദിക്കുന്നു. ഇന്ത്യയിലെ ആരോഗ്യ ബജറ്റിലേയ്ക്ക് 15000 കോടി രൂപ കൂടുതലായി അനുവദിക്കുമെന്നാണോ പ്രധാനമന്ത്രി പറഞ്ഞത്? അതോ ബജറ്റില്‍ നിന്ന് അനുവദിക്കുമോ എന്നുപോലും വ്യക്തമല്ല. എന്‍എച്ച്എമ്മിന്റെ വിഹിതം വര്‍ദ്ധിപ്പിക്കുമോ, സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുമോ, സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വായ്പയെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കുമോ.. ഇതൊന്നും കേന്ദ്ര ഭരണാധികാരികളുടെ ആലോചനയില്‍പ്പോലുമില്ല.

Also Read: ‘ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു’; വീഡിയോ കോളിലൂടെ നിക്കാഹ് നടത്തി വധുവും വരനും 

പകര്‍ച്ചവ്യാധിയുടെ പിടിയിലായ ഏതാണ്ടെല്ലാ രാജ്യങ്ങളും സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ചു. അമേരിക്ക പ്രഖ്യാപിക്കാന്‍ പോകുന്നത് ഏതാണ്ട് 80 ലക്ഷം കോടി രൂപയുടെ പാക്കേജാണ്. ഇതുപോലെ ഓരോ രാജ്യങ്ങളും ഭീമമായ തുകകള്‍ പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴാണ് ഒരു സാമ്പത്തിക സഹായവും പാവങ്ങള്‍ക്കു നല്‍കാതെ ഇന്ത്യ മൂന്നാഴ്ചത്തെ ലോക്‌ഡൌണിലേയ്ക്കു പോകുന്നത്. ഇക്കാര്യങ്ങള്‍ ആലോചിക്കാന്‍ കമ്മിറ്റിയുണ്ടാക്കിയിട്ടുണ്ട് എന്നാണ് കേള്‍ക്കുന്നത്. കോര്‍പറേറ്റുകള്‍ക്ക് ഒന്നര ലക്ഷം കോടിയുടെ ഇളവുകള്‍ പ്രഖ്യാപിച്ചത് ഏതു കമ്മിറ്റിയില്‍ ആലോചിച്ചിട്ടാണ്? ഒരു കമ്മിറ്റിയും ആലോചിച്ചിട്ടില്ല. ജീവിതത്തില്‍ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന പാവങ്ങള്‍ക്ക് സഹായം കൊടുക്കാന്‍ കമ്മിറ്റിയും ആലോചനകളും ചര്‍ച്ചകളും.

പാവങ്ങള്‍ക്ക് പത്തു പൈസ കൊടുക്കാന്‍ മനസില്ലാത്ത ഈ സമീപനം രാജ്യത്തെ സമ്പൂര്‍ണ തകര്‍ച്ചയിലേയ്ക്കു കൊണ്ടുപോകും. ഈ നയം തിരുത്തിയേ മതിയാകൂ. അതിനാവശ്യമായ സമ്മര്‍ദ്ദം രാജ്യവ്യാപകമായി ഉയര്‍ന്നുവരണം.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം