തീവ്ര രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയത് പാറ തുരക്കാനെടുത്ത കാലതാമസം; സുജിത്തിന്റെ മൃതദേഹം പുറത്തെടുക്കാനായത് ഘട്ടം ഘട്ടമായി 

 തീവ്ര രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയത് പാറ തുരക്കാനെടുത്ത കാലതാമസം; സുജിത്തിന്റെ മൃതദേഹം പുറത്തെടുക്കാനായത് ഘട്ടം ഘട്ടമായി 

തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ കിണറില്‍ വീണ രണ്ടുവയസ്സുകാരന്‍ സുജിത് വിത്സണിന്റെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയത് സമാന്തര കുഴിയെടുക്കുന്നതിനെ പാറ തുരക്കാനെടുത്ത കാലതാമസം. തിങ്കളാഴ്ച രാത്രി 10.30 ഓടെ കുഴല്‍ കിണറില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ 4.25 ഓടുകൂടിയാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാനായത്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ കുഞ്ഞ് വീണ്ടും ആറടി താഴ്ചയിലേക്ക് വീണു. ശേഷം മൃതദേഹഭാഗങ്ങള്‍ ഘട്ടം ഘട്ടമായി പുറത്തെടുക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കി.

മരണം സ്ഥിരീകരിച്ചതോടെ സമാന്തര കുഴിയെടുക്കുന്നത് നിര്‍ത്തിവെച്ച് കുഴല്‍കിണറിലൂടെ തന്നെ കുട്ടിയുടെ മൃതദേഹം പുറത്തെത്തിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് സമാന്തര കുഴിയുണ്ടാക്കി തിരശ്ചീനമായി തുരങ്കമുണ്ടാക്കി കുട്ടിയെ രക്ഷിക്കാന്‍ തീരുമാനിച്ചത്. റിഗ് മെഷീന്‍ എത്തിച്ചായിരുന്നു കുഴിയെടുക്കല്‍. എന്നാല്‍ 20 അടിയെത്തിയപ്പോള്‍ പാറയായി. 35 അടി വരെയെത്തിയപ്പോള്‍ പാറ കടുത്തു. ഇതോടെ 3 ഇരട്ടി ശക്തിയോടെ കുഴിക്കാന്‍ സാധിക്കുന്ന മറ്റൊരു റിഗ് മെഷീന്‍ എത്തിച്ചു. പക്ഷേ മണിക്കൂറില്‍ പത്ത് അടി കുഴിക്കാന്‍ സാധിക്കുന്ന യന്ത്രം കൊണ്ട് അത്രയും സമയത്തിനുള്ളില്‍ മൂന്നടി മാത്രമാണ് തുരക്കാനായത്. ഇടക്കിടെ മഴ പെയ്തതും രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാക്കി.

ഒടുവില്‍, എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ 250 സേനാംഗങ്ങളുടെ നാലരദിവസം നീണ്ട പരിശ്രമങ്ങള്‍ വിഫലായി. കുഴല്‍ കിണറില്‍ നിന്ന് മൃതദേഹം അഴുകിയ ഗന്ധം വന്നതോടെ പരിശോധന നടത്തി. ഇതോടെ കുട്ടി മരണപ്പെട്ടതായി സ്ഥിരീകരിച്ചു. മൃതദേഹം അഴുകിത്തുടങ്ങിയ നിലയിലാണെന്ന് തമിഴ്‌നാട് റവന്യു സെക്രട്ടറി ജി രാധാകൃഷ്ണന്‍ അറിയിച്ചു. തിരുച്ചിറപ്പള്ളിയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ മണപ്പാറയിലെ നാടുകാടുപ്പട്ടി ഗ്രാമത്തിലാണ് സംഭവം. ബ്രിട്ടോ- കലൈമേരി ദമ്പതിമാരുടെ മകന്‍ വെള്ളിയാഴ്ച വൈകീട്ട് 5.40 നാണ്, മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ സമീപത്തെ കുഴല്‍കിണറില്‍ വീണത്. ആദ്യം 25 അടിയിലായിരുന്ന കുട്ടി രക്ഷാപ്രവര്‍ത്തനത്തിനിടെ 92 അടിയിലേക്ക് വീഴുകയായിരുന്നു. 600 അടിയാണ് കുഴല്‍കിണറിന്റെ ആഴം.

AD
No stories found.
The Cue
www.thecue.in